തിരുവനന്തപുരം: കേരളം ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കൈയില്‍ ഉണ്ടായ മണ്ണിടിച്ചില്‍. നാനൂറിലേറെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഒറ്റയടിക്ക് മണ്ണടിഞ്ഞു പോയ ആ നാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളം ഒരുമിക്കുന്ന കാഴ്ച്ചയും ആദ്യഘട്ടത്തില്‍ കണ്ടു. ആദ്യഘട്ടത്തില്‍ ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റി അവര്‍ക്ക് അടിയന്തര സഹായമായി പതിനായിരം രൂപ കൈമാറുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. മറ്റു കാര്യങ്ങള്‍ വേഗത്തിലാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

എന്നാല്‍, പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തല്‍ അന്തിമഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദുരന്തം സംഭവിച്ച സ്ഥലത്തോട് ചേര്‍ന്ന് താമസിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് കല്‍പ്പറ്റയില്‍ വീടൊരുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കല്‍പറ്റ ബൈപ്പാസിനോട് ചേര്‍ന്നുള്ള 175 ഏക്കറുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റാണ് കണ്ടെത്തിയതില്‍ ഒരു സ്ഥലം. എന്നാല്‍, ഇത് ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മേപ്പാടിയിലെ മറ്റൊരു എസ്റ്റേറ്റിലും പുനരധിവാസം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഈ നടപടികള്‍ വേഗത്തിലാകുന്നില്ലെന്ന വിമര്‍ശനം ഒരു കോണില്‍ ഉയരുന്നുണ്ട്.

ഇതിനിടെ വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചത്. കേരളം പ്രകൃതിദുരന്തത്തിന്റെ നാടായി മാറുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതോടൊപ്പം വയനാടിന്റ പുനരധിവാസത്തിന് 1200 കോടി വേണ്ടി വരുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും വീട് നഷ്ട്ടമായവരുടെയും ലിസ്റ്റ് പറഞ്ഞപ്പോള്‍. ഇതിന് മുന്‍പ് പറഞ്ഞതും കേന്ദ്രത്തിന് എഴുതിയതുമായ കണക്കില്‍ ഒരുപാട് കുറവ് വന്നിട്ടുണ്ട്. ഇവിടെ 1200 കോടി പുനരധിവാസത്തിന് വേണ്ടി വരില്ലന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ദുരനതമുണ്ടായപ്പോള്‍ നിരവധി ബിസിനസുകാരും സന്നദ്ധസംഘടരൊക്കെ വീട് അടക്കം ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ വരെ പുനരധിവാസ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ദുരിതബാധിതരെ പുനരധിവസിപപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ മാത്രം 400 കോടി ഇതിനോടകം എത്തി കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാനം പുനരധിവാസം വേഗത്തിലാക്കുകയാണ് വേണ്ടത്.

ഇതിനിടെ വയനാട്ടിലെ ദുരിതബാധിതരുടെ അവസ്ഥ അതിദയനീയമാണ്. പതിനായിരം രൂപ വീതം സര്‍ക്കാര്‍ എല്ലാവര്‍ക്കും കൊടുത്തത് അല്ലാതെ കാര്യമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വാടകയായി മാസം 6000 രൂപ വീതം കൊടുക്കാമെന്ന് പറഞ്ഞുവെന്ന് മാത്രം. ഇതിനിടെ ദുരിത ബാധിതരുടെ ജീവിതം വീണ്ടും ദുരിതത്തിലോട്ട് പോകുന്ന അവസ്ഥയാണോ ഉള്ളതെന്ന ആശങ്ക പോലുമുണ്ട്. അങ്ങനെ ദുരിതം ബാധിച്ചവരെ സഹായിക്കാന്‍ മറുനാടന്‍ മലായളി രംഗത്തുവരികയാണ്. ദുരിത ബാധിത പ്രദേശങ്ങള്‍ നേരിട്ട് പോയി കണ്ട് അവരുടെ അവസ്ഥ മനസിലാക്കിയാണ് 'മറുനാടന്‍' സഹായ ഹസ്തവുമായി രംഗത്തുവന്നത്.


മുണ്ടക്കൈയിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ വേണ്ടി ഒരു മാസം നീണ്ട ക്യാബെയ്നില്‍ ഒരു കോടിയിലധികം രൂപയാണ് മറുനാടന്‍ മുന്‍കൈയെടുത്ത് ശേഖരിച്ചത്. തികച്ചും സുതാര്യമായാണ് മറുനാടന് ഫണ്ട് ശേഖരണം നടത്തിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴിയാണ് പ്രധാനമായും പണം പിരിച്ചത്. ഇതുവഴി, ബ്രിട്ടനിലെ മലയാളികളില്‍ നിന്നും ശേഖരിച്ച 71 ലക്ഷത്തിനൊപ്പം തിരുവനന്തപുരം പൂവാറിലെ സന്നദ്ധസംഘടനയായ ശാന്തിഗ്രാമുമായും സഹകരിച്ചു. ഇവരുടെ അക്കൗണ്ടില്‍ എത്തി 35 ലക്ഷം രൂപയും ചേര്‍ന്നപ്പോള്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയുളള നന്മ വളര്‍ന്നത് ഒരു കോടി രൂപക്ക് മുകളിലേക്കാണ്.

ഈ പണം അര്‍ഹതപെട്ടവരിലേക്ക് എത്തിക്കുമെന്നതാണ് മറുനാടന്‍ നല്‍കിയ ഉറപ്പ്. ആ ഘട്ടത്തിലേക്കാണ് ഇനി കടക്കുന്നത്. ദുരിത ബാധിതരില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ആയിരിക്കും മുന്‍ഗണന. ദുരിത ബാധിത പ്രദേശങ്ങളില്‍ മാതാപിതാക്കള്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ക്കും മറ്റുമായിരിക്കും പ്രധാന മുന്‍ഗണന നല്‍കുക. പ്രാഥമിക അപേക്ഷകള്‍ ഒക്കെ സ്വീകരിച്ച് അന്തിമ പരിശോധനയ്ക്ക് വേണ്ടി ഒരു ഫാക്ട് ഫൈന്‍ഡിങ് ടീം ശനിയാഴ്ചയും ഞായറാഴ്ചയും ദുരിതബാധിത മേഖലയായ ചൂരല്‍മലയും മുണ്ടകൈയുമെല്ലാം സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്.

മറുനാടന്‍ മലയാളി ചാനലിലെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയൊടൊപ്പം തിരുവനന്തപുരത്തെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. പുഞ്ചക്കരി ജി രവീന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീ സാബു ചുണ്ടക്കാട്ടില്‍, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് പറമ്പന്‍, ഈ സംഘടനയുടെ തന്നെ സംസ്ഥാന സെക്രട്ടറി പ്രെഫസര്‍ കബീര്‍, ശാന്തിഗ്രാം ഡയറക്ടര്‍ എല്‍ പങ്കജാക്ഷന്‍, സമരിയ മിനിസ്ട്രി ചെയര്‍മാന്‍ മനോജ് തുടങ്ങിയവരാണ് ഫാക്ട് ഫൈന്‍ഡിങ് ടീമില്‍ ഉള്ളത്. ഇവര്‍ രണ്ടുദിവസം ദുരിത ബാധിത സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ച് അവിടെയുള്ള ആളുകളുമായി ഇടപഴകി അവിടെ ഇപ്പോഴും നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയാണ്.

അതുപ്പോലെ മറുനാടന്‍ നല്‍കുന്ന ഈ ചാരിറ്റി ഫണ്ട് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നുണ്ടോ എന്ന് നോക്കാനും പ്രത്യക ടീമിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഈ ക്യാമ്പയിനുമായി മറുനാടന്‍ ഉണ്ടായിരുന്നു. അതിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം വരുന്നത്. അതില്‍ ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നു. മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കുന്നു എന്നായിരുന്നു പ്രസ്താവന. 10 ലക്ഷം രൂപ പിതാവ് ഇല്ലാത്ത ആറ് പേര്‍ക്കും അമ്മയോ അച്ഛനോ നഷ്ടപ്പെട്ട 7 പേര്‍ക്ക് 5 ലക്ഷം രൂപ നല്‍കാനും തീരുമാനം ഉണ്ടായി.

അതായത് പതിനൊന്ന് പേര്‍ക്കാണ് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. പക്ഷെ മറുനാടന്റെ ചാരിറ്റി കണക്കില്‍ കൂടുതല്‍ പേര്‍ ഉണ്ട്. ഏകദേശം 21 ഓളം പേര്‍ ഉണ്ടെന്നാണ് വിവരം. ഇതിലൂടെ ഒരു കാര്യം വ്യക്തമാണ് ചിലപ്പോള്‍ മറുനാടന്റെ ചാരിറ്റി പ്രവര്‍ത്തനം മുന്നില്‍ കണ്ടാകാം സര്‍ക്കാര്‍ ഇപ്പോള്‍ ദുരിത ബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പെട്ടെന്ന് ഇങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടാകാനുള്ള കാര്യം ഇല്ല. ഒരു കോടി രൂപ സമാഹരിക്കുമെന്നും ദുരിതമേഖലയില്‍ മാതാപിതാക്കള്‍ നഷ്ടമായ കുരുന്നുകള്‍ക്ക് നല്കുമെന്നും ആദ്യം തന്നെ പ്രഖ്യാപിച്ചു കൊണ്ടാണ് മറുനാടന്‍ ഒരുമാസം നീണ്ട ഫണ്ട് സമാഹരണം നടത്തിയത്. ഇത് അധികൃതരുടെയും ശ്രദ്ധയില്‍പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

എന്തായാലും സര്‍ക്കാരിന് അവരെ സഹായിക്കാന്‍ മനസ് വന്നതില്‍ മറുനാടനും വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌ക്‌റിയ വ്യക്തമാക്കിയത്. മറുനാടന്റെ ചാരിറ്റി ക്യാമ്പയിന്‍ മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിച്ചെങ്കില്‍ അത് നല്ലകാര്യമാണ്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന് അതിന് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.