മിനിയാപൊളിസ്: മിനിയാപൊളിസിൽ നിന്ന് ന്യൂവാർക്കിലേക്ക് പുറപ്പെട്ട സൺ കൺട്രി എയർലൈൻസ് വിമാനത്തിൽ മുഖംമൂടി ധരിച്ച യാത്രക്കാരൻ നടത്തിയ അസാധാരണമായ പെരുമാറ്റത്തെ തുടർന്ന് വിമാനം അടിയന്തരമായി ചിക്കാഗോയിൽ ഇറക്കി. ഒക്ടോബർ 3-നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് യാത്രക്കാരൻ വിചിത്രമായി പെരുമാറാൻ തുടങ്ങിയത്. ഏകദേശം 15 മുഖംമൂടികൾ ധരിച്ച ഇയാൾ, സ്വവർഗ്ഗാനുരാഗികൾ തനിക്ക് 'കാൻസർ' നൽകിയെന്ന് ആരോപിച്ച് ബഹളം വെക്കുകയും അസഭ്യം പറയുകയുമായിരുന്നു. താൻ ഇരിക്കുന്നതിന് സമീപം സ്വവർഗ്ഗാനുരാഗികൾ അടുത്തിടപഴകിയെന്നും അവർ റേഡിയേഷൻ നൽകിയെന്നും ഇയാൾ ആരോപിച്ചു. കൂടാതെ, "ട്രംപ് ഇവിടെയുണ്ട്" എന്ന് അലറിവിളിച്ചതായും വിമാനം താഴേക്ക് പതിക്കുമെന്നും ഇടയ്ക്ക് പറഞ്ഞതായും യാത്രക്കാർ അറിയിച്ചു.

യാത്രക്കാരന്റെ ഈ പെരുമാറ്റം മറ്റ് യാത്രക്കാരിൽ വലിയ ആശയക്കുഴപ്പവും അസ്വസ്ഥതയും ഉളവാക്കിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതുവരെ ശാന്തനായിരുന്ന ഇയാൾ പെട്ടെന്ന് അലറി വിളിക്കാൻ തുടങ്ങിയതായി യാത്രക്കാരനായ സെത്ത് ഇവാൻസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

ചിക്കാഗോ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത ശേഷം, ചിക്കാഗോ പോലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിന് യാതൊരു കേടുപാടുകളും സംഭവിക്കാതെ സുരക്ഷിതമായി ലാൻഡ് ചെയ്തതായും, സംശയാസ്പദനായ യാത്രക്കാരനെ പോലീസിന് കൈമാറിയതായും എയർലൈൻ അധികൃതർ അറിയിച്ചു. യാത്ര തടസ്സപ്പെട്ട സമയത്ത് സഹകരിച്ച യാത്രക്കാരെ എയർലൈൻ അഭിനന്ദിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.