- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബദൂവിയന്‍ സുന്നികളുടെ കണ്ണില്‍ ഡ്രൂസ് വിഭാഗം കാഫിറുകള്‍; കൊന്നൊടുക്കാന്‍ ഐഎസ്ഐഎസ്, അല്‍ഖായിദ, തഹ്രീര്‍ അല്‍-ഷാം എന്നീ തീവ്രവാദ സംഘടനകളുടെ പിന്തുണ; ചോര ചിന്തുന്നത് ഇസ്ലാമിലെ രണ്ട് ആഴ്വാന്തര വിഭാഗങ്ങള്‍; സിറിയയില്‍ വീണ്ടും ന്യൂനപക്ഷങ്ങളുടെ കൂട്ടക്കൊല
സിറിയയില്‍ വീണ്ടും ന്യൂനപക്ഷങ്ങളുടെ കൂട്ടക്കൊല
ഇസ്ലാമിലെ രണ്ട് ആഴ്വാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള പോര് സിറിയയെ വീണ്ടും രക്ത രൂക്ഷിതമാക്കുന്നു. ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെ സമാധാനസൂചനകള്‍ കണ്ടുതുടങ്ങിയ സിറിയയില്‍ വീണ്ടും ആഭ്യന്തരസംഘര്‍ഷത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. സ്വെയ്ദ പ്രവിശ്യയില്‍ സുന്നി ഗോത്രവിഭാഗമായ ബെദൂയിനുകളും, മതന്യൂനപക്ഷമായ ഡ്രൂസ് എന്ന ദുറൂസികളും തമ്മില്‍ രണ്ടുദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ നൂറോളം പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 75ഓളം പേര്‍ ഡ്രൂസ് വിഭാഗക്കാരും 25ഓളം പേര്‍ ബെദൂയിനുകളുമാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുടെ സര്‍ക്കാര്‍ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം ഐസിസിന്റെയടക്കം പിന്തുണയോടെ ഡ്രൂസിനെ ഉന്‍മൂലം ചെയ്യാനുള്ള ശ്രമമാണ് സുന്നികളായ ബദുക്കള്‍ ചെയ്യുന്നത് എന്ന് ആക്ഷേപമുണ്ട്. നേരത്തെയും ഇവിടെ നിരവധി ഡ്രൂസ് കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച സ്വെയ്ദയിലെ ഹൈവേയില്‍ ഡ്രൂസ് പച്ചക്കറിക്കച്ചവടക്കാരനെ ബെദൂയിന്‍ ഗോത്രക്കാര്‍ തട്ടിക്കൊണ്ടുപോവുകയും കൊള്ളയടിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. ഹൈവേയില്‍ ബെദൂയിനുകള്‍ സ്ഥാപിച്ച ചെക്ക്പോയിന്റിലായിരുന്നു സംഭവം. പ്രതികാരനടപടിയായി ചില ബെദൂയിനുകളെ ഡ്രുസുകളും തട്ടിക്കൊണ്ടുപോയി. ഇവരെയെല്ലാം വിട്ടയച്ചെങ്കിലും ഇതോടെ സംഘര്‍ഷം പ്രവിശ്യയാകെ വ്യാപിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളുടെയും നേതാക്കളോട് പ്രവിശ്യാ ഗവര്‍ണര്‍ മുസ്തഫ അല്‍ ബക്കുര്‍ വെടിനിര്‍ത്തലിന് ആഹ്വാനംചെയ്തു. ജനങ്ങളോട് സംയമനം പാലിക്കണമെന്നും നിര്‍ദേശിച്ചു.
കൂട്ടക്കൊല നേരത്തെയും
2024 ഡിസംബറിലാണ് വിമതവിപ്ലവത്തിലൂടെ അല്‍ഷാരയുടെ നേതൃത്വത്തില്‍ സുന്നിവിഭാഗക്കാരായ ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച്ടിഎസ്) എന്ന സായുധസംഘടന സിറിയയില്‍ അധികാരം പിടിച്ചത്. അതിനുശേഷം പുതിയ ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്തുമോയെന്ന ആശങ്കയിലാണ് ഡ്രൂസ്. ഐഎസ്ഐഎസ്, അല്‍ഖായിദ, തഹ്രീര്‍ അല്‍-ഷാം എന്നീ തീവ്രവാദ സുന്നി ഭീകര സംഘടനകളാണ് ബെദൂവിയന്‍ മിലിഷ്യകളെ സഹായിക്കുന്നത്. ഏപ്രില്‍-മേയ് മാസങ്ങളിലായി തലസ്ഥാനമായ ഡമാസ്‌കസിലെയും സ്വെയ്ദയിലെയും ദുറൂസി ഭൂരിപക്ഷമേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 100-ലേറെപ്പേര്‍ മരിച്ചിരുന്നു. അന്നത്തെ നടപടിയില്‍ ബെദൂയിനുകള്‍ സൈന്യത്തെ സഹായിച്ചു. മറ്റൊരു ന്യൂനപക്ഷവിഭാഗമായ അലാവൈറ്റുകളെ (അലവികള്‍) ലക്ഷ്യമിട്ട് മാര്‍ച്ചിലുണ്ടായ ആഭ്യന്തരകലാപത്തില്‍ 1700 പേരും മരിച്ചിരുന്നു.
അതിനിടെ ഡ്രൂസിനെ സംരക്ഷിക്കാനും ഇടപെടുന്നത് ഇസ്രയേല്‍ തന്നെയാണ്. ഇപ്പോള്‍ ആക്രമണം ഉണ്ടായ, സ്വെയ്ദ പ്രവിശ്യയില്‍ യുദ്ധടാങ്കുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഡ്രൂസിനെ സംരക്ഷിക്കാനായി സിറിയയിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ഇടപെടുമെന്ന് ഇസ്രയേല്‍ നേരത്തേ മുന്നറിയിപ്പുനല്‍കിയിരുന്നു. 1.52 ലക്ഷം ഡ്രൂസുകളാണ് ഇസ്രയേലിലുള്ളത്. അതില്‍ 24,000 പേര്‍ അധിനിവേശ ഗോലാന്‍ കുന്നുകളിലാണ്. അതില്‍ അഞ്ചുശതമാനത്തില്‍ത്താഴെപ്പേര്‍ക്ക് ഇസ്രയേല്‍ പൗരത്വമുണ്ട്. 1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തിലൂടെയാണ് ഇസ്രയേല്‍ സിറിയയില്‍നിന്ന് ഗോലാന്‍ കുന്നുകള്‍ പിടിച്ചത്. സിറിയയില്‍ എച്ച്ടിഎസിന്റെ വിമതവിപ്ലവമുണ്ടായപ്പോള്‍ ഇവിടെ സേനാവിന്യാസം വര്‍ധിപ്പിച്ചിരുന്നു.
തലമുറകള്‍ നീണ്ട ഗോത്രപ്പക
ഡ്രൂസ് ഗോത്രവിഭാഗം നാടോടികളായ അറബികളാണ്. അല്‍-ഹാക്കിം ബി-അംറില്ലാഹ് എന്ന പ്രവാചകനാണ് ഈ ഗോത്രം സ്ഥാപിച്ചത്. ഫാത്തിമി ഖിലാഫത്ത് ഇസ്ലാമിക പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ വംശപരമ്പരയാണെന്ന് അവകാശപ്പെടുന്ന രാജവംശമാണ്. ഖിലാഫത്തിലെ ആറാം ഖലീഫയും, ഇസ്മായിലി ശിയാ ഇമാമുമാണ് അല്‍-ഹാക്കിം. ഡ്രൂസ് മതവിഭാഗം അയാളെ പ്രവാചകനായി വിശ്വസിക്കുന്നു.
അല്‍-ദറസി എന്ന ഇസ്മായിലി ചിന്തകന്‍ ( ഇസ്മായിലികള്‍ ഷിയാ ഇസ്ലാമിലെ ഒരു പ്രധാന വിഭാഗമാണ്. ജാഫര്‍ അല്‍ സാദിക്കിന്റെ മകന്‍ ഇസ്മായില്‍ ബിന്‍ ജാഫറിനെ അനന്തരാവകാശിയായി അംഗീകരിച്ചവരാണ് ഇവര്‍ ) 11ാം നൂറ്റാണ്ടില്‍ ഫാതിമി ഖലീഫയായ അല്‍-ഹാക്കിം ബി-അംറില്ലാഹ്-നെ പ്രവാചകനായി പ്രഖ്യാപിച്ചു.അദ്ദേഹത്തിന്റെ അനുയായികളെ തുടക്കത്തില്‍ 'ദറാസിയ' എന്നായിരുന്നു വിളിച്ചത്. ചെങ്കടല്‍ മുതല്‍ ആഫ്രിക്കയുടെ അറ്റ്ലാന്റിക് തീരം വരെ വ്യാപിച്ചിരുന്ന വലിയ സാമ്രാജ്യമായിരുന്നു ഇവരുടേത്. പിന്നീട് ഈ പദം 'ഡ്രൂസ്' ആയി രൂപാന്തരപ്പെട്ടു ഇത് പാശ്ചാത്യ ഭാഷകളിലൂടെയും അറബിയിലൂടെയും വ്യത്യസ്തമായി ഉച്ചരിക്കപ്പെട്ടാണ് ഈ രൂപം വന്നത്. ഇവര്‍ ഏക ദൈവ വിശ്വാസികളായ പുനര്‍ ജന്‍മ്മ വിശ്വാസികളാണ്. ദൈവം അല്‍-ഹക്കു, അഥവാ സത്യം എന്ന തത്വ ശാസ്ത്രം ആണന്നു വിശ്വസിക്കുന്നു. മുഹമ്മദിനെ പ്രവാചകനായും, ഖുറാനെ ദൈവ പുസ്തകമായി അംഗീകരിക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിന് റസായില്‍ അല്‍-ഹിക്മ എന്ന പുസ്തകത്തിലാണ് വിശ്വാസം.
റസായില്‍ അല്‍-ഹിക്മ എഴുതിയത് പ്രധാനമായും ഹംസ ഇബ്ന്‍ അലി ഇബ്ന്‍ അഹ്‌മദ്, അല്‍-മുക്താനാ ബഹാ ഉദ്ദീന്‍, ഇസ്മാഈല്‍ അല്‍-താമിമി എന്നിവരാണ്. പിന്നീട് അബ്ദുല്ലാ അല്‍-താനുഖി ഇതെല്ലാം സമാഹരിച്ചു. 11-ാം നൂറ്റാണ്ടിലും, സമാഹരണം 15-ാം നൂറ്റാണ്ടിലുമായി രചന പൂര്‍ത്തീകരിച്ചു. ഈജിപ്ത്, ലബനോണ്‍, സിറിയ, സൗദി അറേബ്യ, യമന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ ഇവര്‍ പ്രബലരായിരുന്നു. കുരിശു യുദ്ധങ്ങളില്‍ പങ്കെടുത്തു. ഒട്ടോമന്‍ ഭരണകാലത്ത് മുഹമ്മദിന്റെ മകള്‍ ഫാത്തിമയുടെ കുടുംബ പാരമ്പര്യം കണക്കിലെടുത്ത് അവര്‍ അധികാരങ്ങള്‍ നല്‍കി. ഇന്ന് മിഡിലീസ്റ്റില്‍ അവര്‍ ന്യൂനപക്ഷമാണ്.
ബദൂവിയന്‍ ഗോത്രാംഗങ്ങള്‍ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. ഇവര്‍ ഏകദൈവ വിശ്വാസവും മുഹമ്മദ് നബിയുടെ പ്രവാചകത്വവും അംഗീകരിക്കുന്നു. ഡ്രൂസ് വിഭാഗത്തെ അവര്‍ കാഫിറുകളായി പരിഗണിക്കുന്നു. അറബ്ബ് വിഭാഗവും, പ്രവാചകന്‍ മുഹമ്മദിന്റെ മകളുടെ വംശപാരമ്പര്യം അവകാശപ്പെടുന്നവര്‍ ആണങ്കിലും മറ്റൊരു പുസ്തകത്തിലും കഥയിലും വിശ്വസിക്കുന്നത് കൊണ്ട് അവരെ കാഫിറായും, ശിര്‍ക്ക് ചെയ്യുന്നവരായും, ശത്രുക്കളായും ബദൂയുവിന്‍ ഗോത്രാംഗങ്ങള്‍ പരിഗണിക്കുന്നു.