- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരൂരില്‍ വിജയ്‌യുടെ ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും വന്‍ദുരന്തം; മൂന്നുകുട്ടികളും 10 സ്തീകളും അടക്കം 30 പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്; ശ്വാസം മുട്ടി കുഴഞ്ഞുവീണ നിരവധി പേര്‍ ആശുപത്രിയില്‍; മരണസംഖ്യ ഉയര്‍ന്നേക്കും; അപകടം വിജയുടെ പ്രസംഗത്തിനിടെ; ദുരന്തമുണ്ടായതോടെ പ്രസംഗം നിര്‍ത്തി മടങ്ങി ടിവികെ നേതാവ്; അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍
വിജയ് യുടെ റാലിയില്‍ വന്‍ദുരന്തം
കരൂര്‍: നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ( ടി വി കെ) കരൂരിലെ റാലിയില്‍ തിക്കും തിരക്കും കാരണം ആളുകള്‍ കുഴഞ്ഞുവീണു. മൂന്നുകുട്ടികളും 10 സ്ത്രീകളും അടക്കം 30 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ തളര്‍ന്നുവീണു. ഇതില്‍ ആറുപേര്‍ കുട്ടികളാണ്. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. അദ്ദേഹം പ്രസംഗം പൂര്‍ത്തിയാക്കാതെ മടങ്ങി.
മൂന്നുകുട്ടികള്‍ ഐസിയുവിലാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍ കരൂരിലേക്ക് തിരിച്ചു. നിരവധി ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കരൂര്‍ കളക്ടര്‍ ഉടന്‍ സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.
റാലിയില്‍ ആള്‍ത്തിരക്കേറിയതോടെ നിരവധിപേര്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ചിലര്‍ തളര്‍ന്നു വീണു. ഇതേത്തുടര്‍ന്നാണ് വിജയ്ക്ക് തന്റെ പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നത്. കാര്യങ്ങള്‍ കൈവിട്ടുപോയതെടെ വിജയ് പൊലീസിന്റെ സഹായം അഭ്യര്‍ഥിക്കുകയും എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് വഴി നല്‍കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.
തിരക്കില്‍ പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഉടനടി വെള്ളം വിതരണം ചെയ്യുകയും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കുകയും ചെയ്തു. ആവശ്യമുള്ളവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. റാലിക്കിടെ ഒരു ഒന്‍പതു വയസ്സുകാരിയെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. കുട്ടിയെ കണ്ടെത്താന്‍ പോലീസിന്റെയും പ്രവര്‍ത്തകരുടെയും സഹായം വിജയ് അഭ്യര്‍ത്ഥിച്ചു.
മുന്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ ലക്ഷ്യമിട്ട് വിജയ് വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് അനിഷ്ട സംഭവം ഉണ്ടായത്. കരൂരില്‍ വിമാനത്താവളം വാഗ്ദാനം ചെയ്ത ശേഷം കേന്ദ്രത്തെ ആശ്രയിക്കുന്ന ഡി.എം.കെ.യുടെ നിലപാടിനെ അദ്ദേഹം പരിഹസിച്ചു. വരുന്ന ആറു മാസത്തിനുള്ളില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വരുമെന്നും വിജയ് പ്രസ്താവിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഈ റാലി.
വിജയ് പറഞ്ഞത്....
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തമിഴ്നാട് വിജില്‍ മുന്നണിയും (ടി.വി.കെ.) ഡി.എം.കെ.യും തമ്മിലാണെന്ന് നടനും ടി.വി.കെ. നേതാവുമായ വിജയ്. ഡി.എം.കെ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂവെന്നും ഡി.എം.കെ.യെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വെറുതെ ഓരോന്ന് പറയുന്നതുപോലെ താന്‍ പറയില്ലെന്ന് വിജയ് വ്യക്തമാക്കി. ജയലളിത പറഞ്ഞ കാര്യങ്ങള്‍ എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ മറന്നുവെന്നും ബി.ജെ.പി.യും എ.ഐ.എ.ഡി.എം.കെ.യും അവസരവാദപരമായ കൂട്ടുകെട്ടിലാണെന്നും അദ്ദേഹം ആരോപിച്ചു. ഡി.എം.കെ.ക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ അന്തര്‍ധാര സജീവമാണെന്നും വിജയ് പറഞ്ഞു. ഡി.എം.കെ. കുടുംബം ബി.ജെ.പി.യുമായി രഹസ്യ ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും അതിനാല്‍ ഡി.എം.കെ.ക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പി.ക്കുള്ള വോട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ തമിഴ്നാടിനു വേണ്ടി എന്താണ് ചെയ്തതെന്ന് വിജയ് ചോദിച്ചു. തന്റെ പാര്‍ട്ടിയായ ടി.വി.കെ. അധികാരത്തില്‍ വരുമ്പോള്‍ അഴിമതിയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടുമെന്നും ഡി.എം.കെ. തമിഴ്നാടിനെ കൊള്ളയടിക്കുമ്പോള്‍ ടി.വി.കെ. സാധാരണക്കാരുടെ ശബ്ദമായി മാറുമെന്നും വിജയ് പറഞ്ഞു.