പാലക്കാട്: അതിര്‍ത്തി കടന്ന് തണ്ണിമത്തന്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടിയതില്‍ അതീവ ജാഗ്രതയോടെ അന്വേഷണം. തമിഴ്‌നാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ പിക്കപ്പ് വാനില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ക്ക് അടിയില്‍ അതീവ രഹസ്യമായാണ് 18,000 ജലാറ്റിന്‍ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളും ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ (48) പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി എട്ടരയോടെ മെഡിക്കല്‍ കോളേജിന് സമീപം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം സാഹസികമായി പിന്തുടര്‍ന്നാണ് പോലീസ് സംഘം വലയിലാക്കിയത്. ടാര്‍പ്പായ ഉപയോഗിച്ച് മൂടിയ വാഹനത്തിനുള്ളില്‍ മുകളില്‍ തണ്ണിമത്തന്‍ ചാക്കുകള്‍ നിരത്തി അതിനു താഴെ 90 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയതോടെ പോലീസ് അതീവ കരുതലിലാണ്. പാറമടകളില്‍ ഉപയോഗിക്കുന്നവയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, രേഖകളില്ലാതെ കടത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

കേന്ദ്ര ഏജന്‍സികളും സംഭവം നിരീക്ഷിച്ചു വരികയാണ്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ലെന്നും വാഹനം നിശ്ചിത സ്ഥലത്ത് എത്തിച്ച ശേഷം മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നുമാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം അറിയാത്ത 'കണ്ണികള്‍' മാത്രമാണെന്ന മൊഴിക്ക് പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തില്‍ പരിശോധന ഊര്‍ജിതമാക്കി. അപകടസാധ്യത കണക്കിലെടുത്ത് അഗ്‌നിരക്ഷാസേനയുടെ സാന്നിധ്യത്തിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച ഫോറന്‍സിക്, ബാലിസ്റ്റിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും.

പാറമടകളിലെ സ്‌ഫോടനത്തിനായാണ് ഇവ കൊണ്ടുവന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇത്രയും വലിയ ശേഖരം അപ്രതീക്ഷിതമായി കൈയ്യില്‍ കിട്ടിയതോടെ അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജന്‍സികള്‍. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നറിയാന്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലെ ക്വാറികളിലേക്കാണ് ഇവ കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ശരിയായ രേഖകളില്ലാതെ രഹസ്യമായി കടത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയം. ഫോറന്‍സിക്, ബാലിസ്റ്റിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. പാലക്കാട് നഗര മധ്യത്തില്‍ ഇത്രയധികം സ്‌ഫോടകവസ്തുക്കള്‍ എത്തിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

തമിഴ്നാട് ധാരാപുരം തുപ്പൂരില്‍ നിന്ന് കൊണ്ടുവന്ന തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയിലാണ് അനധികൃത വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് സ്‌പോടകവസ്തു കടത്തുകാരെ വലയിലാക്കിയത്. ബുധനാഴ്ച രാത്രി 8.30-നാണ് സംഭവം. ടാര്‍പ്പായകൊണ്ട് മൂടിയ നിലയിലായിരുന്നു വാഹനം. മുകളിലുണ്ടായിരുന്ന തണ്ണീര്‍ മത്തന്‍ ചാക്കുകള്‍ പുറത്തേക്ക് മാറ്റിയതോടെയാണ് പെട്ടികളിലായി ഉണ്ടായിരുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇത് മറ്റൊരു ടാര്‍പ്പായകൊണ്ട് മൂടിയിരുന്നു. രണ്ടു മണിക്കൂറോളമെടുത്താണ് പെട്ടികള്‍ വാഹനത്തില്‍നിന്നിറക്കി പരിശോധിച്ചത്.

അപകടസാധ്യത മുന്നില്‍ കണ്ട് പാലക്കാട് അഗ്‌നിരക്ഷാസേനയെ സ്ഥലത്തെത്തിച്ച് സുരക്ഷ ഉറപ്പാക്കിയശേഷമാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കോ തൃശ്ശൂര്‍ ഭാഗത്തേക്കോ സ്‌ഫോടകവസ്തുക്കള്‍ കടത്താനായിരുന്നു ശ്രമമെന്നാണ് പോലീസ് സംശയിക്കുന്നത്. പാറ പൊട്ടിക്കാന്‍ ഇത്തരം സ്‌പോടകവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. അതേസമയം മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും പറയുന്നു.