പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിച്ച് എത്തിയ കൗമാരക്കാരന്റെ ഭാവി വെച്ച് പന്താടി കോന്നി മെഡിക്കല്‍ കോളേജ്. ഒടിഞ്ഞ കൈക്ക് രണ്ടരമാസം നീണ്ട ചികിത്സ നല്‍കിയിട്ടും ഒടുവില്‍ കൈ വളഞ്ഞുപോയെന്ന ഞെട്ടിക്കുന്ന പരാതിയുമായി കോന്നി അരുവാപ്പുലം സ്വദേശിയായ തന്‍സീര്‍ എസ്. (14) എന്ന കുട്ടിയുടെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിചിത്രമായ വിശദീകരണം വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

രണ്ടരമാസത്തെ കാത്തിരിപ്പ്; ഒടുവില്‍ കൈ വളഞ്ഞു!

കഴിഞ്ഞ നവംബറിലാണ് തന്‍സീറിന്റെ ഒടിഞ്ഞ കൈക്ക് കോന്നി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ പ്ലാസ്റ്റര്‍ ഇട്ടു. ഫെബ്രുവരി 2-ന് പ്ലാസ്റ്റര്‍ നീക്കം ചെയ്തപ്പോഴാണ് ഡോക്ടര്‍മാരെയും കുടുംബത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് കുട്ടിയുടെ കൈ വളഞ്ഞുപോയതായി ശ്രദ്ധയില്‍പ്പെട്ടത്. കൃത്യമായ പരിശോധനയോ തുടര്‍ചികിത്സയോ നല്‍കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

സ്വകാര്യ ആശുപത്രിയില്‍ തുണയായി; മെഡിക്കല്‍ കോളേജിന് വീഴ്ച

മെഡിക്കല്‍ കോളേജിലെ അവസ്ഥ കണ്ട് ഭയന്ന കുടുംബം കുട്ടിയെ ഉടന്‍ തന്നെ കോന്നിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് കുട്ടിയുടെ കൈക്ക് വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നു. മെഡിക്കല്‍ കോളേജിലെ പിഴവ് സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെയാണ് ഇപ്പോള്‍ പരിഹരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

സൂപ്രണ്ടിന്റെ വിചിത്രമായ വിശദീകരണം

വിഷയത്തില്‍ വിശദീകരണം തേടിയെത്തിയവരോട് കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഷാജി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ജനരോഷം ഇരട്ടിയാക്കുന്നത്. 'ചികിത്സിച്ചില്ലെങ്കിലും കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു' എന്നായിരുന്നു സൂപ്രണ്ടിന്റെ വിചിത്രമായ വാദം. 'കുട്ടികളുടെ ചില കേസുകളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. ചികിത്സാവേളയിലെ എക്‌സ്-റേ യില്‍ ഉള്‍പ്പെടെ കുഴപ്പമില്ലായിരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചെയ്ത ചികിത്സ മെഡിക്കല്‍ കോളേജിലും ചെയ്യാം എന്ന് ഉറപ്പ് നല്‍കിയതാണ്. പക്ഷേ കുടുംബം സ്വമേധയാ ആശുപത്രി വിട്ട് പോയെന്നും സൂപ്രണ്ട് വിശദീകരിച്ചു.

ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്നും പരിമിതികളുള്ള ആശുപത്രി ശരിയാകാന്‍ ഇനിയും കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സാ പിഴവിനെ നിസ്സാരവല്‍ക്കരിക്കുന്ന സൂപ്രണ്ടിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഉപരോധവും രാഷ്ട്രീയ പ്രതിഷേധവും

സംഭവം പുറത്തുവന്നതോടെ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധവുമായി ഇരച്ചുകയറി. സൂപ്രണ്ടിനെ ഓഫീസിനുള്ളില്‍ ഉപരോധിച്ച പ്രവര്‍ത്തകര്‍, ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനക്കമില്ലെന്ന് കുടുംബം ആരോപിക്കുന്നു.