- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയില്‍ ഭീഷണി ഉയര്‍ത്തി വന്‍ കൊടുങ്കാറ്റ് വരുന്നു; 17 സംസ്ഥാനങ്ങളില്‍ കൊടുങ്കാറ്റ് ഭീതിയില്‍; വെള്ളപ്പൊക്കത്തിനും ഹിമപാതത്തിനും തീപിടുത്തത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്
അമേരിക്കയില്‍ ഭീഷണി ഉയര്‍ത്തി വന്‍ കൊടുങ്കാറ്റ് വരുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഭീഷണി ഉയര്‍ത്തി വന്‍ കൊടുങ്കാറ്റ് വരുന്നു. നൂറ് ദശലക്ഷത്തിലധികം ജനങ്ങളെ കൊടുങ്കാറ്റ് പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. ഇന്ന് മുതല്‍ ഞായറാഴ്ച വരെ ശക്തമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ഹിമപാതത്തിനും തീപിടുത്തത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ കൊടുങ്കാറ്റുകള്‍ അലബാമ, ടെക്സസ്, ലൂസിയാന എന്നിവിടങ്ങളില്‍ നിന്ന് തെക്ക് ഭാഗത്തേക്കും നെബ്രാസ്‌ക, കന്‍സാസ്, ഒക്ലഹോമ എന്നിവിടങ്ങളില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കും വ്യാപിച്ചതിന് ശേഷം രാജ്യത്തിന്റെ മധ്യഭാഗത്ത് കൂടി ഇന്ത്യാന, മിഷിഗണ്‍, മിനസോട്ട, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളിലേക്കും കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഈ മേഖലയുടെ മധ്യ ഭാഗത്തുള്ള സംസ്ഥാനങ്ങളായ അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്, അയോവ, കെന്റക്കി, മിസിസിപ്പി, മിസോറി, ടെന്നസി എന്നിവ ഈ വിനാശകരമായ കൊടുങ്കാറ്റിനെ നേരിടാന്‍ തയ്യാറെടുടുപ്പുകള്‍ നടത്തുകയാണ്. അക്യുവെതര്‍ മുന്നറിയിപ്പ് നല്‍കുന്നത് ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്. വീടുകള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ വരുത്തുന്ന വലിപ്പമുള്ള ആലിപ്പഴം പെയ്യാനുള്ള സാധ്യതയും കൂടുതലാണ്.
മാരകമായ ടൊര്‍ണാഡോ കൊടുങ്കാറ്റുകളുടെ ഭീഷണി അര്‍ക്കന്‍സാസ്, മിസോറി എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസിസിപ്പി എന്നിവയുടെ ചെറിയ ഭാഗങ്ങളും ഇതിന്റെ അപകടമേഖലയിലാണ് എന്നാണ് മുന്നറിയിപ്പ്്. ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച രാവിലെ വരെ രണ്ട് ഡസനിലധികം ടൊര്‍ണാഡോകള്‍ അമേരിക്കയുടെ മധ്യഭാഗത്ത് ആഞ്ഞടിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കൊടുങ്കാറ്റില്‍ നിന്ന് രക്ഷ നേടുന്നതിനായി എല്ലാ വിധ തയ്യാറെടുപ്പുകളും നടത്താന്‍ കാലാവസ്ഥാ വിദഗ്ധര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങള്‍ കരുതി വെയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടെക്സാസിലും ന്യൂ മെക്സിക്കോയിലും തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മൈല്‍ വരെയായി ഉയരാന്‍ സാധ്യതയുണ്ട്. നാളെ കൊടുങ്കാറ്റിന്റെ ഗതി കിഴക്കോട്ട് നീങ്ങുകയും ഇതിന്റെ ഫലമായി ലൂസിയാന, മിസിസിപ്പി, അലബാമ, ടെന്നസി, ഫ്ളോറിഡ എന്നിവിടങ്ങളില്‍ ശക്തമായ തോതില്‍ ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
2025 ലെ ആദ്യത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരിക്കും ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം അമേരിക്കയില്‍ 1,350 മുതല്‍ 1,400 വരെ ടൊര്‍ണാഡോകള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കൊടുങ്കാറ്റ് ഞായറാഴ്ച കിഴക്കന്‍ തീരത്തേക്ക് നീങ്ങുമ്പോള്‍, ഫ്േളാറിഡ മുതല്‍ മസാച്യുസെറ്റ്സ് വരെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും. ജോര്‍ജിയ, കരോലിനാസ്, വിര്‍ജീനിയ, മേരിലാന്‍ഡ്, പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.