- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ നാലുമാസമായി മേഘയുടെ ശമ്പളം മുഴുവനായി അവന് വിഴുങ്ങി; പിച്ച കാശ് പോലെ ആയിരവും അഞ്ഞൂറും മോള്‍ക്ക് കൊടുക്കും; അരലക്ഷം ശമ്പളം കിട്ടിയിട്ടും അവള് പട്ടിണി കിടന്നു; ഗൂഗിള്‍ പേ വഴി മാത്രം കൈമാറിയത് മൂന്നരലക്ഷത്തോളം; ആണ്‍സുഹൃത്തിന്റെ ചതി പഞ്ചപാവമായ മേഘ മറച്ചുവച്ചു; ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ഐബി ഉദ്യോഗസ്ഥന് 'സൈക്കോ വില്ലനോ' ?
ഐബി ഉദ്യോഗസ്ഥന് 'സൈക്കോ വില്ലനോ' ?
പത്തനംതിട്ട: തിരുവനന്തപുരത്ത് ഐ. ബി. ഉദ്യോഗസ്ഥ മേഘ (25) ജീവനൊടുക്കിയതില്‍ സുഹൃത്തിന്റെ ഇടപെടല്‍ വ്യക്തമാക്കുകയാണ് മേഘയുടെ കുടുംബം. മകളുടെ അക്കൗണ്ടില്‍ നിന്നും ശമ്പളം മുഴുവനായി വാങ്ങിയതിന് പുറമെ മകളെ ദുരുപയോഗം ചെയ്തിരുന്നോയെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചു. മേഘയുടെ ബാഗില്‍ നിന്നും മലപ്പുറം ഇടപ്പാള്‍ സ്വദേശിയായ സുകാന്ത് പി. സുരേഷിന്റെ ചിത്രം ലഭിച്ചിരുന്നു. ഇവര്‍ പല തവണ തിരുവനന്തപുരത്തേയ്ക്കും എറണാകുളത്തേയ്ക്കുമൊക്കെ യാത്ര ചെയ്തിരുന്നതായി വ്യക്തമായി.
ഐ. ബിയില്‍ നിന്നും ഒരു മാസത്തെ ശമ്പളം മുഴുവനായി മേഘയ്ക്ക് ലഭിച്ചിരുന്നില്ല. പല ദിവസങ്ങളിലും അവധിയെടുത്തതായും സംശയിക്കുന്നു. കഴിഞ്ഞ നാല് മാസമായി ശമ്പളം മുഴുവനായും സുകാന്ത് അയാളുടെ അക്കൗണ്ടിലേയ്ക്ക് വാങ്ങിയിരുന്നു. പിച്ചക്കാശ് പോലെ ആയിരവും അഞ്ഞൂറുമൊക്കെയായി പണം അയാള്‍ അവള്‍ക്ക് നല്‍കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
താമസ സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിന് പോലും മേഘ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നാണ് ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നത്. കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് കേക്ക് വാങ്ങാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ പണം ഇല്ലായെന്ന് പറഞ്ഞു. കൂട്ടുകാരാണ് കേക്ക് വാങ്ങി നല്‍കിയതെന്ന് വീട്ടിലെത്തിയപ്പോള്‍ അവര്‍ അറിയിച്ചതായി പിതാവ് പറഞ്ഞു.
ബാങ്ക് സ്റ്റേറ്റ്മെന്റില്‍ മേഘയുടെ അക്കൗണ്ടില്‍ നിന്നുള്ള പണം സുകാന്തിന്റെ അക്കൗണ്ടിലേയക്ക് മാറ്റിയതായി കണ്ടെത്തി. ഗൂഗിള്‍ പേയില്‍ നിന്നു മാത്രം മൂന്നര ലക്ഷത്തോളം രൂപയാണ് അയാള്‍ കൈപ്പറ്റിയിരിക്കുന്നത്. അതിനാല്‍ മേഘ ജീവനൊടുക്കാന്‍ കാരണം സുശാന്തിന്റെ ചൂഷണം തന്നെയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇയാളെ പിടികൂടി നിയമത്തിന് മുന്‍പില്‍ കൊണ്ട് വരണമെന്നും ഐ. ബി. ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
എറണാകുളത്ത് ഐ. ബി. സെക്ഷനില്‍ ജോലി ചെയ്യുന്ന സുകാന്തിനെ നിലവില്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മേഘ തിരുവനന്തപുരം ചാക്ക റെയില്‍വേ പാളത്തില്‍ ട്രെയിന് മുന്‍പില്‍ ചാടുന്നതിന് തൊട്ടുമുന്‍പ് വരെ ഫോണില്‍ സംസാരിച്ചിരുന്നത് സുകാന്തുമായി തന്നെയാണെന്ന് വ്യക്തമായി. ഫോണ്‍ പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ വിദഗ്ധരുടെ സഹായത്തോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വരാനുണ്ട്. മേഘയുടെ മരണത്തിന് ഉത്തരവാദി സുകാന്ത് തന്നെയാണെന്ന് ബന്ധുക്കള്‍ പറയുന്നു. മലമ്പുഴ ഐ. ടി. ഐയിലെ അധ്യാപകനായിരുന്ന മധുസൂദനന്റെയും പാലക്കാട് റവന്യൂ വിഭാഗം ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി എന്ന സ്ഥലത്താണ് താമസം. ഏക മകള്‍ അകാലത്തില്‍ നഷ്ടമായതിന്റെ ദുഖത്തില്‍ മനംനൊന്ത് കഴിയുകയാണ് മാതാപിതാക്കള്‍. മാതാവ് ഇപ്പോഴും കരഞ്ഞ് തളര്‍ന്ന് കിടക്കുകയാണ്. മേഘയുടെ സുഹൃത്തുക്കളൃം മാതാപിതാക്കളുടെ ഒപ്പം ജോലി ചെയ്യുന്നവരെല്ലാം സാന്ത്വനിപ്പിക്കുന്നതിനായി വീട്ടില്‍ എത്തുന്നുണ്ട്. മുറിക്കുള്ളില്‍ ജനലരികിലിരുന്ന് മകള്‍ അന്തിയുറങ്ങുന്ന സ്ഥലത്തേയ്ക്ക് നോക്കി എപ്പോഴുമിരിക്കുന്ന അമ്മ നൊമ്പരക്കാഴ്ചയായി മാറുകയാണ്.
ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. മകള്‍ക്ക് വാങ്ങി നല്‍കിയ കാര്‍ എറണാകുളം ടോള്‍ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാര്‍ മോഷണം പോയതാണെന്ന ധാരണയില്‍ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകള്‍ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനന്‍ വിശദമാക്കുന്നത്.
വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെയാണ് സുകാന്ത് പിന്‍മാറിയതെന്നും തനിക്ക് ഐഎഎസ് എടുക്കണമെന്നും പിതാവിന്റെ ചികില്‍സ സംബന്ധമായ കാര്യങ്ങളുണ്ടെന്നുമായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ മാര്‍ച്ച് 24നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. സുകാന്ത് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. അതിന്റെ മനോവിഷമത്തില്‍ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.
മരണദിവസം ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിന് സമീപത്തുകൂടി ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്ന മേഘ പെട്ടെന്നാണ് അതിവേഗത്തില്‍ ട്രാക്കിലേക്ക് ഓടിക്കയറിയത്. ഫോണ്‍വിളി നിര്‍ത്താതെ തന്നെ ട്രാക്കില്‍ തലവച്ചുകിടന്നു, ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമാകുകയും ചെയ്തു. ഐഡി കാര്‍ഡ് കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
രാജസ്ഥാനിലെ ജോധ്പുരില്‍ ട്രെയിനിങിനിടെയാണ് സുകാന്തിനെ മേഘ പരിചയപ്പെട്ടതെന്ന് കുടുംബം പറയുന്നു. മേഘയുടെ മരണത്തിന് ശേഷമാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതെന്നും മധുസൂദനന്‍ വെളിപ്പെടുത്തി.