ആലപ്പുഴ: ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇനി നാലുദിവസം മാത്രം ബാക്കിനിൽക്കെ, കെഎസ്ആർടിസി ബസ് കയറി മെറീന എന്ന യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ എടത്വായിൽ വെച്ചുണ്ടായ അപകടത്തിലാണ് യുവതി മരണപ്പെട്ടത്. റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ. റെജിയുടെയും മേരിക്കുട്ടിയുടെയും മൂത്ത മകളാണ് മെറീന.

ബുധനാഴ്ച രാത്രി എട്ട് മണിയോടുകൂടി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കോളമംഗലം ബ്യുവറേജസ് ഔട്ട്ലെറ്റിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. ഭർത്താവ് ഷാനോ കെ. ശാന്തനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു മെറിന. ഇവരുടെ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് മെറിന റോഡിലേക്ക് തെറിച്ചു വീഴുകയും ബസ് കയറി ഇറങ്ങുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മെറിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ഷാനോ കെ. ശാന്തൻ എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എറണാകുളം മാതാ അമൃതാനന്ദമയി ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നു മെറിന. ഡിസംബർ 14-ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു അവർ. റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്.

ഒരു വർഷം മുൻപ് വിവാഹിതരായ യുവതീയുവാക്കളുടെ ജീവിതത്തിൽ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുണ്ടായ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി.

മെറീനയുടെ മൃതദേഹം നാളെ (ഡിസംബർ 12) രാവിലെ 8 മണി മുതൽ 11 മണി വരെ റാന്നിയിലെ കുടുംബ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി ഭർത്താവിന്റെ വീടായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ എത്തിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2.30ന് തലവടി വെള്ളക്കിണർ ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ വെച്ച് സംസ്കാരം നടക്കും.

ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ മെറിനയുടെ വിയോഗം ഇരുവീട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാനഷ്ടമായി.