- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് ഇല്ലെന്ന വിദേശ മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ തുടരുന്നു; അനിശ്ചിതത്വം തുടരുമ്പോഴും കൊച്ചിയില്‍ ഫണ്ടുണ്ടാക്കലും സ്റ്റേഡിയം പണിയും സജീവം! 'നീലപ്പട' എത്തിയാലും ഇല്ലെങ്കിലും കേരളത്തില്‍ ചിലര്‍ക്ക് കോടികളുടെ നേട്ടം ഉറപ്പ്; അതിവേഗ സ്ഥിരീകരണം അനിവാര്യത; ആരും 'സ്പോണ്സര് ചതിയില്‍' വീഴരുത്
കൊച്ചി: ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ പന്തു കളിക്കാന്‍ വരുന്ന കാര്യം അനിിശ്ചിതത്വം തുടരുന്നതിനിടെയില്‍ ഔദ്യോഗിക അറിയിപ്പുകളുമൊന്നുമില്ല. ഈ സാഹചര്യത്തില്‍ മെസിയെയും ടീമിനെയും വരവേല്‍ക്കാന്‍ 70 കോടി രൂപ ചെലവഴിച്ച് കൊച്ചി സ്റ്റേഡിയം നവീകരിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. ഈ 70 കോടിയിലും പലവിധ സംശയങ്ങളുണ്ട്. ഏതായാലും വലിയ സ്‌പോണ്‍സര്‍ഷിപ്പ് കൊള്ള ഇതിന് പിന്നില്‍ നടക്കുമെന്ന ആശങ്ക ശക്തമാണ്. സംസ്ഥാന സര്‍ക്കാര്‍ ഉടനടി വ്യക്തത വരുത്തിയില്ലെങ്കില്‍ മെസിയുടെ പേരിലും പലരേയും വഞ്ചിക്കാന്‍ സാധ്യതയുണ്ട്. അര്‍ജന്റീനിയന്‍ ടീമില്‍ നിന്നും സ്ഥിരീകരണം വരും വരെ ആരും സ്‌പോണ്‍സറുടെ മോഹന വാഗ്ദാനത്തില്‍ വീഴാതിരിക്കുന്നതാണ് ഉചിതം.
50,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കൊച്ചിയിലെ നവീകരണം എന്നാണ് പറയുന്നത്. മെസിയും അര്‍ജന്റീന ടീമും നവംബര്‍ 15-ന് കൊച്ചിയിലെത്തുമെന്നും, മത്സരത്തിന് മുന്നോടിയായി എ.ആര്‍. റഹ്‌മാന്റെ സംഗീത പരിപാടിയും ഡ്രോണ്‍ ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. നവംബര്‍ 14ന് കോഴിക്കോട്ട് റോഡ് ഷോയും 17ന് കൊച്ചിയില്‍ അര്‍ജന്റീന - ഓസ്‌ട്രേലിയ അന്താരാഷ്ട്ര സൗഹൃദ മത്സരവുമൊക്കെ പ്രഖ്യാപിച്ചാണ് കേരളത്തിലെ പിരിവ്. ഇതിനിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിരുദ്ധ റിപ്പോര്‍ട്ടുകളുമായി എത്തുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. അയ്യായിരം രൂപ മുതല്‍ ടിക്കറ്റ് നിരക്കും പരസ്യപ്പെടുത്തി.
ഫിഫ വിന്‍ഡോയില്‍ വരുന്ന മത്സരങ്ങളുടെ ക്രമം അനുസരിച്ച്, നവംബര്‍ മധ്യത്തില്‍ അര്‍ജന്റീനിയന്‍ ദേശീയ ടീം കളിക്കുന്ന മത്സരങ്ങള്‍ കേരളത്തിലോ ഇന്ത്യയിലോ ഏഷ്യയിലോ പോലുമല്ല. അര്‍ജന്റൈന്‍ മാധ്യമമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, നവംബര്‍ 11 മുതല്‍ 19 വരെയുള്ള ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത് അംഗോളയിലാണ്. ഇതിനു പുറമേ, അര്‍ജന്റീനയുടെ ഷെഡ്യൂളില്‍ ചിലി, ഉറുഗ്വേ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യ സന്ദര്‍ശനമോ ഓസ്‌ട്രേലിയയുമായുള്ള മത്സരമോ എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ല. നേരത്തെ അര്‍ജന്റൈന്‍ പ്രതിനിധികള്‍ സ്റ്റേഡിയം പരിശോധിക്കാന്‍ കൊച്ചിയിലെത്തിയിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ എതിരെ കളിക്കുമെന്ന് പറയുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് പരസ്യമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.
ലയണല്‍ മെസി ഉള്‍പ്പെടുന്ന, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന വാര്‍ത്തകള്‍ സംസ്ഥാനത്തെ ഫുട്ബോള്‍ പ്രേമികള്‍ക്ക് വലിയ ആവേശമായിരുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വലിയ പരിശ്രമവും നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് നവംബറില്‍ ഇന്ത്യയില്‍ പര്യടനം നടത്താനുള്ള ആലോചനകള്‍ പരാജയപ്പെട്ടെന്നാണ് അര്‍ജന്റീനയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് സന്ദര്‍ശനം റദ്ദാക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ അര്‍ജന്റൈന്‍ പ്രതിനിധികള്‍ ഇവിടത്തെ സൗകര്യങ്ങളില്‍ തൃപ്തരല്ലെന്ന സൂചനയും പുറത്തുവരുന്നു.
'ആവര്‍ത്തിച്ചുള്ള കരാര്‍ ലംഘനങ്ങളാണ്' മത്സരം നടത്താന്‍ വിഘാതമാകുന്നതെന്നാണ് അര്‍ജന്റീനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, അര്‍ജന്റീനയുടെ വരവ് റദ്ദാക്കിയതായോ മാറ്റിവച്ചതായോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഇല്ലാത്തതിനാല്‍, ആരാധകരുടെ പ്രതീക്ഷകള്‍ ഇപ്പോഴും പൂര്‍ണമായി അസ്തമിച്ചിട്ടുമില്ല. ഇത് മുതലെടുത്ത് സ്‌പോണ്‍സര്‍ഷിപ്പ് പിടിത്തം അടക്കം നടക്കുന്നുണ്ട്. അര്‍ജന്റീനയുടെ സ്ഥിരീകരണ വരും മുമ്പ് തന്നെ വലിയ തുക പലരില്‍ നിന്നും വാങ്ങുകയും ചെയ്തു. നവംബര്‍ 10 മുതല്‍ 18 വരെയാണ് ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള വിന്‍ഡോ. ഔദ്യോഗിക ഷെഡ്യൂള്‍ ഉടന്‍ അര്‍ജന്റീനിയന്‍ ഫു്ട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരത്തിന്റെ സംഘാടകരായ സ്വകാര്യ കമ്പനിയാകട്ടെ, നവംബര്‍ 17നു തന്നെ മത്സരം നടക്കുമെന്ന ഉറച്ച നിലപാടിലുമാണ്. അര്‍ജന്റീനിയന്‍ ഫു്ട്‌ബോള്‍ ഫെഡറേഷന്‍ യില്‍ നിന്ന് തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും, എല്ലാ ഡോക്യുമെന്റേഷനുകളും സാമ്പത്തിക കാര്യങ്ങളും പൂര്‍ത്തിയാക്കിയതായും സംഘാടകര്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതിന് പിന്നില്‍ നില്‍ക്കുന്നത്. നവംബറിലെ മത്സരം റദ്ദാക്കിയെങ്കിലും, 2026 മാര്‍ച്ചിലേക്ക് മത്സരം മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അര്‍ജന്റീനിയന്‍ ഫു്ട്‌ബോള്‍ ഫെഡറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
പ്രമുഖ അര്‍ജന്റീന ഫുട്ബോള്‍ പത്രപ്രവര്‍ത്തകനായ ഗാസ്തോണ്‍ എഡ്യൂളും അര്‍ജന്റീനയുടെ ഇന്ത്യ സന്ദര്‍ശന പരിപാടി നടക്കില്ലെന്നാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. നവംബറിലെ ഒരു സൗഹൃദമത്സരം അംഗോളയില്‍ ഉറപ്പിച്ച അര്‍ജന്റീന, രണ്ടാമത്തെ മത്സരം ഇന്ത്യയ്ക്ക് പകരം മറ്റൊരു രാജ്യത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘദൂര യാത്ര ഒഴിവാക്കാനും കളിക്കാരുടെ ജോലിഭാരം കുറയ്ക്കാനുമാണ് ഈ നീക്കമെന്നാണ് വിവരം.
കേരള അധികൃതരുമായുള്ള കരാറില്‍ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായതായും ഇക്കാരണത്താല്‍ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ താത്കാലികമായി നിര്‍ത്താന്‍ എഎഫ്എയെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നവംബറില്‍ മത്സരം നടത്താന്‍ സാധ്യമായതെല്ലാം ചെയ്തു. ഇന്ത്യയിലേക്ക് മത്സരം നടക്കുന്ന സ്റ്റേഡിയം, ഹോട്ടലുകള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം പോലും പോയി. എന്നാല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം മത്സരം പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.