- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മാംഗോ' ഫോണ്‍ പോലെ 'മെസിയും' വരില്ല; ആധുനിക കേരളം കേട്ട ഏറ്റവും വലിയ തള്ളുകഥയായി കൊച്ചിയിലെ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം മാറി; 70 കോടിക്ക് സ്റ്റേഡിയെ നവീകരിച്ച് കമ്മീഷന് തട്ടിയവരുടെ മുഖത്തെല്ലാം ചിരി മാത്രം; എല്ലാ തട്ടിപ്പിനും കൂട്ടു നിന്ന് പിണറായി സര്‍ക്കാരും കായിക മന്ത്രിയും; ഒടുവില്‍ 'സ്പോണ്‍സര്‍ക്കും' വെളിച്ചപ്പാട്; മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് നവംബറില്‍ വരില്ല; ഇനി മാര്‍ച്ചിന്റെ പേരിലെ തട്ടിപ്പ്!
തിരുവനന്തപുരം: മെസിയുടെ വരവും കേരളം കാത്തിരുന്ന 'മാംഗോ'ഫോണിന്റെ വരവു പോലായി. ആപ്പിളിനെ തോല്‍പ്പിക്കാനുള്ള 'മോംഗോ' ഫോണ്‍ പിന്നീട് മുട്ടില്‍ മരം മുറി തട്ടിപ്പായി. ഇപ്പോഴിതാ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. കേരളത്തില്‍ മെസിക്ക് കളിക്കാന്‍ പറ്റിയ ഗ്രൗണ്ടുകളൊന്നുമില്ലെന്ന് നേരത്തെ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബരിമല മാതൃകയില്‍ 'ഉണ്ണികൃഷ്ണ്‍ പോറ്റിയെ' പോലെ മറ്റൊരു സ്‌പോണ്‍സര്‍ കേരളത്തില്‍ ഉണ്ടാകുമെന്നും മറുനാടന്‍ പറഞ്ഞിരുന്നു. കൊച്ചി സ്റ്റേഡിയ നവീകരണം അടക്കം കോടികള്‍ ചെലവിട്ട ശേഷം മെസി വരില്ലെന്ന് പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ ആഴ്ച തന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിരുന്നു. എന്നാല്‍ അതെല്ലാം തള്ളുകയും കളി നടക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇത് വിശ്വസിച്ച് സിപിഎമ്മും സര്‍ക്കാരും ഏറെ സ്വപ്‌നം കണ്ടു. ആഗോള അയ്യപ്പ സംഗമം പോലെ ആ സ്വപ്‌നവും പൊലിയുകയാണ്.
വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികള്‍. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 17ന് അര്‍ജന്റീന കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും പറഞ്ഞത്. അതേസമയം, മാര്‍ച്ചില്‍ മെസ്സി വരുമെന്ന് സ്‌പോണ്‍സര്‍ പറയുന്നു. എന്നാല്‍, മാര്‍ച്ചില്‍ വരേണ്ടെന്നാണ് സര്‍ക്കാരും സ്‌പോണ്‍സറും ഇതുവരെ പറഞ്ഞിരുന്നത്. മാര്‍ച്ചില്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലായിരിക്കും. അതും നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ആ സമയം കേരളത്തിലേക്ക് മെസിയെ കൊണ്ടു വരാനുള്ള സുരക്ഷ ഒരുക്കല്‍ പോലും പ്രതിസന്ധിയിലാകും. അര്‍ജന്റീന ടീം ലോകകപ്പ് ഒരുക്കങ്ങളിലേക്കും പോകും. ഏതായാലും നവംബറില്‍ മെസി വരില്ലെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചത് തന്നെ വലിയ കാര്യം. അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. മാര്‍ച്ചില്‍ വീണ്ടും കേരളത്തിലെ മെസി വരുമെന്നാണ് പ്രഖ്യാപനം. ഇതും പണം പലരില്‍ നിന്നും പിരിക്കാനുളള സ്‌പോണ്‍സര്‍മാരുടെ കുതന്ത്രമാണ്.
മത്സരത്തിന്റെ സ്പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്. നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചത്. നേരത്തേ ലുവാണ്ടയില്‍ അംഗോളയ്‌ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴെല്ലാം സ്പോണ്‍സര്‍മാര്‍ അത് നിഷേധിക്കുകയായിരുന്നു.
പ്രതിപക്ഷം മെസി വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണല്‍ മെസി കളിച്ചിരുന്നു. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. മെസിയുടെ അര്‍ജന്റീന ടീം നവംബറില്‍ കേരളം സന്ദര്‍ശിക്കില്ലെന്ന് അര്‍ജന്റീനയിലെ മാധ്യമമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിലവിലെ ലോകചാമ്പ്യന്മാര്‍ വരുമെന്നാണ് സ്പോണ്‍സറുടെ അവകാശവാദം ഏറെ വിചിത്രമായിരുന്നു. അര്‍ജന്റീനന്‍ ഫുട്ബോള്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുളിന്റെ ട്വീറ്റ് അനുസരിച്ച്, അംഗോളയ്‌ക്കെതിരായ സൗഹൃദ മത്സരം ഉറപ്പിച്ചെങ്കിലും, ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. ഒരു ആഫ്രിക്കന്‍ രാജ്യവുമായി സൗഹൃദ മത്സരം കളിക്കുന്നതിലൂടെ താരങ്ങളുടെ യാത്രാ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പില്‍ നിന്നോ തെക്കേ അമേരിക്കയില്‍ നിന്നോ ഇന്ത്യയിലേക്കുള്ള ദീര്‍ഘദൂര യാത്ര താരങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2026 ഫിഫ ലോകകപ്പ് മുന്നില്‍ കാണുന്ന സാഹചര്യത്തില്‍, ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് അര്‍ജന്റീനയുടെ ശ്രമമെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന പുരുഷ ഫുട്‌ബോള്‍ ടീമിന്റെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് ജനപ്രിയ സ്പാനിഷ് ഭാഷാ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 10-18) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ മത്സരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ (എഎഫ്എ) റിപ്പോര്‍ട്ടിലാണ് ലാ നാസിയോണിന്റെ പരാമര്‍ശം എത്തിയത്. നവംബറില്‍ കേരള സന്ദര്‍ശനം സാധ്യമാക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്തു. പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു. ഫീല്‍ഡ്, ഹോട്ടല്‍ സന്ദര്‍ശനവും കൂടിക്കാഴ്ച്ചയും നടന്നു. പക്ഷേ ഇന്ത്യയ്ക്ക് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല' എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം കേരളവുമായുള്ള കരാര്‍ പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ തീയതി കണ്ടെത്തുന്നതിനായി കരാര്‍ പുനഃക്രമീകരിക്കുകയാണ് ചെയ്യാന്‍ പോകുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ സൗഹൃദ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും ലാ നാസിയോണ്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്.
കഴിഞ്ഞ മാസം എ.എഫ്.എ പ്രതിനിധി ഹെക്ടര്‍ ഡാനിയേല്‍ കാബ്രേര, സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയിരുന്നു. സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ കാബ്രേരയെ സ്റ്റേഡിയത്തില്‍ വെച്ച് കാണുകയും മത്സരം ഷെഡ്യൂള്‍ പ്രകാരം നടക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മത്സരവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ പ്രക്ഷേപണ കമ്പനി, നവംബര്‍ 17 ന് കൊച്ചിയില്‍ അര്‍ജന്റീനയുമായി സൗഹൃദ മത്സരം നടത്താന്‍ ഓസ്‌ട്രേലിയ സമ്മതിച്ചതായും പറഞ്ഞു. പക്ഷേ ഇത് ഓസ്ട്രേലിയന്‍ മാധ്യമങ്ങളോ, ഫുട്ബോള്‍ അസോസിയേഷനോ സ്ഥിരീകരിച്ചിരുന്നില്ല.




