കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിനെ ട്രോളി അഡ്വ. എ ജയശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് പരിഹാസം. 'കാട്ടിലെ വീട്ടിത്തടി.. കള്ളന്റെ ടീവി ചാനല്‍.., വലിയെടാ, വലി! ഒത്തു പിടിച്ചാല്‍ മെസ്സിയും പോരും' എന്നാണ് അഡ്വ. എ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അര്‍ജന്റീന ടീമിനെയും മെസ്സിയെയും കേരളത്തിലേക്കെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും തുടക്കം മുതല്‍ പ്രഖ്യാപിച്ചിരുന്നു.

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം സംബന്ധിച്ച് ഒട്ടേറെ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഒടുവില്‍ മത്സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന്‍ സമൂഹമാധ്യമത്തില്‍ തുറന്നുസമ്മതിക്കുകയായിരുന്നു. ലോകകപ്പ് വിജയിച്ച അര്‍ജന്റീന ടീം നവംബറില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രഖ്യാപനം. കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ തുടങ്ങിയിരുന്നെങ്കിലും കൃത്യ സമയത്ത് തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.


ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി ആന്റോ അഗസ്റ്റിന്‍ പ്രതികരിച്ചു. അടുത്ത വിന്‍ഡോയില്‍ അര്‍ജന്റീന കേരളത്തില്‍ വരുമെന്നും ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്‌ട്രേലിയയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 14, 18 തീയതികളില്‍ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരെ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിനു മത്സരങ്ങളുണ്ട്. അംഗോളയില്‍ കളിക്കുന്നതിനു മുന്‍പ് അര്‍ജന്റീന സ്‌പെയിനിലാണു പരിശീലിക്കുക.

വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. നവംബര്‍ 17ന് അര്‍ജന്റീന കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും പറഞ്ഞത്. അതേസമയം, മാര്‍ച്ചില്‍ മെസ്സി വരുമെന്ന് സ്‌പോണ്‍സര്‍ പറയുന്നു. എന്നാല്‍, മാര്‍ച്ചില്‍ വരേണ്ടെന്നാണ് സര്‍ക്കാരും സ്‌പോണ്‍സറും ഇതുവരെ പറഞ്ഞിരുന്നത്.

അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണല്‍ മെസി കളിച്ചിരുന്നു. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.