- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാംഗോ ഫോണ്‍.... മുട്ടില്‍ മരം മുറി.... ചൂരല്‍മലക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്.... ഇപ്പോഴിതാ മെസ്സി കേരളത്തിലും! എല്ലാം സാധ്യമാക്കിയത് ഈ ഒരൊറ്റ മൊതല്- സൈബര്‍ ഹാന്‍ഡുലുകള്‍ പോലും മെസി വരില്ലെന്ന് അന്നേ ഉറപ്പിച്ചു; വയനാട് മുട്ടില്‍ വാഴവറ്റയിലെ സഹോദരന്മാരുടെ 'ഏഷ്യന്‍ മോട്ടോഴ്‌സ്' അര്‍ജന്റീനയിലും പാളുന്നു; ആപ്പിളിനെ തോല്‍പ്പിക്കുമെന്ന വെല്ലുവിളി നടത്തിയവര്‍ സധൈര്യം മുന്നേറുന്നത് എന്തു കൊണ്ട്?
തിരുവനന്തപുരം: Mango phone, മുട്ടില്‍ മരം മുറി, ചൂരല്‍മലക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്, ഇപ്പോഴിതാ മെസ്സി കേരളത്തിലും!?? എല്ലാം സാധ്യമാക്കിയത് ഈ ഒരൊറ്റ മൊതല്- കോണ്‍ഗ്രസ് കേരളാ എന്ന പേരില്‍ രണ്ടു മാസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണിത്. ഇതിന് താഴെ പലരും മെസിയും അര്‍ജന്റീനയും വരുമോ എന്ന ആശങ്കയും പങ്കുവച്ചു. ആരാണ് മെസിയെ കൊണ്ടു വരുന്ന സ്‌പോണ്‍സര്‍ എന്ന ആശങ്കയായിരുന്നു അതിലുണ്ടായിരുന്നത്. ആരും ചതിയില്‍ വീഴരുതെന്ന മുന്നറിയിപ്പ്. എല്ലാവര്‍ക്കും എല്ലാം അറിയാം. എന്നിട്ടും വിവാദ നായകരെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സറാക്കി. ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന് ഒന്നും അറിയില്ല. കേരളാ ഫുട്‌ബോള്‍ അസോസിയേഷനും മൗനം. കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ കുറച്ചു ദിവസമായി പുറത്തു പോലും ഇറങ്ങുന്നില്ല. മുട്ടില്‍ മരം മുറി കേസില്‍ പിണറായിയുടെ പോലീസ് തന്നെ വിലങ്ങു വച്ച് ജയിലില്‍ അടച്ച പേരുകാരനാണ് ആന്റോ അഗസ്റ്റിന്‍. ഇതേ വ്യക്തിയാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരില്‍ മെസിയെ കൊണ്ടു വരുമെന്ന് പറഞ്ഞത്. ഗോകുലം ഗോപാലനേയും കൂടെ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. സര്‍ക്കാരും ഗോകുലവുമെല്ലാം നാണം കെടുകയാണ്. കഴിഞ്ഞ ആഴ്ച പോലും മെസി വരുമെന്ന സ്‌പോണ്‍സറുടെ ഉറപ്പ് വിശ്വസിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഇപ്പോഴിതാ സ്‌പോണ്‍സര്‍ പ്രഖ്യാപിക്കുന്നു മെസി വരില്ലെന്നും.
മുട്ടില്‍ മരം മുറി കേസിന്റെ ചുവടുപിടിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം അഗസ്റ്റിന്‍ സഹോദരങ്ങളുടെ നേതൃത്വത്തില്‍ നടന്ന മാംഗോ ഫോണ്‍ തട്ടിപ്പിലേക്കും നീളുന്നുവെന്ന് മനോരമ വാര്‍ത്ത നല്‍കിയത് 2021 സെപ്റ്റംബര്‍ 1നാണ്. ജയന്‍ മേനോനാണ് ആ വാര്‍ത്ത നല്‍കിയത്. . കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇവരുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടമായി സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറില്‍ നിന്ന് കൊച്ചിയില്‍ കഴിഞ്ഞ ദിവസം മൊഴിയെടുത്ത ഇഡി ഉദ്യോഗസ്ഥര്‍ രേഖകളും ശേഖരിച്ചുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഈ ഇഡി അന്വേഷണം പിന്നിടൊരിടത്തും എത്തിയില്ല. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനോടും സഹോദരങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്ന മറുപടിയാണു നല്‍കിയത്. 30 ന് രാവിലെ 11നാണ് സൗത്ത് വയനാട് ഡിഎഫ്ഒയോട് കൊച്ചി ഇഡി ഓഫിസില്‍ ഹാജരാകാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി.കവിത്കര്‍ നോട്ടിസ് നല്‍കിയത്. മാധ്യമങ്ങളുടെ സാന്നിധ്യം ഒഴിവാക്കാന്‍ കൂടിക്കാഴ്ച പിന്നീട് വൈകിട്ടത്തേക്കു മാറ്റി. അഗസ്റ്റിന്‍ സഹോദരങ്ങളുടെ അഞ്ചു വര്‍ഷത്തെ പണമിടപാടുകളെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. 'കേരളത്തിന്റെതായ മാംഗോ ഫോണ്‍' വഴി വന്‍ നിക്ഷേപം കൊണ്ടു വരുമെന്നു പ്രഖ്യാപിച്ചതും അതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ രേഖകളും ഇഡി ശേഖരിക്കുന്നുണ്ട്-ഇതായിരുന്നു 2021ലെ വാര്‍ത്ത. ഇതേ ടീമിനെയാണ് മെസിയുടെ സ്‌പോണ്‍സറായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയത്.
വയനാട് മുട്ടില്‍ വാഴവറ്റ സ്വദേശികളായ സഹോദരന്മാര്‍ ഏഷ്യന്‍ മോട്ടോഴ്‌സ് എന്ന വാഹനവിതരണ കമ്പനി, ഏഷ്യന്‍ ടിംബര്‍ ഡിപ്പോ, ഏഷ്യന്‍ സൂര്യ ബിസിനസ് ഗ്രൂപ്പ് തുടങ്ങി പല കമ്പനികളുടെയും ഉടമകളാണ്. നേരത്തേ മരക്കച്ചവടവും ചെയ്തിരുന്നു. ആപ്പിളിനെയും സാംസങ്ങിനെയും തോല്‍പിക്കുന്ന മലയാളിയുടെ സ്വന്തം ഫോണ്‍ എന്ന അവകാശവാദവുമായി 2016 ല്‍ മാംഗോ ഫോണ്‍ രംഗത്തിറക്കി ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിച്ചു. അക്കാലത്തുതന്നെ വിവിധ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ ഇവര്‍ പ്രതികളായിരുന്നു. 300 കോടി മുതല്‍മുടക്കെന്ന അവകാശവാദവുമായി ആരംഭിച്ച സ്മാര്‍ട് ഫോണിന്റെ ലോഞ്ചിങ് ചടങ്ങില്‍ വച്ച്, വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ ജോസ്‌കുട്ടിയും ആന്റോ അഗസ്റ്റിനും അറസ്റ്റിലായി. പ്രമുഖ ബാങ്കുകളെ പണം തിരിച്ചടയ്ക്കാതെ പറ്റിച്ചുവെന്ന കേസുകള്‍ വേറെ. കുടക്, മംഗലാപുരം, കളമശേരി പൊലീസിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. രാഷ്ട്രീയത്തിലും ഒരു കൈ നോക്കാനുള്ള നീക്കവും ഇവരുടെ ഭാഗത്തു നിന്നുണ്ടായി. ആന്റോ, പി.സി. തോമസ് നേതൃത്വം നല്‍കിയിരുന്ന കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആന്റോ അഗസ്റ്റിന്‍ എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍, രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായെത്തിയപ്പോള്‍ പിന്മാറുകയായിരുന്നു-ഇതും 2021ലെ മനോരമ വാര്‍ത്തയുടെ ഭാഗമാണ്.
മുമ്പ് മാംഗോ ഫോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മറുനാടന്‍ നല്‍കിയ വാര്‍ത്തയിലെ ആരോപണം ചുവടെ
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയായ ആപ്പിളിനെ തോല്‍പ്പിക്കാന്‍ മലയാളിയുടെ മൊബൈല്‍ നിര്‍മ്മാണ കമ്പനി വരുന്നുവെന്ന തള്ള് കേരളത്തില്‍ എത്തിയത് 2016ലാണ്. 3500 കോടി രൂപ മുടക്കി കൊറിയന്‍ സാങ്കേതിക വിദ്യയുടെ വെളിച്ചത്തില്‍ ആണ് ഈ കമ്പനി വിപണിയിലേയ്ക്ക് എത്തുന്നത്. ജനുവരി അവസാന വാരം 5800 മുതല്‍ 34,000 രൂപ വരെ വിലയുള്ള ഒട്ടേറെ മോഡലുകളുമായി കമ്പനി രംഗത്തിറങ്ങും. ആപ്പിളിനും സാംസംഗിനും പറ്റിയ പാളിച്ചകള്‍ എല്ലാം തീര്‍ക്കുന്ന ജാലവിദ്യയുമായാണ് മലയാളിയുടെ മൊബൈല്‍ കമ്പനി വരുന്നത്. അവസാനിക്കാത്ത ബാറ്ററി ചാര്‍ജ്, നിലത്ത് വീണാല്‍ പൊട്ടാത്ത കരുത്ത്, ആപ്പിളിന് സ്വപ്നം കാണാന്‍ കഴിയാത്ത ശക്തമായ ലെന്‍സോടു കൂടിയ ക്യാമറ... ഇങ്ങനെ പോകുന്നു മലയാളിയുടെ സ്വന്തം മാംഗോ ഫോണിന്റെ (എം ഫോണ്‍) പ്രത്യേകത. 2016 ജനുവരി അഞ്ചിന് കേരളത്തിലെ സര്‍വ്വ പത്രങ്ങളിലും വന്ന വാര്‍ത്തയാണിത്. ഒപ്പം ചാനലുകളിലെ ടെക്നോളജി സെക്ഷനില്‍ മാംഗോ ഫോണുകളെ കുറിച്ച് പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. മനോരമയിലെ ബിസിനസ് വിദഗ്ധന്‍ പി കിഷോര്‍ മനോഹരമായി മാംഗോ ഫോണിലെ ഫീച്ചറുകള്‍ വിലയിരുത്തി വാര്‍ത്ത എഴുതി. അമിതാബ് ബച്ചനും സച്ചിന്‍ ടെണ്ടുല്‍ക്കറും ഇതിന്റെ അംബാസിഡര്‍മാര്‍ എന്നും ഈ പത്രങ്ങള്‍ എഴുതി. കുറെ ദിവസങ്ങള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ മാംഗോ ഫോണിന്റെ ഫുള്‍ പേജ് പരസ്യങ്ങളും വന്നു. എന്നിട്ട് എന്തായി? ജനുവരി 29ന് സച്ചിനും ബച്ചനും ചേര്‍ന്ന് ലോഞ്ചിങ്. അപ്പോള്‍ തന്നെ കേരള വിപണനി നിറയെ ഫോണുകള്‍. ഇതായിരുന്നു വാഗ്ദാനം. ജനുവരി തീര്‍ന്നു, ഫെബ്രുവരി പാതിയായി. എന്നിട്ട് ആരെങ്കിലും മലയാളികളുടെ സ്വന്തം എം ഫോണിന്റെ ലോഞ്ചിംഗിനെ പറ്റി കേട്ടോ? ഏതെങ്കിലും കടയില്‍ ഇങ്ങനെ ഒരു ഫോണ്‍ എത്തിയോ? ഇതൊക്കെ സംഭവിക്കും എന്നു പറഞ്ഞ പത്രക്കാരും ചാനലുകാരും എവിടെയാണ്? അവര്‍ മറുപടി പറയുമോ? ഇതിന്റെ പുതിയ വെര്‍ഷനാണ് 2025ലെ മെസി വരവ്.
മാംഗോ മൊബൈല്‍ കമ്പനിയുടെ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തു എന്നും അതൊഴിവാക്കാന്‍ പ്രമുഖ ഒരു ചാനല്‍ മുതലാളി ഇടപെട്ടു എന്നുമുള്ള വിവരം വെളിയില്‍ വന്നപ്പോഴാണ് ഈ കമ്പനിയെക്കുറിച്ചു 2016ല്‍ മറുനാടന്‍ അന്വേഷണം ആരംഭിച്ചത്. ഐഫോണിന് ആപ്പിളെന്ന പോലെ എം ഫോണിന് മാങ്ങയാണ് ചിഹ്നം. ഫോര്‍ജി സംവിധാനവും ത്രീഡി സവിശേഷതയും ഉണ്ടാകും. 5,800 മുതല്‍ 34,000 രൂപ വരെയാണ് വില. ആദ്യഘട്ടത്തില്‍ 5 ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. സ്‌ക്രീന് വലിപ്പം, റസലൂഷന്‍ തുടങ്ങിയ വിശേഷങ്ങള്‍ ഫോണ്‍ പുറത്തിറങ്ങുമ്പോഴെ അറിയാന്‍ കഴിയൂ. മൂന്നുദിവസം ചാര്‍ജ് നില്‍ക്കുന്ന 6050 എം.എ.എച്ച് ബാറ്ററി, 23 മെഗാപിക്സല്‍ പിന്‍ ക്യാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, പൊട്ടാത്തതും പോറല്‍ ഏല്‍ക്കാത്തതുമായ ഐ.പി സ് എച്ച്.ഡി ഗോറില്ലാ ഗല്‍സ് സംരക്ഷണം, ജലപ്രതിരോധം ഇതിന്റെ സവിശേഷതകളാണ്. എംഫോണ്‍ 9ല്‍ മൂന്ന് ജിബി റാം, മെമ്മറി കാര്‍ഡിട്ട് 128 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്‍േറണല്‍ മെമ്മറിയും വാഗ്ദാനം ചെയ്തു. സോണി സെന്‍സറുള്ള 16 മെഗാപിക്സല്‍ പിന്‍ ക്യാമറയും എട്ട് മെഗാപിക്സല്‍ മുന്‍ ക്യാമറയുമുണ്ട്. മീഡിയ വണ്ണിന്റെ പ്രത്യേക പരിപാടിയില് പറഞ്ഞത് 24 എം പി ക്യാമറ എന്നാണ്.. പ്രത്യേക കണ്ണട വേണ്ടാത്ത ത്രീഡി കാഴ്ചയാണ് മറ്റൊരു പ്രത്യേകത. എംഫോണ്‍ 5 മുതല്‍ എംഫോണ്‍ 9 വരെയുള്ള ശ്രേണികളാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്. ഫോണിന് പുറമെ എം. വാച്ച് എന്ന സ്മാര്‍ട്ട് വാച്ച്, എംപാഡ്, മിനി എംപാഡ്, വയര്‍ലസ് ബോക്സ് സ്പീക്കറുകള്‍, ഫോണ്‍ പൗച്ചുകള്‍ എന്നിവയും കമ്പനി അവതരിപ്പിക്കും. ഫോണിനൊപ്പം സെല്‍ഫി സ്റ്റിക്, ബല്‍ടൂത്ത് ഹെഡ്സെറ്റ്, വൈ ഫൈ ചാര്‍ജര്‍, പവര്‍ ബാങ്ക് എന്നിവ ലഭിക്കും. ലോകത്തെ തന്നെ ആദ്യത്തെ ത്രീഡി ഫോണെന്നായിരുന്നു അവകാശവാദം.
ഇങ്ങനെ ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ ഫോണുകളുടെയും എല്ലാ ഫീച്ചറുകളും ഒരുമിച്ചു ചേര്‍ന്ന ഫോണ്‍ എന്ന വിധത്തിലാണ് മലയാളികളുടെ സ്വന്തം എം ഫോണിനെ കുറിച്ച് പത്രങ്ങള്‍ എഴുതിയത്. എങ്ങനെയാണ് ഇത്തരം ഫീച്ചര്‍ എല്ലാമുള്ള ഫോണ്‍ പുറത്തുവരുന്നതെന്നതിനെ കുറിച്ച് അധികമാരും പറഞ്ഞില്ല. കേരള, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 149 വിതരണക്കാരെക്കുറിച്ചും മനോരമയും മാദ്ധ്യമവും മംഗളവും മീഡിയാവണും മനോരമ ന്യൂസും അടക്കം വാചാലരായി. മീഡിയാ വണ്ണും മനോരമ ന്യൂസും വിശദമായ വീഡിയോ റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കി. മനോരമ ബിസിനസ് ഫീച്ചറായി നല്‍കിയതില്‍ ചൈനയില്‍ 700 കോടി മുടക്കി ഫാക്ടറിയുണ്ടെന്ന വിധത്തിലാണ് റിപ്പോര്‍ട്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് 3500 കോടിയുടെ നിക്ഷേപം എന്നാണ്. ദേശാഭിമാനിയും മാംഗോ കമ്പനി പറഞ്ഞ കാര്യം വള്ളിപുള്ളി വിടാതെ വസ്തുത പരിശോധിക്കാതെ അച്ചുനിരത്തി. എന്നാല്‍ ഇവരാരും വാര്‍ത്ത എഴുതും മുമ്പ് അടിസ്ഥാനപരമായി ചില ചോദ്യങ്ങള്‍ ചോദിച്ചില്ല. ഒരു മാസം തികയും മുമ്പ് കേരള വിപണിയില്‍ എത്തണമെങ്കില്‍ ഈ കമ്പനി ഇറക്കിയ ഒരു ഫോണ്‍ എങ്കിലും കാണണ്ടേ? ഇതിന് മുമ്പ് യൂറോപ്പിലും മറ്റും ഇതുണ്ടെങ്കില്‍ അതിന്റെ ഒരു സാമ്പിള്‍. ഇത്രയും വലിയ ടെക്നോളജി അവതരിപ്പിക്കുന്ന വിദഗ്ധന്മാര്‍ ആരെന്നറിയണ്ടേ? 3500 കോടി നിക്ഷേപിക്കുമ്പോള്‍ അതിന് എന്തെങ്കിലും ഒരു തെളിവ് വേണ്ടേ? എവിടെ നിക്ഷേപിച്ചു? എവിടെ മൊബൈല്‍ നിര്‍മ്മിക്കുന്നു? എങ്ങനെ ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നു? ഇതൊന്നും ആരും ചോദിച്ചില്ല. ഫോണിന് വേണ്ട സൗകര്യങ്ങള്‍ വിവരിക്കുമ്പോഴും ഫോണിന്റെ വലിപ്പം തൂക്കം, നിറം തുടങ്ങിയവ ഒന്നും അവര്‍ പറഞ്ഞുമില്ല ആരും ചോദിച്ചുമില്ല.
ഇങ്ങനെ ഒരു മൊബൈല്‍ കമ്പനിയെ പുകഴ്ത്താന്‍ ഇടയാക്കിയ ഏക ബന്ധം ആന്‍േറാ അഗസ്റ്റിന്‍, റോയി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നീ മൂന്ന് സഹോദര മുതലാളിമാര്‍ അവകാശപ്പെട്ടത് മാത്രം ആയിരുന്നു. ഈ സഹോദരങ്ങളുടെ മൊബൈല്‍ ബിസിനസ് രംഗത്ത് മുന്‍പരിചയം, അല്ലെങ്കില്‍ ഇത്രയും പണം മുടക്കാന്‍ ഇവര്‍ക്കുള്ള പ്രവര്‍ത്തിപരിചയം ഒന്നും ആരും ചോദിച്ചില്ല. ലോകത്തെ ഏറ്റവും വലിയ കമ്പനിയാകാന്‍ ആപ്പിളിനോട് മത്സരിക്കുന്ന ഗൂഗിള്‍ പോലും പൊളിഞ്ഞു പോയ വിപണിയാണ് മൊബൈല്‍ ഫോണ്‍ വിപണി എന്ന് ആരും ചിന്തിച്ചില്ല. മൈക്രോസോഫ്റ്റും കൈ വച്ച് പൊള്ളി നില്‍ക്കുകയാണ്. ലോകത്തെ ആദ്യത്തെയും ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേക്കാള്‍ വലുതുമായിരുന്ന നോക്കിയ പൊളിഞ്ഞു പാളിഷായെന്നതും ആരും ചിന്തിച്ചില്ലെന്നതാണ് മറ്റൊരുകാര്യം.




