- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്യൂണിസ്റ്റ് ചരിത്രം പൊളിച്ചപ്പോള്‍ സംഘിചാപ്പ; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് സമരത്തിലൂടെ ജനകീയന്‍; എംജിഎസിന്റെ 92ാം ജന്‍മദിനം ആഘോഷിച്ച് നാട്ടുകാര്‍
കോഴിക്കോട് : ഒരു ചരിത്രകാരന്റെ ജന്‍മദിനം നാട്ടുകാര്‍ ഏറ്റെടുത്ത് ഉത്സവമാക്കുന്നു. ചുമുട്ട് തൊഴിലാളികള്‍ തൊട്ട് ശുചരീകരണ തൊഴിലാളികള്‍വരെയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അദ്ദേഹത്തെ കാണാനെത്തുന്നു. തൊണ്ണൂറ്റിരണ്ടാം ജന്മദിനമാഘോഷിക്കുന്ന ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന് നാടിന്റെ സ്നേഹാദരം വേറിട്ട കാഴ്ചയായി മാറി. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തിയവര്‍ എം.ജി.എസിന് സ്നേഹപ്പൂക്കള്‍ കൈമാറി. അദ്ദേഹത്തിന്റെ ചരിത്രവഴികള്‍മുതല്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനുവേണ്ടി നയിച്ച പോരാട്ടങ്ങള്‍വരെ സദസ്സില്‍ അനുസ്മരിക്കപ്പെട്ടു. എം.ജി.എസും ഭാര്യ പ്രേമലതയുംചേര്‍ന്ന് […]
കോഴിക്കോട് : ഒരു ചരിത്രകാരന്റെ ജന്‍മദിനം നാട്ടുകാര്‍ ഏറ്റെടുത്ത് ഉത്സവമാക്കുന്നു. ചുമുട്ട് തൊഴിലാളികള്‍ തൊട്ട് ശുചരീകരണ തൊഴിലാളികള്‍വരെയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അദ്ദേഹത്തെ കാണാനെത്തുന്നു. തൊണ്ണൂറ്റിരണ്ടാം ജന്മദിനമാഘോഷിക്കുന്ന ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന് നാടിന്റെ സ്നേഹാദരം വേറിട്ട കാഴ്ചയായി മാറി. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തിയവര്‍ എം.ജി.എസിന് സ്നേഹപ്പൂക്കള്‍ കൈമാറി. അദ്ദേഹത്തിന്റെ ചരിത്രവഴികള്‍മുതല്‍ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിനുവേണ്ടി നയിച്ച പോരാട്ടങ്ങള്‍വരെ സദസ്സില്‍ അനുസ്മരിക്കപ്പെട്ടു.
എം.ജി.എസും ഭാര്യ പ്രേമലതയുംചേര്‍ന്ന് കേക്ക് മുറിച്ചു. മേയര്‍ ഡോ. എം. ബീനാ ഫിലിപ്പ് എം.ജി.എസിന് കേക്ക് നല്‍കി ആദരിക്കല്‍ച്ചടങ്ങിന് തുടക്കമിട്ടു. സെഞ്ചുറി തികയ്ക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. ആശംസിച്ചപ്പോള്‍ സദസ്സില്‍ മുഴുങ്ങിയ ചിരിക്കൊപ്പം എം.ജി.എസും ചേര്‍ന്നു.
ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് സത്യത്തിനൊപ്പം സധൈര്യം നിന്നുവെന്നതാണ് എം.ജി.എസിന്റെ പ്രത്യേകതയെന്ന് മേയര്‍ ഡോ. എം. ബീനാ ഫിലിപ്പ് പറഞ്ഞു.
ആര്‍ജവത്തോടെ സംസാരിക്കാന്‍കഴിയുന്ന ഇന്ത്യയിലെ അപൂര്‍വം ചരിത്രകാരന്‍മാരിലൊരാളാണ് എം.ജി.എസ്. അതുകൊണ്ട് അദ്ദേഹത്തിനുകിട്ടേണ്ട പലപദവികളും കിട്ടിയിട്ടില്ലെന്ന് ആക്കിയോളജിസ്റ്റ് ഡോ. കെ.കെ. മുഹമ്മദ് പറഞ്ഞു. മുഖംനോക്കാതെ ആളുകളെ വിമര്‍ശിക്കാന്‍ കാണിച്ച ആര്‍ജവം ജീവിതത്തില്‍ അദ്ദേഹം മഹത്ത്വം നിലനിര്‍ത്തിയതിനാലാണ്, അതുകൊണ്ട് എം.ജി.എസ്. 'ദ ഗ്രേറ്റ്' എന്നവിശേഷണത്തിന് അര്‍ഹനാണെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. എം.ജി.എസിന് പത്മ അവാര്‍ഡ് നല്‍കാത്തത് അദ്ദേഹത്തോടുള്ള അനീതിയാണെന്ന് യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു.
കേരള ചരിത്രത്തിന് അടിത്തറ പണിതു
അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ ഒരടിത്തറ പണിയുന്നത് പ്രൊഫ. എം.ജി.എസ്. നാരായണനാണ്. പ്രൊഫ. ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദര്‍ശനങ്ങളുടെ പിന്‍ബലത്തിലാണ് അദ്ദേഹം ഗവേഷണമാരംഭിച്ചത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി ക്രിസ്തുവര്‍ഷം 9-12 നൂറ്റാണ്ടുകള്‍ക്കിടയില്‍ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചും അക്കാല രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക വികാസത്തെക്കുറിച്ചുമെല്ലാം ആഴത്തില്‍ അന്വേഷിക്കുന്നതായിരുന്നു പിന്നീട് 'പെരുമാള്‍സ് ഓഫ് കേരള' എന്നപേരില്‍ പ്രസിദ്ധീകൃതമായ ആ ഗവേഷണപഠനം.
കേരളത്തിലെമ്പാടും ചിതറിക്കിടന്നിരുന്ന ശിലാ-താമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ്. അവയോടൊപ്പം അക്കാലത്തെ തമിഴ്, സംസ്‌കൃത ഗ്രന്ഥങ്ങളും. ബ്രാഹ്‌മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലുള്ള കൈത്തഴക്കവും പാലി, തമിഴ്, സംസ്‌കൃതം, പ്രാചീന മലയാളം തുടങ്ങിയ ഭാഷകളിലുള്ള അഗാധമായ അറിവും ഉപയോഗപ്പെടുത്തിയാണ് 'ഞാന്‍ പരിശോധിച്ച പ്രബന്ധങ്ങളില്‍ മികച്ചതൊന്ന്' എന്ന് സാക്ഷാല്‍ എ.എല്‍. ബാഷാം വിശേഷിപ്പിച്ചിട്ടുള്ള ഈ ഗവേഷണപുസ്തകം രചിച്ചിട്ടുള്ളത്.
ഗവേഷണമേന്മ തന്നെയാണ് എം.ജി.എസിനെ ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ നിയമിക്കപ്പെടാനിടയാക്കിയത്. ചേരകാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് അര്‍ധവിരാമമിട്ടുകൊണ്ട് പ്രാചീനമായ പഴന്തമിഴ് കാലഘട്ടത്തെക്കുറിച്ചും മധ്യകാലത്തിന്റെ അവസാന ദശകങ്ങളെക്കുറിച്ചുമെല്ലാം ആധികാരികരേഖകളുടെ സഹായത്താല്‍ എം.ജി.എസ്. പഠിക്കുകയുണ്ടായി. കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള പഠനമൊക്കെ അതിന്റെ ഉപോത്പന്നമായിരുന്നു. തന്റെ ഓരോ പ്രസ്താവനയ്ക്കും നിഗമനങ്ങള്‍ക്കും ഒരുകൂട്ടം തെളിവുകള്‍ നല്‍കിക്കൊണ്ട് സാധൂകരണം നല്‍കുന്ന അദ്ദേഹത്തിന്റെ രചനാശൈലി പില്‍ക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.
ദന്തഗോപുരവാസിയായിരുന്ന ഒരു ചരിത്രാന്വേഷിയായിരുന്നില്ല എം.ജി.എസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം മേധാവി, ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചുകൊണ്ട് യുവഗവേഷകര്‍ക്ക് മതിയായ സൗകര്യങ്ങളും അവസരങ്ങളും പ്രദാനം ചെയ്യുന്നതില്‍ അദ്ദേഹം ഔത്സുക്യം കാണിച്ചു. ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും വായനയ്ക്കും ഗവേഷണത്തിനും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തി. തന്റെ ഗവേഷണപ്രബന്ധത്തിന്റെ ശീര്‍ഷകംതന്നെ തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറാവുന്നതങ്ങനെയാണ്. ഇത്തരത്തില്‍ നിരന്തരമായ നവീകരണം ചരിത്രകാരന്റെ ഉത്തരവാദിത്വമാണെന്ന് എം.ജി.എസ്. നമ്മെ ഓര്‍മപ്പെടുത്തുന്നു. നിലവില്‍ കേരള ചരിത്ര കോണ്‍ഫറന്‍സിന്റെ അധ്യക്ഷനാണദ്ദേഹം.
ഇടതുപക്ഷം സംഘിയാക്കി
കേരളത്തില്‍ കമ്യൂണിസ്റ്റ് ചരിത്രകാരന്‍മ്മാര്‍ 'കണ്ടെത്തിയ' പല കാര്യങ്ങളും അദ്ദേഹം തെറ്റാണെന്ന് തെളിയിച്ചു. മലബാര്‍ കലാപം കര്‍ഷകസമരമാണെന്ന് ഇടതുപക്ഷ ചരിത്രകാരന്‍മ്മാര്‍ കൊണ്ടാടുമ്പോള്‍, അതിന് ഒരു വര്‍ഗീയ സ്വഭാവം കൂടി ഉണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിക്കാന്‍ എംജിഎസ് തയ്യാറായി. അതുപോലെ ഇഎംഎസ് ആദ്ദേഹത്തിന്റെ മുഴുവന്‍ സ്വത്തുക്കളും പാര്‍ട്ടിക്കായി വിട്ടുകൊടുത്തുവെന്ന മിത്തും അദ്ദേഹം പൊളിച്ചു.
തന്റെ ജാലകങ്ങള്‍ എന്ന ആത്മകഥയിലും ഇഎംഎസിനെ എംജിഎസ് വിര്‍മശിക്കുന്നുണ്ട്.എംജിഎസ് ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന കാലം. സുഹൃത്തുക്കളില്‍ ഏറെയും കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടര്‍. അന്നത്തെ നമ്പൂതിരിമാര്‍ അധികവും കല്‍ക്കത്ത തീസിസിനെ അനുകൂലിച്ച തീവ്രവാദികളായിരുന്നുവെന്നു പറയുന്നു എംജിഎസ്. പാര്‍ട്ടി നേതാക്കള്‍ മിക്കവരും അന്ന് ഒളിവിലാണു പ്രവര്‍ത്തിച്ചിരുന്നത്. ഇഎംഎസ് അടക്കമുള്ള വിപ്ലവ നേതാക്കള്‍ അക്കാലത്ത് ഒളിച്ചുതാമസിക്കാന്‍ തിരഞ്ഞെടുത്തത് വലിയ ജന്‍മിവീടുകള്‍ ആയിരുന്നു എന്നത് ഇന്നും ഒരു വിരോധാഭാസമായാണ് എംജിഎസ് കാണുന്നത്. കേരളത്തില്‍ ജന്മിമാരുടെ കൂട്ടുകുടുംബങ്ങളിലെ അനന്തരവന്‍മാരാണ് മൂത്തവരെ ധിക്കരിച്ച് കമ്യൂണിസ്റ്റുകളായി കര്‍ഷകരെ നയിക്കാന്‍ പുറപ്പെട്ടതെന്ന് ചരിത്രകാരന്‍ റോബിന്‍ ജെഫ്രി നിരീക്ഷിച്ചിട്ടുമുണ്ട്. ചെറുപ്പക്കാര്‍ക്ക് അനുയായികളായി, പാവങ്ങള്‍ക്ക് ഒരു താങ്ങുമായി. അങ്ങനെ ഒരു പരസ്പര സഹായ സംവിധാനമായിട്ടാണ് പാര്‍ടി ഉയര്‍ന്നുവന്നത്. പാര്‍ടി മലബാറില്‍ വേരുപിടിക്കാന്‍ കാരണങ്ങളിലൊന്നും ഇതുന്നെയാണെന്നാണ് എംജിഎസിന്റെ അഭിപ്രായം.
എംജിഎസിന്റെ അക്കാലത്തെ സുഹൃത്തുക്കളിലൊരാളായിരുന്നു കോയക്കുഞ്ഞി നഹ. അദ്ദേഹത്തിന്റെ വീട്ടില്‍ ഇഎംഎസ് ഒളിച്ചുതാമസിക്കുന്നുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സ്റ്റഡി ക്ലാസുകളുമെടുത്തിരുന്നു. ഒരുദിവസം സ്റ്റഡി ക്ലാസില്‍ പങ്കെടുക്കാന്‍ നഹ എംജിഎസിനെയും വിളിച്ചുകൊണ്ടുപോയി. അവിടെ വിശാലമായ പറമ്പിലുള്ള ഒരു ' ഭാര്‍ഗവീനിലയത്തിന്റെ' തട്ടിന്‍പുറത്താണ് ഇഎംഎസ് ഇരുന്നത്. താഴെ, എംജിഎസ് ഉള്‍പ്പെടെ കുറച്ചുപേര്‍ കാത്തുനിന്നു. പാതിരാവായി. ഇഎംഎസ് ഇറങ്ങിവന്നു. ഒരു മണിക്കൂറോളം മാര്‍ക്സിസത്തെക്കുറിച്ചു പ്രസംഗിച്ചു. പിന്നെ സംശയങ്ങള്‍ക്കുത്തരം പറഞ്ഞു. പുലര്‍ച്ചയ്ക്ക് അദ്ദേഹത്തിനു മറ്റൊരു സ്ഥലത്തേക്ക് മാറണം. ഷെല്‍ട്ടര്‍ എന്നാണ് ആ സ്ഥലങ്ങളെക്കുറിച്ചു പറഞ്ഞിരുന്നത്. അന്ന് അദ്ദേഹത്തെ ഒരു ചെറുമക്കുടിയിലേക്ക് എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന സഖാവ് എന്തുകൊണ്ടോ എത്താതെ പോയി. ആ ചെറുമക്കുടി എംജിഎസിന്റെ തറവാട്ടുമുതലായ ഒരു പാടത്താണ് നിന്നിരുന്നത്.
ഒടുവില്‍ കോയക്കുഞ്ഞി നഹ ജോലി എംജിഎസിനെ ഏല്‍പിച്ചു. സന്തോഷത്തോടെ ജോലി സ്വീകരിച്ചുവെന്ന് എംജിഎസ് ഓര്‍മിക്കുന്നു. പുലര്‍ച്ചെ നാലുമണി. നമ്പൂതിരിപ്പാട് തലയില്‍ ഒരു കെട്ടും കെട്ടി ഇറങ്ങിവന്നു. വഴിക്ക് ഒന്നും സംസാരിച്ചില്ല. വിക്ക് ഉള്ളതുകൊണ്ടാവും സംസാരിക്കാത്തതെന്നാണ് എംജിഎസ് വിചാരിച്ചത്. ഒടുവില്‍ ചെറുമച്ചാളയില്‍ എത്തി.
അവര്‍ 'തമ്പ്രാ' എന്നു വിളിച്ചുകൊണ്ടാണ് നമ്പൂതിരിപ്പാടിനെ ആദരപൂര്‍വം സ്വകരിച്ചത്. അതിലദ്ദേഹം ഒരു പ്രതിഷേധവും കാണിച്ചില്ല. ആ പ്രായമുള്ള ചെറുമന്റെ മകന്‍ എംജിഎസിന്റെ സമപ്രായക്കാരനും കളിക്കൂട്ടുകാരനുമാണ്.
ഇനി എംജിഎസിന്റെ വാക്കുകള്‍: അയാള്‍ എന്നെ 'തമ്പ്രാ' എന്നു വിളിക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. എന്റെ സമത്വബോധം അങ്ങനെയായിരുന്നു. എന്തുകൊണ്ട് കമ്യൂണിസ്റ്റ് നേതാവിന് അതുണ്ടായില്ല എന്ന ചോദ്യം എന്റെ മനസ്സിലുദിച്ചു. അതുകാരണം അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പ് കുറയുകയും ചെയ്തു.
ആത്മകഥയിലെ മറ്റൊരധ്യായത്തില്‍ എംജിഎസ് മദ്രസില്‍ പഠിക്കുന്ന കാലത്ത് സ്റ്റഡി ക്ലാസുകള്‍ എടുക്കാന്‍ ഇഎംസ് അവിടെയെത്തിയതിനെക്കുറിച്ചും ക്ലാസുകള്‍ നയിച്ചതിനെക്കുറിച്ചും എഴുതുന്നുണ്ട്. പഠിച്ചുവച്ച പാര്‍ട്ടി ആശയങ്ങള്‍ ആവര്‍ത്തിക്കുക എന്നതിനപ്പുറം പുതിയ ചിന്തയോ മൗലികമായ ആശയങ്ങളോ അന്നും ഇഎംഎസ് അവതരിപ്പിച്ചിട്ടില്ല എന്ന് എംജിഎസ് വിമര്‍ശിക്കുന്നു. പക്ഷേ, കേരളത്തില്‍ ചരിത്രപഠനം പ്രോത്സാഹിപ്പിക്കാനും ചരിത്ര പഠനത്തിനു വ്യക്തിത്വമുണ്ടാക്കാനും ഇഎംഎസ് നടത്തിയ പ്രയത്നങ്ങളെ എംജിഎസ് പ്രശംസിക്കുന്നുമുണ്ട്.
പക്ഷേ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചില്ല എന്ന കാരണത്താല്‍ എംജിഎസിനെ സംഘിയായി ചിത്രീകരിക്കാന്‍ വ്യാപകമായി ഇടതുസര്‍ക്കിളില്‍ ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ പ്രശ്നാധിഷ്ഠിത പിന്തുണമാത്രമാണ് അദ്ദേഹം ബിജെപിക്ക് നല്‍കിയത്. പശുക്കൊല അടക്കമുള്ള വിഷയങ്ങളില്‍ എംജിഎസ് സംഘപരിവാറിനെ നിശിമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
വികസന പ്രക്ഷോഭത്തില്‍ നാട്ടുകാര്‍ക്ക് ഒപ്പം
തന്റെ ബോധ്യങ്ങള്‍ക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് പ്രതികരിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും അദ്ദേഹം മടികാണിക്കാറില്ല. സുഖസൗകര്യങ്ങളോടും സാമ്പത്തികകാര്യങ്ങളോടും നിര്‍മമത പുലര്‍ത്തുന്നതുകൊണ്ടാണ് ഐ.സി.എച്ച്.ആര്‍. മുതലായ സ്ഥാപനങ്ങളില്‍നിന്ന് ഉയര്‍ന്ന ശിരസ്സുമായി ഇറങ്ങിപ്പോകാന്‍ അദ്ദേഹത്തിനുകഴിഞ്ഞത് എന്നും പറഞ്ഞുവെക്കേണ്ടതുണ്ട്.
കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ 'മൈത്രി' എന്നുപേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വീട് സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. അവിടെ പണ്ഡിതനും പാമരനുമില്ല. വലിയവരും ചെറിയവരും ഇല്ല. മുതിര്‍ന്ന സുഹൃത്തുക്കളും യുവസുഹൃത്തുക്കളും മാത്രം. സഹജമായ അന്വേഷണ താത്പര്യത്തോടെ ഏതപരിചിതനെയും അദ്ദേഹം കേള്‍ക്കും.
10വര്‍ഷംമുമ്പ് കോഴിക്കോട്ടുകാര്‍ നടത്തിയ ഒരു സമരമാണ്, എംജിഎസിനെ ജനീകയനാക്കിയത്. മാനാഞ്ചറി- വെള്ളിമാടുകുന്ന് നാലുവരിയാക്കാനുള്ള വികസന സമരത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ആ സമരത്തോടെയാണ് കോഴിക്കോട്ടെ സാധാരണക്കാര്‍ ആ മഹാചരിത്രകാരനുമായി അടുക്കുന്നത്. ഇപ്പോള്‍ ജീവിത സായാഹ്നത്തിലും ഈ ചരിത്രകാരന് കൂട്ട് കോഴിക്കോട്ടെ സാധാരണക്കാരും കുട്ടികളുമാണ്.
ഇന്നലെ വീട്ടില്‍നടന്ന യോഗത്തിലും 'നല്ലവാക്കുകള്‍ക്ക് വളരെ സന്തോഷം' എന്ന് ഒറ്റവാക്കില്‍ എം.ജി.എസ്. എല്ലാവര്‍ക്കും നന്ദിപറഞ്ഞു. മാത്യു കട്ടിക്കാന അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.സി. ശോഭിത, സരിത പറയേരി, ഗ്രോ വാസു, ഡോ. കെ. മൊയ്തു, ആര്‍.എസ്. പണിക്കര്‍, കെ.എഫ്. ജോര്‍ജ്, സാബി ജോസഫ്, സാബു കെ. ഫിലിപ്പ്, എം.പി. വാസുദേവന്‍, കെ.ജി. വിശേശ്വേരന്‍, ഇ. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.ജി.എസ്. വിദ്യാര്‍ഥിയായിരുന്നകാലംമുതല്‍ എഴുതിയ കവിതകള്‍ 'മരിച്ചു മമ ബാല്യം' വീട്ടില്‍ നടന്ന ചടങ്ങില്‍ ഡോ. ആര്‍സു പ്രകാശനംചെയ്തു.