- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗള്‍ഫിലെ യുദ്ധസാഹചര്യത്തില്‍ മുടങ്ങിയ കേരള സിലബസ് പരീക്ഷയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല; യു.എ.ഇയിലെ പ്ലസ്ടു കുട്ടികളുടെ ഭാവി തുലാസില്‍; തുടര്‍ പഠനത്തെ ബാധിക്കുമെന്നതിനാല്‍ നടപടി വേണമെന്ന് രക്ഷിതാക്കള്‍; സി.ബി.എസ്.ഇ മാതൃക പിന്തുടരണമെന്ന് ആവശ്യം
ഗള്‍ഫിലെ യുദ്ധസാഹചര്യത്തില്‍ മുടങ്ങിയ കേരള സിലബസ് പരീക്ഷയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല

ദുബായ്/തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലെ നിലവിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ച കേരള സിലബസ് പരീക്ഷകളുടെ കാര്യത്തില്‍ കേരള സര്‍ക്കാറും വിദ്യാഭ്യാസ ബോര്‍ഡും ഇനിയും തീരുമാനമാകാത്തത് പ്രവാസി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കുന്നു. സി.ബി.എസ്.ഇ അടക്കമുള്ള ബോര്‍ഡുകള്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കുമ്പോള്‍, കേരള വിദ്യാഭ്യാസ വകുപ്പിന്റെ മൗനം ആയിരക്കണക്കിന് കുട്ടികളുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്.
യു.എ.ഇയില്‍ മാത്രം പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി ആയിരത്തോളം കുട്ടികളാണ് കേരള സിലബസില്‍ പഠിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. നാട്ടിലെയും വിദേശത്തെയും സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനുള്ള പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പരീക്ഷാ ഫലം വൈകിയാല്‍ പ്രവേശന പരീക്ഷകള്‍ എഴുതിയവര്‍ക്കും മികച്ച മാര്‍ക്ക് പ്രതീക്ഷിക്കുന്നവര്‍ക്കും സീറ്റുകള്‍ നഷ്ടമാകുന്ന അവസ്ഥയിലാണ്.
മറ്റ് സിലബസുകാര്‍ ഉന്നത പഠനത്തിലേക്ക് കടക്കുമ്പോള്‍, കേരള സിലബസുകാര്‍ ഇനിയും പരീക്ഷാ തീയതിയും കാത്തിരിക്കേണ്ടി വരുന്നത് നീതിയല്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ പ്രതിസന്ധി നേരിട്ട സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളില്‍ പ്രായോഗികമായ പരിഹാരം കണ്ടുപിടിച്ചു കഴിഞ്ഞു. ഇതുവരെ നടന്ന പരീക്ഷകളിലെ പ്രകടനത്തിന് ആനുപാതികമായി ബാക്കി വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കി ഫലം പ്രഖ്യാപിക്കാനാണ് അവരുടെ തീരുമാനം. ഈ മാര്‍ഗ്ഗം കൈക്കൊള്ളാന്‍ കേരള വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം എന്നാണ് ആവശ്യം.
യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് (ADEK) നിലവിലെ സാഹചര്യത്തില്‍ ഓഫ്ലൈന്‍ പരീക്ഷകള്‍ക്ക് അനുമതി നല്‍കാന്‍ സാധ്യതയില്ല. സി.ബി.എസ്.ഇ നടപ്പിലാക്കിയതുപോലെയുള്ള ഒരു ബദല്‍ മാര്‍ഗം കേരള സര്‍ക്കാരും മുന്നോട്ട് വെച്ചാല്‍ യു.എ.ഇ അധികൃതര്‍ അത് അംഗീകരിച്ചേക്കും. എന്നാല്‍ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു അനക്കവുമില്ലെന്നാണ് രക്ഷിതാക്കള്‍ വ്യക്തമക്കുന്നത്.
കേരള സിലബസില്‍ പരീക്ഷാ നടത്തിപ്പിന് മറ്റ് മാനദണ്ഡങ്ങള്‍ ഇല്ലാത്തത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. മുന്‍പ് നടന്ന മോഡല്‍ പരീക്ഷകള്‍ ആധാരമാക്കാം എന്ന നിര്‍ദ്ദേശം ഉയരുന്നുണ്ടെങ്കിലും, ഓരോ സ്‌കൂളുകളും വ്യത്യസ്ത രീതിയില്‍ നടത്തുന്ന ഈ പരീക്ഷകള്‍ക്ക് അക്കാദമിക് കൃത്യത എത്രത്തോളമുണ്ടാകുമെന്നത് വിദ്യാഭ്യാസ വിദഗ്ധര്‍ സംശയിക്കുന്നു. എങ്കിലും അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ തീരുമാനങ്ങള്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം.
സംസ്ഥാന സര്‍ക്കാരോ, വിദ്യാഭ്യാസ മന്ത്രിയോ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പു ചൂടിലേക്ക് കേരളം കടന്നതോടെ രാഷ്ട്രീയക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും തീരുമാനം കൈക്കൊള്ളാത്ത അവസ്ഥയിലാണ്. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ബദല്‍ മൂല്യനിര്‍ണ്ണയം തേടണമെന്നുമുള്ള ആവശ്യം ശക്തമാണ്. പരീക്ഷ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്റേണല്‍ മാര്‍ക്കോ മുന്‍ പരീക്ഷാ മാര്‍ക്കോ പരിഗണിക്കാന്‍ ഉത്തരവാകണമെന്നാണ് രക്ഷിതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്.
വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പ്രവാസി സംഘടനകള്‍ ഒപ്പിട്ട മെമ്മോറാണ്ടം സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. ഒരു ജനതയുടെ വിയര്‍പ്പില്‍ കേരളം വളരുമ്പോള്‍, അവരുടെ മക്കളുടെ ഭാവിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ പ്രവാസി മലയാളി സമൂഹത്തില്‍ പ്രതിഷേധം പുകയുകയാണ്. എന്നാല്‍, തെരഞ്ഞെടുപ്പു കഴിഞ്ഞ് അടുത്തു വരുന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളട്ടേ എന്ന നിലപാടിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. പൊതുസമൂഹം ഈ പ്രശ്‌നം ഏറ്റെടുക്കണമെന്നും പ്രവാസി കുടുംബങ്ങളുടെ കണ്ണീരൊപ്പണമെന്നുമാണ് ഇവരുടെ ഏക അപേക്ഷ.


