- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കന്‍ മോഹം മുതലാക്കി വലവിരിച്ചത് തട്ടിപ്പുകാര്‍; തിരകെ എത്തിയത് തട്ടിപ്പിന് ഇരയായവര്‍; 'ഉള്ളതെല്ലാം വിറ്റ് പെറുക്കി ഏജന്റുമാര്‍ക്ക് കോടികള്‍ നല്കി; മണിക്കൂറുകള്‍ നീണ്ട കടല്‍-കാല്‍നട യാത്രകള്‍, വഴിയില്‍ കണ്ടത് നിരവധി മൃതദേഹങ്ങള്‍'; അമേരിക്കന്‍ മോഹം പൊലിഞ്ഞവര്‍ പറയുന്നു
'ഉള്ളതെല്ലാം വിറ്റ് പെറുക്കി ഏജന്റുമാര്‍ക്ക് കോടികള്‍ നല്കി
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരായി അമേരിക്കയില്‍ നിന്ന് അമൃത്സറിലെത്തിച്ച ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായത്. അമേരിക്കന്‍ മോഹം മനസില്‍ സൂക്ഷിച്ചവരാണ് കബളിപ്പിക്കപ്പെട്ടത്ച. യുഎസ് വര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് കടല്‍ മാര്‍ഗവും പര്‍വത മാര്‍ഗവും അതിര്‍ത്തികളിലെത്തിക്കുകയായിരുന്നു ഈ വ്യാജ ഏജന്റുമാരുടെ പതിവ്. ഇവരുടെ ചതിയില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരാണ്. സ്വപ്‌ന രാജ്യത്തേക്കുള്ള യാത്രയില്‍ കഠിനമായ യാത്രാമദ്ധ്യേ മരിച്ചുവീണത് നിരവധി പേരാണ്.
ഇത്തരത്തിലുള്ള ദുരിത അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരിച്ചെത്തിയവരില്‍ പലരും. ഉള്ളതെല്ലാം വിറ്റ് മക്കളെ യുഎസിലേക്ക് അയച്ച രക്ഷിതാക്കള്‍ക്ക് അവരെ ജീവനോടെ തിരികെ കിട്ടയതിന്റെ സന്തോഷമാണ്. യുഎസില്‍ എത്താന്‍ ഒരു കോടി രൂപ ഏജന്റുമാര്‍ക്ക് നല്‍കിയെന്നാണ് ഒരു ഗുജറാത്തി കുടുംബം പറയുന്നത്. ഒന്നര ഏക്കര്‍ സ്ഥലം വിറ്റ് 42 ലക്ഷം രൂപ നല്‍കിയാണ് അനന്തരവനെ വിദേശത്തേക്ക് അയച്ചതെന്ന് അമൃത്സറിലെ ഒരു ഗ്രാമത്തില്‍ കഴിയുന്ന വൃദ്ധന്‍ പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട ദുരിത യാത്രകളും നേരിട്ട വെല്ലുവിളികളും മറികടന്നാണ് അമേരിക്കയില്‍ എത്തിയതെന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഭൂരിഭാഗം അനധികൃത കുടിയേറ്റക്കാരും പറയുന്നത്. തെക്കേ അമേരിക്കയിലേക്കുള്ള ദീര്‍ഘദൂര വിമാനയാത്ര, അശാന്തമായ കടലിലൂടെയുള്ള ടോറ്ററി ബോട്ടിലെ യാത്ര, കുന്നുംമലയും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയുള്ള കാല്‍നടയാത്ര, യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ജയിലുകളിലെ ഇരുണ്ട സെല്ലുകളിലെ താമസം, അവസാനം ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍ - അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റ വഴികളെ ഇങ്ങനെ ചുരുക്കിപറയാം.
യു.എസ് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത ഏജന്റിന് 42 ലക്ഷം രൂപ നല്‍കിയെന്നാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പഞ്ചാബിലെ തഹ്ലി ഗ്രാമത്തില്‍ നിന്നുള്ള ഹര്‍വീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞത്. അവസാന നിമിഷം, വിസ ലഭിച്ചില്ലെന്ന് അറിയിച്ച ഏജന്റ്, ഹര്‍വീന്ദര്‍ സിങ്ങിനെ ഡല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കും തുടര്‍ന്ന് ബ്രസീലിലേക്കും വിമാനം കയറ്റിവിട്ടു. ബ്രസീലില്‍ നിന്ന് പെറുവിലേക്ക് വിമാനം കയറ്റിവിടുമെന്ന് പറഞ്ഞെങ്കിലും അങ്ങനെയൊരു വിമാനം ഉണ്ടായിരുന്നില്ല. പിന്നീട് ടാക്‌സിയില്‍ കൊളംബിയയിലേക്കും പനാമയിലേക്കും കൊണ്ടുപോയി. പനാമയില്‍ നിന്ന് കപ്പലില്‍ കൊണ്ടു പോകുമെന്ന് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് രണ്ടു ദിവസം കാല്‍നടയാത്രയായിരുന്നു.
പര്‍വതപാതയിലൂടെ നടന്നതിന് ശേഷം, ഹര്‍വീന്ദര്‍ സിങ്ങിനെയും മറ്റ് കുടിയേറ്റക്കാരെയും ഒരു ചെറിയ ബോട്ടില്‍ ആഴക്കടലിലൂടെ മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് അയച്ചു. നാലു മണിക്കൂര്‍ നീണ്ട കടല്‍ യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച ബോട്ട് മറിയുകയും ഒപ്പമുണ്ടായിരുന്ന ഒരാളുടെ മരണത്തിന് സാക്ഷിയാകുകയും ചെയ്തു. പനാമ വനത്തില്‍വച്ച് മറ്റൊരാളും മരിച്ചു. ഈ യാത്രക്കിടയില്‍ പാകം ചെയ്യാന്‍ വളരെ കുറച്ച് അരിയാണ് കൈവശം ഉണ്ടായിരുന്നതന്നും ഹര്‍വീന്ദര്‍ സിങ് ഓര്‍മിക്കുന്നു.
പഞ്ചാബിലെ ദാരാപൂര്‍ ഗ്രാമവാസിയായ സുഖ്പാല്‍ സിങ്ങിനും സമാന പരീക്ഷണമാണ് കുടിയേറ്റ യാത്രയില്‍ നേരിടേണ്ടി വന്നത്. 15 മണിക്കൂര്‍ കടലിലൂടെയും ആഴമേറിയ താഴ്വരകളിലാല്‍ ചുറ്റപ്പെട്ട കുന്നുകള്‍ക്കിടയിലൂടെ 45 കിലോമീറ്ററോളം കാല്‍നടയായും യാത്ര ചെയ്‌തെന്നാണ് സുഖ്പാല്‍ പറയുന്നത്.
യാത്രക്കിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അവരെ മരണത്തിന് വിടുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. യാത്രക്കിടെ വഴിയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടിട്ടുണ്ട്. അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് മെക്‌സിക്കോയില്‍ വച്ച് അറസ്റ്റ് ചെയ്തതിനാല്‍ യാത്ര വിജയം കണ്ടില്ല.
തന്നെയും ഒപ്പമുണ്ടായിരുന്നവരെയും 14 ദിവസം ഇരുണ്ട സെല്ലില്‍ പാര്‍പ്പിച്ചു. ആ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും സൂര്യനെ കണ്ടിട്ടില്ല. ആയിരക്കണക്കിന് പഞ്ചാബി ആണ്‍കുട്ടികളും കുടുംബങ്ങളും കുട്ടികളും സമാന സാഹചര്യങ്ങളില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. തെറ്റായ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും സുഖ്പാല്‍ സിങ് പറയുന്നു.
പഞ്ചാബില്‍ നിന്ന് വിരമിച്ച പൊലീസ് ഇന്‍സ്‌പെക്ടറായ ചരണ്‍ജിത് സിംഗിന്റെ ചെറുമകന്‍ അജയ്ദീപ് സിംഗും ഏജന്റുമാരുടെ കെണിയില്‍പ്പെട്ടിരുന്നു. നാടുകടത്തപ്പെടുന്നതിന് മുമ്പ് വരെ ഒരു ക്യാമ്പിലാണ് താമസിച്ചിരുന്നതെന്ന് അജയ്ദീപ് പറഞ്ഞു. നാടുകടത്തപ്പെട്ട ചിലര്‍ ഇക്കാര്യം അവരുടെ ബന്ധുക്കളെ അറിയിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരെ റോഡ് മാര്‍ഗം അവരുടെ നാട്ടിലേക്കയച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വിമാനമാര്‍ഗമാകും അവരുടെ നാട്ടിലെത്തിക്കുക എന്ന് അമൃത്സര്‍ വിമാനത്താവളത്തിലെ അധികൃതര്‍ അറിയിച്ചു. ഇവരെ യുഎസില്‍ എത്താന്‍ സഹായിച്ചത് ആരാണെന്നും ഈ ഏജന്റുമാര്‍ എത്ര പണം നല്‍കിയെന്നും അന്വേഷിക്കുമെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ 104 പേരെയാണ് യു.എസ് സൈനിക വിമാനത്തില്‍ അമേരിക്കന്‍ അധികൃതര്‍ ഇന്ത്യയിലെത്തിച്ചത്. സൈനികവിമാനത്തില്‍ കൈകാലുകളില്‍ വിലങ്ങുവെച്ച നിലയിലായിരുന്ന തങ്ങളുടെ ദുരവസ്ഥയെ കുറിച്ചും യാത്രക്കിടെയുണ്ടായ മാനസിക പീഡനത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയ യാത്രക്കാര്‍. ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന യാത്രയില്‍ വാഷ്റൂമില്‍ പോകാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നതായി അവര്‍ വെളിപ്പെടുത്തി.
ഇക്കാര്യം സമൂഹമാധ്യമങ്ങളിലേക്കും വാര്‍ത്തമാധ്യമങ്ങളിലേക്കും വ്യാപകമായി പ്രചരിക്കുമ്പോള്‍, ഈ സംഭവത്തെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ വെളിച്ചത്ത് വരുന്നതിനൊപ്പം, ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്നതിനെ കുറിച്ചും ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. സര്‍ക്കാരിന്റെ നിലപാട് എന്താണെന്നതും, ഈ അനുഭവം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നതും പൊതുമേഖലയില്‍ ചര്‍ച്ചയാകുന്നു. അതേസമയം, യു.എസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കാലുകളും കൈകളും ബന്ധിച്ചായിരുന്നു അമൃത്സര്‍ വരെ എത്തിച്ചത്. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിലങ്ങുകള്‍ അയച്ചത്. ഇന്ത്യയിലെത്തിയ ജസ്പാല്‍ സിങ് എന്നയാള്‍ പി.ടി.ഐയോട് പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ എത്തുന്ന വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നു. മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുക എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഒരു പോലീസുകാരന്‍ പറയുമ്പോഴാണ് ഇന്ത്യയിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞത്. നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയില്‍ കണ്ട സ്വപ്നങ്ങള്‍ ഇതോടെ തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.