- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ടെലിഗ്രാമില്‍ വില്പനയ്ക്ക്; ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ; 7,240 ജിബി വിവരങ്ങള്‍ പക്കലുണ്ടെന്ന് ഹാക്കര്‍മാര്‍
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ടെലിഗ്രാമില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് സ്ഥാപനമായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ മലയാളികളടക്കം ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളും മെഡിക്കല്‍ വിവരങ്ങളും ടെലിഗ്രാം ബോട്ട് വഴി ചോര്‍ന്നതായാണ് വിവരം. 3.12 കോടി പോളിസി ഉടമകളുടെ 7,240 ജിബി വരുന്ന വിവരങ്ങള്‍ പക്കലുണ്ടെന്നാണു ഹാക്കര്‍മാരുടെ വാദം. സാംപിളുകള്‍ ലഭ്യമാക്കി ഇവ 1.5 ലക്ഷം ഡോളറിന് (ഏകദേശം 1.25 കോടി രൂപ) ഹാക്കര്‍മാര്‍ വില്‍പനയ്ക്കു വച്ചതായാണു വിവരം. ഒരു ലക്ഷം വീതമുള്ള സെറ്റിനു 10,000ഡോളറാണ് (8.34 ലക്ഷം) വില. കഴിഞ്ഞ മാസം വരെയുള്ള 5.75 ലക്ഷം ഇന്‍ഷുറന്‍സ് ക്ലെയിം വിവരങ്ങളുമുണ്ട്.
നാല് ബില്യണ്‍ ഡോളറിലധികം വിപണി മൂലധനമുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ആര്‍ക്കും അനായാസം ടെലിഗ്രാമില്‍ നിന്ന് ലഭിക്കുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രാദേശിക അധികൃതര്‍ക്ക് അനധികൃത ഡാറ്റ ആക്സസ് ഉണ്ടെന്ന് കമ്പനി സംശയിക്കുന്നതായി കമ്പനി അറിയിച്ചു. പേര്, വിലാസം, ചിത്രം, ആധാര്‍/പാന്‍ പകര്‍പ്പുകള്‍, ഭാരം, ഉയരം, രക്തപരിശോധനാ ഫലം, ഇസിജി, എക്‌സ്‌റേ കോപ്പികള്‍, പോളിസിയെടുക്കുമ്പോഴുള്ള രോഗങ്ങള്‍, ആശുപത്രി ബില്ലുകള്‍, പരുക്കുകളുടെ ചിത്രങ്ങള്‍, നോമിനി വിവരങ്ങള്‍, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), ഹെല്‍ത്ത് കാര്‍ഡ് തുടങ്ങി ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങളാണ് ടെലിഗ്രാം ബോട്ട് വഴി ചോര്‍ന്നത്.
ടെലിഗ്രാം ബോട്ടിലൂടെ ആദ്യം ലഭിച്ച 10 സാംപിളുകളില്‍ കോഴിക്കോട് സ്വദേശിയായ 78 വയസ്സുകാരന്റെയും വടകര സ്വദേശിയായ 66കാരിയുടെയും കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ 37കാരന്റെയും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ഡിസ്ചാര്‍ജ് സമ്മറി ഇവ ലഭിച്ചു. ഒരു വ്യക്തിയുടെ ശരാശരി 10 രേഖകളെങ്കിലും വില്‍പനയ്ക്കുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിമിനായി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത രേഖകളാണിവ. 10 പേരുടെ ഡേറ്റ ടെലിഗ്രാം ബോട്ടിനോട് ആവശ്യപ്പെട്ടപ്പോള്‍ 86 പിഡിഎഫ് ഫയലുകളാണ് ലഭിച്ചത്. വിഭാഗം തിരിച്ചു ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമാക്കാമെന്ന വാഗ്ദാനവും വെബ്‌സൈറ്റിലുണ്ട്. സ്റ്റാര്‍ ഹെല്‍ത്ത് ഉപയോക്താക്കളായ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സാംപിളായി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സംഭവം ഗൗരവമുള്ളതാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അനധികൃതമായി ഡേറ്റ ചോര്‍ത്തിയെന്ന തരത്തില്‍ ഓഗസ്റ്റ് 13ന് വിവരം ലഭിച്ചതായി സ്റ്റാര്‍ ഹെല്‍ത്ത് അറിയിച്ചു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നഷ്ടമായിട്ടില്ലെന്നും അവ സുരക്ഷിതമാണെന്നും കമ്പനി പ്രതികരിച്ചു. അതേസമയം ചാറ്റ് ബോട്ടുകളുടെ സഹായത്തോടെ ഉപഭോക്താവിന്റെ പേര്, ഫോണ്‍ നമ്പര്‍, വിലാസം, നികുതി വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍, പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചതായാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. 887 ഓഫീസുകളും 30,000ല്‍ അധികം ഹെല്‍ത്ത് കെയര്‍ പ്രൗവൈഡര്‍മാര്‍ 718,000 ഏജന്റുമാര്‍ തുടങ്ങി ശക്തമായ വിതരണ ശൃംഖലയുമായി 2006 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് രംഗത്തെ പ്രബല സ്ഥാപനമാണ് സ്റ്റാര്‍ ഹെല്‍ത്ത്. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍, വ്യക്തിഗത അപകടങ്ങള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ പാക്കേജുകളില്‍ കമ്പനി ഇന്‍ഷുറന്‍സ് നല്‍കിവരുന്നുണ്ട്.