- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുന്നപ്പുഴ പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിന്നു; നാലുപേര്‍ സഞ്ചരിക്കുന്ന ചങ്ങാടത്തില്‍ പത്തുപേര്‍ കയറിയത് പ്രതിസന്ധിയായി; മന്ത്രി കേളുവിനെ തണ്ടര്‍ബോള്‍ഡ് രക്ഷിച്ചത് സാഹസികമായി; കമ്പിപ്പാലം പ്രളയത്തില്‍ തകര്‍ന്നിട്ടും കണ്ണു തുറക്കാത്ത സര്‍ക്കാര്‍; കുഞ്ചക്കൊല്ലി കോളനിയുടെ വേദന മന്ത്രി അനുഭവിച്ച് അറിഞ്ഞപ്പോള്‍
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ മലപ്പുറം വഴിക്കടവില്‍ പ്രചരണത്തിന്റെ ഭാഗമായി എത്തിയ മന്ത്രി ഒ.ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങിയപ്പോള്‍ രക്ഷയ്ക്ക് ഓടിയെത്തിയത് തണ്ടര്‍ബോള്‍ട്ട്. മന്ത്രി ഉള്‍പ്പെടുന്ന പത്തംഗ സംഘം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് കുഞ്ചക്കൊല്ലി കോളനിയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിന്നത്. നാലുപേര്‍ സഞ്ചരിക്കുന്ന ചങ്ങാടത്തില്‍ പത്തുപേര്‍ കയറിയതാണ് പ്രതിസന്ധി ഉണ്ടാകാന്‍ കാരണം. നേരത്തെ ഇവിടെ ഒരു കമ്പിപ്പാലം ഉണ്ടായിരുന്നു. എന്നാല്‍ പ്രളയ സമയത്ത് ഈ പാലം തകര്‍ന്നു. പുതിയ പാലം വേണമെന്ന് നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.
പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയെയും പ്രവര്‍ത്തകരെയും പോലീസും തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചത്. പുഴ കടന്ന മന്ത്രി കോളനിയിലെത്തി നാട്ടുകാരുമായി സംസാരിച്ചു. ഇതിനിടയില്‍ പുഴകടക്കാന്‍ ചങ്ങാടമല്ലാതെ മറ്റ് സംവിധാനങ്ങളില്ലാത്തത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കുഞ്ചിക്കൊല്ലി കോളനിയിലെ നിവാസികളുടെ വേദന അദ്ദേഹം നേരിട്ട് അറിഞ്ഞിരിക്കുകയാണ്. സാധാരണക്കാരില്‍ ഒരുവനാണ് മന്ത്രി കേളുവും. സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തി. അതുകൊണ്ട് തന്നെ കോളനിയുടെ വേദന മന്ത്രിയും തിരിച്ചറിഞ്ഞു.
2018ലെ പ്രളയത്തിലാണ് പുന്നപ്പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം തകരുന്നത്. അതിന് ശേഷം ഇരുകരകളിലും താമസിക്കുന്നവര്‍ പുഴകടക്കാനായി മുളകൊണ്ട് നിര്‍മിച്ച ചങ്ങാടമാണ് ഉപയോഗിക്കുന്നത്. മഴ പെയ്ത് പുഴയില്‍ വെള്ളം കൂടിയാല്‍ ചങ്ങാടത്തിലെ യാത്ര മുടങ്ങി ഒറ്റപ്പെട്ട് കഴിയേണ്ട സ്ഥിതിയാണ് ഇവിടുത്തുകാരുടേത്. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്നത് മൂന്നുവര്‍ഷമായുള്ള നിരന്തര ആവശ്യമാണ്. ഇനിയെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷിയലാണ് ഇപ്പോള്‍ നാട്ടുകാര്‍.
രാഷ്ട്രീയത്തിനതീതമായി ആര്‍ക്കും എപ്പോഴും സ്വീകാര്യന്‍. ബഹളങ്ങളില്ലാതെ മണ്ഡലവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം. ഏറ്റവും താഴേക്കിടയില്‍ നിന്ന് ഘട്ടം ഘട്ടമായി വളര്‍ന്ന രാഷ്ട്രീയ പാരമ്പര്യം. ഒ.ആര്‍ കേളുവെന്ന ജനപ്രതിനിധിയെ വയനാട്ടിലെ പിന്നാക്ക മണ്ഡലങ്ങളിലൊന്നായ മാനന്തവാടി ചേര്‍ത്തിപിടിച്ചത് ഇതൊക്കെ കൊണ്ടാണ്. വയനാട് ജില്ലയുടെ ചരിത്രത്തിലെ ആദ്യത്തെ സി.പി.എം മന്ത്രിയാണ് ഒ.ആര്‍ കേളു. ആ മന്ത്രി ആദിവാസി ദുരിതത്തിന് മേഖലയില്‍ രക്ഷയൊരുക്കുമെന്ന് കരുതുന്നവരാണ് വയനാട്ടുകാര്‍.
തോട്ടം തൊഴിലാളിയായും കൂലി പണിക്കാരനായും ഉപജീവനമാര്‍ഗം കണ്ടെത്തിയ ആളാണ് കേളു. മന്ത്രിയായട്ടുകൂടി ഇപ്പോഴും വാഴയും കപ്പയും നെല്ലും വിളയിക്കുന്ന പശുവിനെയും കോഴിയേയും വളര്‍ത്തുന്ന കര്‍ഷകനാണ്. 1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ജനകീയാസൂത്രണം നടപ്പിലാക്കിയപ്പോള്‍ അയല്‍ക്കൂട്ടം കണ്‍വീനറായാണ് കേളു പൊതുരംഗത്തേക്ക് എത്തുന്നത്. 2000ല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 2005ലാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നത്. 2010ല്‍ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നാണ് മന്ത്രിയിലേക്കുള്ള യാത്ര തുടങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും ആരംഭിച്ച പഠനവീട് എന്ന പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റി. 2015ല്‍ തിരുനെല്ലി ബ്ലോക്ക് ഡിവിഷനില്‍ നിന്ന് വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ കേളു നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയാണ്.