പ്രയാഗ്രാജ്: മഹാകുംഭമേളയുടെ ഭാഗമായി കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്നാനം ചെയ്തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്രമന്ത്രി ഡോ ജിതേന്ദ്ര സിങ്. ആണവ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 'മഹാകുംഭമേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ പ്രശംസനീയമാണ്. 50 കോടിയിലധികം ഭക്തര്‍ കുംഭമേള സന്ദര്‍ശിച്ചു, ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ' മന്ത്രി പറഞ്ഞു.

മഹാകുംഭമേളയോടനുബന്ധിച്ച് ഗംഗയും യമുനയും അദൃശ്യമായി ഒഴുകുന്ന സരസ്വതിയും ഒത്തുച്ചേരുന്ന സംഗമ സ്ഥാനത്തില്‍ ഇതിനോടകം 500 ദശലക്ഷത്തിലധികം പേരാണ് സ്നാനം ചെയ്തത്. ഇത്രയുമധികം ആളുകള്‍ മുങ്ങി നിവര്‍ന്നിട്ടും എന്തെങ്കിലും തരത്തില്‍ അസുഖം പകര്‍ന്നതായി റിപ്പോര്‍ട്ടുകളില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.

50 കോടിയിലധികം പേരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്. എവിടെനിന്നും വൃത്തി സംബന്ധമായ പരാതികളോ പകര്‍ച്ച വ്യാധികള്‍ സംബന്ധമായ പ്രതിസന്ധികളോ ഉയര്‍ന്നുവന്നില്ല. അതികഠിനമായ പ്രയത്‌നമായിരുന്നു അതിന് വേണ്ടിവന്നതെന്ന് ഡയബറ്റോളജിസ്റ്റ് കൂടിയായ മന്ത്രി പറഞ്ഞു. മുംബയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ വിന്യാസത്തിലൂടെയാണ് ഈ അതുല്യ നേട്ടം സാദ്ധ്യമായത്. ആണവോര്‍ജ്ജ വകുപ്പിന്റെ അംഗീകാരത്തോടെയാണ് രണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. 'ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിംഗ് ബാച്ച് റിയാക്ടേഴ്സ്' എന്ന മലിനജല സംവിധാനമാണ് കുംഭമേളയില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കുംഭമേളയില്‍ 11 സ്ഥിരം മാലിന്യ സംസ്‌കരണ പ്ലാന്റുകളും മൂന്ന് താത്കാലിക മാലിന്യ സംസ്‌കരണ പ്ലാന്റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. മലിനജലം സംസ്‌കരിക്കാന്‍ സൂക്ഷ്മാണുക്കളെയാണ് പ്‌ളാന്റുകള്‍ ഉപയോഗിക്കുന്നത്. 'ഫീക്കല്‍ സ്‌ളഡ്ജ് ട്രീറ്റ്മെന്റ് പ്‌ളാന്റ്' എന്നറിയപ്പെടുന്ന ഈ സംവിധാനം ആണവോര്‍ജ്ജ വകുപ്പിലെ ഡോ. വെങ്കട് നഞ്ചരയ്യ ആണ് വികസിപ്പിച്ചത്.മഹാകുംഭ മേളയില്‍ ഗംഗാ നദിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന പ്‌ളാന്റുകള്‍ക്ക് ദിവസത്തില്‍ 1.5 ലക്ഷം ലിറ്റര്‍ മലിനജലം സംസ്‌കരിക്കാന്‍ സാധിക്കും.

മാത്രമല്ല, സംവിധാനം പ്രവര്‍ത്തിക്കാന്‍ കുറഞ്ഞ അളവില്‍ സ്ഥലം, കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവ മതിയായതിനാല്‍ ഗ്രാനുല്‍സ് അധിഷ്ഠിത സംവിധാനത്തിന് ചെലവും വളരെ കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് 30 മുതല്‍ 60 ശതമാനംവരെ ചെലവ് കുറയ്ക്കാനാണ് പുതിയ സംവിധാനം സഹായിക്കുന്നത്.

നേരത്തെ നടന്ന കുംഭമേളകളില്‍ കോളറ, വയറിളക്കം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഇക്കൊല്ലം ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ നേട്ടമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മേള നടക്കുന്ന പ്രദേശത്ത് 1.5 ലക്ഷം ടോയ്ലറ്റുകളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥാപിച്ചത്. കുടിവെള്ളത്തിനായും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.