- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയസ്സ് തെറ്റിച്ചെഴുതി പൊലീസ്; പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാനായില്ല; കൊലക്കേസില്‍ സഹോദരങ്ങള്‍ ജയിലില്‍ കിടന്നത് 14 വര്‍ഷം
തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം കൊലപാതക കേസില്‍ ഉള്‍പ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങള്‍ ജയില്‍ശിക്ഷ അനുഭവിച്ചത് 14 വര്‍ഷം. കേസന്വേഷിച്ച പൊലീസുകാരന്‍ വയസ്സ് തെറ്റിച്ചെഴുതിയതിലൂടെ ബാലനീതി നിയമങ്ങളെ പോലും നോക്കുകുത്തിയാക്കിയാണ് ഇരുവര്‍ക്കും ശിക്ഷയനുഭവിക്കേണ്ടി വന്നത്.
2004-ല്‍ ഇടുക്കി ദേവികുളം കുണ്ടള സാന്റോസ് കോളനിയില്‍ പളനിസ്വാമി കൊല്ലപ്പെട്ട കേസിലാണ് തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയ്ക്കും ഒപ്പം മഹേഷും അനുജന്‍ രാജേഷും പ്രതികളാവുന്നത്. കൊലയാളികളെന്ന് മുദ്രകുത്തുമ്പോള്‍ യഥാര്‍ഥത്തില്‍ മഹേഷിന് പ്രായം പതിനേഴും അനുജന്‍ രാജേഷിന് പതിനാറുമായിരുന്നു. ബാലനീതി നിയമപ്രകാരം 18 വയസ്സിനു താഴെയുള്ളവര്‍ ചെയ്യുന്ന കുറ്റത്തിന് പരമാവധി ശിക്ഷ മൂന്നുവര്‍ഷമാണ്. ഇതറിയാതെയാണ് ഇരുവരും വര്‍ഷങ്ങളോളം ശിക്ഷയനുഭവിക്കേണ്ടി വന്നത്.
പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറയാനും തെളിയിക്കാനും ആരുമുണ്ടായില്ല. ആദ്യം 79 ദിവസം ജയിലില്‍, പിന്നീട് ജാമ്യത്തിലിറങ്ങി. 2010-ല്‍ തൊടുപുഴ സെഷന്‍സ് കോടതി നാലുപേര്‍ക്കും ജീവപര്യന്തം വിധിച്ചു. അച്ഛന്‍ സെബാസ്റ്റ്യനും (ആസൈതമ്പി) അമ്മ കുട്ടിയമ്മയ്ക്കും ഒപ്പം വീണ്ടും ജയിലിലേക്ക്. 2016-ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷായിളവ് ലഭിച്ചില്ല.
ഏതാനും മാസങ്ങള്‍ക്കുമുന്‍പ് പൂജപ്പുര സ്ത്രീകളുടെ ജയില്‍ സന്ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രവര്‍ത്തകരോട് കുട്ടിയമ്മ മക്കള്‍ ചെറുപ്രായത്തില്‍ കേസില്‍പ്പെട്ടത് പറഞ്ഞു. തുടര്‍ന്ന് കൊലപാതകം നടന്ന സമയത്ത് മഹേഷിനും രാജേഷിനും പ്രായപൂര്‍ത്തിയായിരുന്നില്ല എന്നു കാണിച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എസ്. ഷംനാദ് ഇടപെട്ട് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിനല്‍കിയതാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായത്.
പ്രായം അന്വേഷിക്കാനും കേസ് പുനഃപരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. തൊടുപുഴ സെഷന്‍സ് കോടതിയിലായിരുന്നു അന്വേഷണം. പഠിച്ച സ്‌കൂളിലെ പ്രഥമാധ്യാപകന്‍ രജിസ്റ്ററുമായെത്തി. മൈനറായിരുന്നുവെന്ന് തെളിഞ്ഞു. അപൂര്‍വമായി മാത്രമാണ് സി.ആര്‍.പി.സി. 362 മുഖേന അന്തിമവിധിന്യായം പുനഃപരിശോധിക്കുകയെന്ന് എസ്. ഷംനാദ് പറയുന്നു. ഇരുവരുടെയും ജീവിതം നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും അഭിഭാഷകയായ അനുജിയെ നിയമിച്ചിട്ടുണ്ട്.
18 വയസ്സിനു താഴെയുള്ളപ്പോള്‍ കുറ്റകൃത്യംചെയ്ത് ജയിലിലായവരെ കണ്ടെത്തുന്ന ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ റീസ്റ്റോറിങ് യൂത്ത് എന്ന പരിപാടിയിലൂടെ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഈ മാസം ഒമ്പതിന് ഇരുവര്‍ക്കും പുറത്തേക്കുള്ള വഴിയൊരുക്കിയത്.
വിചാരണക്കാലത്ത് ഇരുവരും വിവാഹിതരായിരുന്നു. ജയിലില്‍നിന്നുള്ള ശമ്പളം വീട്ടിലേക്ക് അയച്ചു. രണ്ടുപേരുടെയും മക്കള്‍ പഠിക്കുകയാണ്. ഇടയ്ക്കിടെ പരോളിലിറങ്ങി ഭാര്യയെയും മക്കളെയും കണ്ടിരുന്നു. ഇപ്പോള്‍ താമസം മറയൂരിലേക്ക് മാറ്റി.