ന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഉയര്‍ത്തിയ, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊടുക്കുന്നത് എട്ടിന്റെ പണിയോ? ഇന്ത്യ, ചൈന, റഷ്യ, എന്നീ അച്ചുതുണ്ട് രൂപപ്പെടുന്നത്, ലോകത്തിന്റെ ജിയോപൊളിറ്റിക്സിനെ തന്നെ മാറ്റിമറിക്കുകയാണ്. ഇതോടൊപ്പം ജപ്പാനും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും വന്‍ നിക്ഷേപത്തിന് ഒരുങ്ങുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപിന്റെ കോളുകള്‍ മോദി 4 തവണ ബഹിഷ്‌കരിച്ചെന്ന വാര്‍ത്ത ലോകം തന്നെ അമ്പരപ്പോടെയാണ് കണ്ടത്. വ്യാപാര ചര്‍ച്ചകള്‍ക്കായി നിശ്ചയിച്ചിരുന്ന യുഎസ് സന്ദര്‍ശനം ജപ്പാന്‍ പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ 10 ട്രില്യണ്‍ യെന്നിന്റെ നിക്ഷേപമാണ് ജപ്പാന്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള മഞ്ഞും ഉരുകാന്‍ തുടങ്ങുകയാണ്. നാളെ ചൈനീസ് ഉച്ചക്കോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെയും മോദി കാണുന്നുമുണ്ട്.

ടിക്ക് ടോക്ക് തിരിച്ചുവരുമോ?

2020-ല്‍ അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി നിരോധിക്കുമ്പോള്‍, 20 കോടി ഉപയോക്താക്കളായിരുന്നു ഇന്ത്യയില്‍ ടിക്ക് ടോക്ക് ഉപയോഗിച്ചിരുന്നത്. ടിക്ക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കമ്പനി ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക്ക് ടോക്കിന്റ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല...

ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടത്. ടിക്ക് ടോക്കിന് ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്ന സമയത്താണിത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക്ക് ടോക്കിന്റെ വെബ്‌സൈറ്റ് ഭാഗികമായി ആക്‌സസ് ചെയ്യാന്‍ കഴിയുന്നതായി കുറച്ച് ഉപയോക്താക്കള്‍ വ്യക്തമാക്കിയിരുന്നു.ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്കുളള ഒഴിവുകള്‍ കണ്ടന്റ് മോഡറേറ്റര്‍ (ബംഗാളി സ്പീക്കര്‍), വെല്‍ബീയിംഗ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം എന്നീ തസ്തികകളാണ്. ടിക്ക് ടോക്കിലെ ഉള്ളടക്കം നിരീക്ഷിക്കുകയും ഫില്‍ട്ടര്‍ ചെയ്യുക എന്നതാണ് കണ്ടന്റ് മോഡറേറ്ററുടെ ജോലി.

ടിക്ക് ടോക്കിന്റെ പ്രാദേശിക ടീമുകളുടെ ക്ഷേമ സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള നയങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന റോളാണ് വെല്‍ബീയിംഗ് ചുമതല. പുതിയ തൊഴില്‍ അവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കമ്പനി ഇന്ത്യയില്‍ താമസിയാതെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ലക്ഷമണയാണ് കരുതുന്നത്.

ജപ്പാന്‍ ഇന്ത്യക്കൊപ്പം

അടുത്ത 10 വര്‍ഷത്തില്‍ ഇന്ത്യയില്‍ 10 ട്രില്യണ്‍ യെന്‍ (ഏകദേശം 60,000 കോടി രൂപ) നിക്ഷേപം നടത്തുമെന്നാണ് ജപ്പാന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ എന്നിവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍. വ്യവസായം, ശുദ്ധമായ ഊര്‍ജ്ജം, മനുഷ്യവിഭവശേഷി എന്നിവയുമായി ബന്ധപ്പെട്ട കരാറുകളാണ് ഇതില്‍ പ്രധാനം. ഇത് ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്കും, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും ഊര്‍ജം പകരുന്നതാണെന്ന് ഇക്കണോമിക്ക് ടൈംസ് നിരീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയുമായി 170 ല്‍ അധികം കരാറുകളാണ് ജാപ്പനീസ് കമ്പനികള്‍ സാധ്യമാക്കിയത്. ഗുജറാത്തിലും ആന്ധ്രാപ്രദേശിലും 7,100 കോടി രൂപ നിക്ഷേപിച്ച നിപ്പോണ്‍ സ്റ്റീല്‍ പദ്ധതി, ഗുജറാത്തില്‍ 38,200 കോടി രൂപയിറക്കിയ സുസുക്കി മോട്ടോഴ്‌സ്, കര്‍ണാടകയിലും, മഹാരാഷ്ട്രയിലും പുതിയ പദ്ധതികള്‍ക്കായി 23,300 കോടി രൂപ നിക്ഷേപിക്കുന്ന ടൊയോട്ട കിര്‍ലോസ്‌കര്‍, റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ 4.76 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ച സുമിറ്റോമോ റിയാലിറ്റി, ഇലക്ട്രിക്കല്‍ സ്റ്റീല്‍ പദ്ധതിയില്‍ 44,500 കോടി രൂപ നിക്ഷേപിച്ച ജെഎഫ്ഇ സ്റ്റീല്‍, 400 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതി പ്രഖ്യാപിച്ച ഒസാക്ക ഗ്യാസ്, വാണിജ്യ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ ഇസ്രോയുമായി കൈകൊര്‍ത്ത ആസ്‌ട്രോസ്‌കെയില്‍ എന്നിവ എടുത്തുപറയേണ്ട ഡീലുകളാണ്.

ഇരു രാജ്യങ്ങളും 13 പ്രധാന കരാറുകള്‍ ഉറപ്പിച്ചിട്ടുണ്ട്. സെമികണ്ടക്ടറുകള്‍, ക്ലീന്‍ എനര്‍ജി, ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍ണായക ധാതുക്കള്‍, പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍ എന്നിവ ഈ കരാറുകളില്‍ ഉള്‍പ്പെടുന്നു. വിതരണ ശൃംഖലയുടെ പ്രതിരോധശേഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമ്പത്തിക സുരക്ഷാ ഘടനയും പദ്ധതിയുടെ ഭാഗമാണ്. ഇത് ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകരമാകും. കൂടാതെ ഇന്ത്യയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഫലത്തില്‍ ട്രംപിനും അമേരിക്കക്കും കിട്ടിയ അടിതന്നെയാണിത്.