കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ ഉടലെടുത്ത പൊട്ടിത്തെറിയോടെയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. പുതിയ ഭരണസമതി തിരഞ്ഞെടുത്ത് ഒരു മാസത്തോളമാകുമ്പോഴാണ് ഭരണസമതി പിരിച്ചുവിടുന്നതും. ഇത് അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് എന്ന് വ്യക്തമാക്കുന്നതാണ്. സിദ്ധിഖിന്റെ തെറിപ്പിച്ച ലൈംഗിക ആരോപണം മറ്റു താരങ്ങളുടെ നേര്‍ക്കും നീണ്ടതോടയാണ് സംഘടനയില്‍ പ്രതിസന്ധിയായത്.

ലൈംഗിക ആരോപണ വിധേയരായവര്‍ മാറി നില്‍ക്കണമെന്ന ആവശ്യം ശക്തമായി ഒരു വിഭാഗവും ഉയര്‍ത്തി. മുകേഷും ബാബുരാജും ജയസൂര്യയും അടക്കമുള്ളവര്‍ മാറണമെന്നായിരുന്നു ആവശ്യം. ജഗദീഷിനെയും പൃഥ്വീരാജിനെയും പോലുള്ളവര്‍ സംഘനയെയും കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. ഇതോടെയാണ് മോഹന്‍ലാല്‍ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ ആലോചിച്ച ശേഷമാണ് മോഹന്‍ലാല്‍ ഭരണസമതി പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.

താന്‍ രാജിവെക്കുന്നതായി മോഹന്‍ലാല്‍ തന്നെയാണ് ആദ്യം വ്യക്തമാക്കിയത്. ഈ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയും ചെയ്തു. ഇതോടെയാണ് കൂടടരാജിക്കും വഴിയൊരുങ്ങഇയത്. വനിതകളും യുവതാരങ്ങളും ജഗദീഷിനൊപ്പം ശക്തമായി നിലപാടില്‍ ഉറച്ചു നിന്നു. ലൈംഗിക പീഡകര്‍ക്ക് അവസരം ഒരുക്കരുതെന്ന നിലപാടായിരുന്നു ജഗദീഷ്. രാജിയില്‍ നിന്നും മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതും വിജയം കണ്ടില്ല.

നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മനസ്സില്ലാ മനസ്സോടെയാണ് മോഹന്‍ലാല്‍ എത്തിയത്. മമ്മൂട്ടിയും മാറി നിന്നതോടെ ലാല്‍ വരണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ലാല്‍ പ്രതിരകണം നടത്തിയിരുന്നില്ല. ഇതും പ്രതിസന്ധിയായി നിലനിന്നു. പോലീസും അന്വേഷണവും എല്ലാം എത്തിയതോടെ സംഘടനയില്‍ പ്രതിസന്ധി ശക്തമായി. ഇതോടെയാണ് ലാല്‍ സംഘടനയെ കൈവിടുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതില്‍ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടത്താനിരുന്ന 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് കൂട്ടരാജിയുണ്ടായത്.

കടുത്ത പ്രതിസന്ധിയാണ് സംഘടനക്കുള്ളില്‍ എന്നു വ്യക്തമാക്കുന്നതാണ് ലാലിന്റെ രാജിക്കത്തും. ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.