- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഒളിഞ്ഞു നോട്ട പരിപാടിയുണ്ട്; അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്; ഭയങ്കര മിടുക്കനായ നടനാണ്; ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഒക്കെ ലഭിച്ചിട്ടുണ്ട്; പേരു പറയാതെ പ്രതിഭ വിരല്‍ ചൂണ്ടിയത് ലാലിലേക്ക്; കായംകുളം എംഎല്‍എയ്ക്കെതിരെ സിനിമാ ലോകം പ്രതിഷേധത്തില്‍; വനിതാ നേതാവിനെ സിപിഎം ശാസിച്ചേക്കും
ആലപ്പുഴം: കായംകുളം എംഎല്‍എ യു. പ്രതിഭയുടെ വിവാദ പ്രസംഗത്തില്‍ മലയാള സിനിമാ സംഘടനകള്‍ക്ക് പ്രതിഷേധം. ഇക്കാര്യം സിപിഎമ്മിനേയും സര്‍ക്കാരിനേയും അറിയിക്കും. കായംകുളം നിയമസഭാ മണ്ഡലത്തിലെ എരുവ എന്ന സ്ഥലത്ത് സാംസ്‌കാരിക പരിപാടിയില്‍ വെച്ചായിരുന്നു എംഎല്‍എയുടെ വിവാദ പ്രസംഗം. പുരോഗമന മൂല്യങ്ങള്‍ക്ക് പ്രതിഭ വില നല്‍കിയില്ലെന്നാണ് ആരോപണം. നടന്‍ മോഹന്‍ലാലിനെ അടക്കം പരിഹസിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആദരവ് നല്‍കി ദിവസങ്ങള്‍ കഴിയുമ്പോഴാണ് മോഹന്‍ലാലിനെ പോലും അപഹസിക്കുന്ന പ്രസംഗം സിപിഎം എംഎല്‍എ നടത്തുന്നത്. എംഎല്‍എയെ പാര്‍ട്ടി താക്കീത് ചെയ്യാന്‍ സാധ്യത ഏറെയാണ്. ഇത്തരം പ്രസംഗങ്ങള്‍ നടത്തരുതെന്ന് നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്യും.
കട ഉദ്ഘാടനത്തിന് ഉടുപ്പില്ലാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്നതാണ് പുതിയ സംസ്‌കാരം. തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറുകയാണെന്ന് എംഎല്‍എ പറഞ്ഞു. 'സിനിമാ താരങ്ങളോട് സമൂഹത്തിന് ഒരു തരം ഭ്രാന്ത് ആണ്. എന്തിനാണ് അത് എന്ന് മനസ്സിലാകുന്നില്ല. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍. ഉടുപ്പിടാത്ത സിനിമാ താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്ന പുതിയ സംസ്‌കാരം. എന്തിനാണ് അത്? ഇത്രയും വായ്‌നോക്കികളാണോ കേരളത്തിലെ മനുഷ്യര്‍? തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറും. ഇത് നിര്‍ത്തണം. തുണിയുടുത്ത് വന്നാല്‍ മതി എന്ന് അവരോട് പറയണം. ഇതൊക്കെ സദാചാരം എന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. തുണിയുടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ചോദ്യം ചെയ്യാനുള്ള അവകാശമൊന്നും നമുക്കില്ല'- ഇതായിരുന്നു പ്രതിഭയുടെ വിവാദ വാക്കുകള്‍.
നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരേയും യു. പ്രതിഭ വിമര്‍ശനമുന്നയിച്ചു. ചാനല്‍ പരിപാടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. എന്നാല്‍ മോഹന്‍ലാലിനെ പരോക്ഷമായി പറയുന്നതായിരുന്നു പ്രസംഗം. കേരളത്തില്‍ ഇപ്പോള്‍ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട് വൈകുന്നേരം. മറ്റുള്ളവര്‍ ഉറങ്ങുന്നത് നോക്കുക. അവരുടെ പാന്റ് ഇറുകിയതാണോ? അവരുടെ ടോപ്പ് ഇറുകിയതാണോ? കമന്റ് ചെയ്യുക. ഇങ്ങനെ ഒരുപാട് പരിപാടി നമ്മുടെ നാട്ടില്‍ നടക്കുന്നത്. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ഭയങ്കരമിടുക്കനായ നടനാണ്. ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഒക്കെ ലഭിച്ചിട്ടുണ്ട്- പ്രതിഭ എംഎല്‍എ പറഞ്ഞു.
ബുധനാഴ്ച കായംകുളം എഴുവ നളന്ദ കലാ സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന വേദിയിലായിരുന്നു യു. പ്രതിഭയുടെ വിമര്‍ശനം. തുണി ഉടുക്കാത്ത ഒരാള്‍ വന്നാല്‍ എല്ലാവരും അങ്ങോട്ട് ഇടിച്ചു കയറുക. അങ്ങനത്തെ രീതി മാറ്റണം. തുണി ഉടുത്ത് വന്നാല്‍ മതിയെന്ന് പറയണം. സദാചാരവാദമാണെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. മാന്യമായ വസ്ത്രം ധരിക്കുക എന്നത് നമ്മള്‍ അനുസരിക്കേണ്ട കാര്യമാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. നാളെ ദിഗംബരന്മാരായി നടക്കണമെന്ന് ആര്‍ക്കെങ്കിലും തീരുമാനിച്ചാല്‍ നമുക്ക് ചോദ്യം ചെയ്യാനുള്ള അവകാശമില്ല-ഇതും പ്രതിഭ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ എം.എല്‍.എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബോഡി ഷെയിമിങ് പരാമര്‍ശം നടത്തിയതിലും നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സി.പി.എം എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതിലും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മറ്റൊരു സി.പി.എം എം.എല്‍.എയുടെ സിനിമ താരങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശം. പ്രതിപക്ഷ എം.എല്‍.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയി?ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചത്. 'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
'രണ്ട് കൈയും ഇല്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥയിലാണ് പ്രതിപക്ഷം' എന്നാണ് ചിത്തരഞ്ജന്‍ സഭയില്‍ പറഞ്ഞത്. ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന പരാമര്‍ശമാണ് ചിത്തരഞ്ജന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.