ന്യൂഡല്‍ഹി: ജമ്മു-കാശ്മീരില്‍ തിരഞ്ഞെടുപ്പു നടത്തണമെന്ന നിര്‍ദേശം എത്തിയതോടെ സംസ്ഥാനത്തെ നിര്‍ണായക പദവിയില്‍ ഗവര്‍ണര്‍ക്ക് സവിശേഷ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഫലത്തില്‍ തിരഞ്ഞെടുപ്പു നടന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാലും ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയേക്കാള്‍ അധികാരങ്ങള്‍ നല്‍കുന്ന വിധത്തിലാണ് പുതിയ നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇതോടെ കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായക നീക്ക കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പോലീസ്, ക്രമസമാധാനം, അഖിലേന്ത്യാ സര്‍വീസ് എന്നിവയില്‍ തീരുമാനമെടുക്കാന്‍ ലെഫ്. ഗവര്‍ണറുടെ അധികാരം വര്‍ധിപ്പിച്ച് ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കേസുകളില്‍ വിചാരണയ്ക്ക് അനുമതിനല്‍കല്‍, അഡ്വക്കറ്റ് ജനറലിന്റെയും മറ്റു നിയമ ഉദ്യോഗസ്ഥരുടെയും നിയമനം, ആന്റി കറപ്ഷന്‍ ബ്യൂറോ എന്നിവയിലും ലെഫ്. ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം.

ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് മോദിസര്‍ക്കാര്‍ കൊണ്ടുവന്ന കശ്മീര്‍ പുനഃസംഘടനാനിയമം 2019-ലാണ് ഭേദഗതിവരുത്തിയത്. ജമ്മു-കശ്മീരില്‍ സെപ്റ്റംബറിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഭേദഗതികള്‍ പ്രകാരം പോലീസിന്റെ ചുമതല വരുന്നതോടെ ക്രമസമാധാനവും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും ലെഫ്. ഗവര്‍ണറിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. ഇതോടെ ഫലത്തില്‍ കേന്ദ്ര സേന തന്നെയാകും ക്രമസാമാധാന കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്ന് വ്യക്തം.

സംസ്ഥാന സര്‍ക്കാരുണ്ടെങ്കിലും ലെഫ്. ഗവര്‍ണറുടെ അനുമതിതേടിയേ പ്രവര്‍ത്തിക്കാനാകൂ. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സംസ്ഥാന സര്‍ക്കാരിനുമേല്‍ പിടിമുറുക്കാന്‍ കേന്ദ്രം സമാനനീക്കം നടത്തി നിയമം കൊണ്ടുവന്നിരുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനോജ് സിന്‍ഹയാണ് നിലവില്‍ ജമ്മു-കശ്മീര്‍ ലെഫ്. ഗവര്‍ണര്‍. 2020 ഓഗസ്റ്റിലാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ജമ്മു-കശ്മീരിനോടുള്ള മോദിസര്‍ക്കാരിന്റെ ചതി തുടരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ജമ്മു-കശ്മീരിനെ സമീപഭാവിയിലൊന്നും പൂര്‍ണസംസ്ഥാനമാക്കാന്‍ സാധ്യതയില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.

2019 ഓഗസ്റ്റില്‍ പ്രത്യേക പദവി ഇല്ലാതാക്കിയപ്പോള്‍ പൂര്‍ണസംസ്ഥാനപദവി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതാണ്. കേന്ദ്രഭരണപ്രദേശമായല്ലാതെ ജമ്മു-കശ്മീര്‍ സംസ്ഥാനമാകണമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമിടയില്‍ സമവായമായതാണെന്നും ജയറാം രമേഷ് എക്സില്‍ കുറിച്ചു. ജമ്മു-കശ്മീരിലെ പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പി.യും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു.