- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസിനെതിരെ ആക്രമണം; കടകള്‍ കൊള്ളയടിക്കപ്പെട്ടു; ബാങ്കിന് തീയിട്ടു; ബ്രിട്ടനിലെ തീവ്ര വലതുപക്ഷവാദികളുടെ കലാപം; നിരത്തുകളില്‍ ഭീതി
ലണ്ടന്‍: സൗത്ത്പോര്‍ട്ടിലെ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപം ബ്രിട്ടന്റെ പല ഭാഗങ്ങളിലും കൂടുതല്‍ അക്രമാസക്തമാവുകയാണ്. ഇന്നലെയും പലയിടങ്ങളില്‍ കലാപകാരികളും പോലീസും തമ്മില്‍ എറ്റുമുട്ടി. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഹള്‍ തുടങ്ങിയ പല നഗരങ്ങളിലും അക്രമ സംഭവങ്ങള്‍ നടന്നു. പലയിടങ്ങളിലും പോലീസിന് നേരെ അക്രമമുതിര്ത്ത കലാപകാരികള്‍ കടകള്‍ കൊള്ളയടിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലിവര്‍ പൂളില്‍ മുഖത്ത് കാര്യമായ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസേരകളും, ഇഷ്ടികകളും, കുപ്പികളുമൊക്കെയായിരുന്നു അക്രമികള്‍ പോലീസിന് നേരെ വലിച്ചെറിഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്ത്പോര്‍ട്ട്, ഹാര്ട്ടില്പൂള് എന്നിവിടങ്ങളിലെ ക്രമസമാധാന തകര്‍ച്ചക്ക് കാരണക്കാരായ തീവ്ര വലതുപക്ഷക്കാരെ വിവിധ പാര്‍ട്ടികളിലെ എം പിമാര്‍ നിശിതമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
സൗത്ത്പോര്‍ട്ടിലെ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു പ്രചരിച്ച ചില വ്യാജ വാര്‍ത്തകളായിരുന്നു കലാപത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, കുടിയേറ്റത്തിനെതിരെ ഏറെക്കാലമായി നീറിനിന്ന വികാരത്തെ ഈ സംഭവം ആളിക്കത്തിക്കുകയായിരുന്നു എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള, കുടിയേറ്റ വിരുദ്ധ സംഘങ്ങളാണ് ഈ പ്രതിഷേധത്തില്‍ പ്രധാനമായും ഉള്ളത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഷേധത്തിനായി നൂറുകണക്കിന് ആളുകളാണ് ഹള്‍ സിറ്റി സെന്ററില്‍ ഇന്നലെ ഒത്തുകൂടിയത്. വൈകിട്ട് ആയപ്പോഴേക്കും, തങ്ങള്‍ക്ക് ആശുപത്രിക്ക് ഉള്ളില്‍ പോകാനോ, പുറത്ത് പോകാനോ കഴിയുന്നില്ലെന്ന്ഡോക്ടര്മാര് പരാതിപ്പെടാന്‍ തുടങ്ങി. ഹള്ളില്‍ നിന്നുള്ളതും, ഹള്ളിലേക്ക് ഉള്ളതുമായ എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി.
നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധക്കാര്‍ തീയിട്ടു. പല പ്രാദേശിക ഷോപ്പുകളും കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാവുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. കല്ലുകളും കുപ്പികളും പോലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞായിരുന്നു കലാപകാരികള്‍ പോലീസിനെ ആക്രമിച്ചത്.
അതിനിടയില്‍, തെരുവുകളില്‍ വിദ്വേഷം പരത്താന്‍ ഇറങ്ങിയ തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നതില്‍ പോലീസിന് എല്ലാ പിന്തുണയും നല്കി പ്രധാനമന്ത്രി രംഗത്ത് വന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെയും, അക്രമ സമരങ്ങളെയും രണ്ട് വ്യത്യസ്ത കാര്യങ്ങളായിട്ടാണ് കാണുന്നതെന്ന് ഇന്നലെ വിളിച്ചു കൂട്ടിയ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഏതൊരു തരത്തിലുള്ള അക്രമങ്ങളും ന്യായീകരിക്കാന്‍ കഴിയില്ലെന്നും, കടുത്ത നടപടികള്‍ എടുക്കുന്ന പോലീസിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
അക്രമങ്ങള്‍ക്ക് ബ്രിട്ടീഷ് തെരുവുകളില്‍ സ്ഥാനമില്ലെന്നും, അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഹോം സെക്രട്ടറി യുവെറ്റ് കൂപ്പറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം തെമ്മാടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്ന പോലീസിന് എല്ലാ പിന്തുണയുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത അക്രമ സംഭവങ്ങളിലായി ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇനിയും അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും യുവെറ്റ് കൂപ്പര്‍ അറിയിച്ചു.