- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന്‍ അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നു
കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ?
കൊച്ചി: കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ 26 ഡിഗ്രി ചരിഞ്ഞ എംഎസ്എസി എല്‍സ ത്രീ എന്ന ചരക്കുകപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍. 21 പേരെ കപ്പലില്‍ നിന്ന് രക്ഷിച്ചു. മറ്റുമൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുകയാണ്. റഷ്യക്കാരനായ കപ്പിത്താന്‍, ചീഫ് എഞ്ചിനീയര്‍, സെക്കന്‍ഡ് എഞ്ചിനീയര്‍ എന്നിവരാണ് കപ്പലില്‍ തുടരുന്നത്.
ചില കണ്ടെയ്‌നറുകള്‍ കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞതോടെ കടലില്‍ വീണിട്ടുണ്ട്. അതിലെ വസ്തുക്കള്‍ അപകടം പിടിച്ചവയാണോ എന്ന് വ്യക്തമല്ല. തീരത്ത് അടിയുന്ന കാര്‍ഗോ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കപ്പല്‍ മുങ്ങി പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ലൈബീരിയന്‍ പതാകയുള്ള എംഎസ്സി എല്‍സ 3 ഫീഡര്‍ കപ്പലാണ്. 84 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയും. ഗ്രോസ് ടണേജ് ഭാരം 16,799 ടണ്ണും ഡെഡ് വെയിറ്റ് ടണേജ് ഭാരം 22,994 ടണും ആണ്. 1997ലാണ് എംഎസ്സി എല്‍സ 3 കമ്മിഷന്‍ ചെയ്തത്. ശരാശരി 6.7 നോട്സ് വേഗതയില്‍ സഞ്ചരിക്കാവുന്ന ഈ കപ്പലിന്റെ പരമാവധി വേഗം 13.1 നോട്സ് ആണ്. തൂത്തുക്കുടിയില്‍ നിന്ന് മേയ് 18ന് വൈകിട്ട് പുറപ്പെട്ട കപ്പല്‍ പിന്നീട് വിഴിഞ്ഞത്തെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ കപ്പല്‍ വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. കപ്പല്‍ ഇന്ന് രാവിലെ 5 മണിയോടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു.
ഫീഡര്‍ കപ്പല്‍ ആയതിനാല്‍ തന്നെ തൂത്തുക്കുടി, കൊളംബോ, വിഴിഞ്ഞം, കൊച്ചി, മംഗളൂരു പനമ്പൂര്‍ തുറമുഖങ്ങളായിരുന്നു എംഎസ്സി എല്‍സ 3 കപ്പലിന്റെ ലക്ഷ്യ സ്ഥാനങ്ങള്‍. ഈ വര്‍ഷം മാത്രം 16 തവണ കപ്പല്‍ കൊളംബോ തുറമുഖത്ത് എത്തിയിരുന്നു. 15 തവണ തൂത്തുക്കുടി തുറമുഖത്തും 10 തവണ കൊച്ചി തുറമുഖത്തും 6 തവണ മംഗളൂരു പനമ്പൂര്‍ തുറമുഖത്തും എത്തി. ഇടയ്ക്ക് ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ തുറമുഖങ്ങളായ പാരദ്വീപിലും വിശാഖപട്ടണത്തും എംഎസ്സി എല്‍സ 3 കപ്പല്‍ സന്ദര്‍ശനം നടത്താറുണ്ട്.
കപ്പല്‍ ചരിയാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചരിഞ്ഞതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവയെല്ലാം അപകടകരമായ ചരക്കുകളല്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പല്‍ വിഴിഞ്ഞത്ത് നിന്ന് മെയ് 23 നാണ് പുറപ്പെട്ടത്. ഉച്ചകഴിഞ്ഞ് 1.25 ഓടെ, എം എസ് സി കപ്പല്‍ അധികൃതര്‍ അടിയന്തര സഹായം തേടി ഇന്ത്യന്‍ അധികൃതരെ വിളിച്ചതായി തീരസംരക്ഷണസേന അറിയിച്ചു.
തീരസംരക്ഷണ സേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകള്‍ അപകടസ്ഥലത്തെത്തി. നാവികസേനയുടെ ഒരു കപ്പലും അപകടസ്ഥലത്തെത്തി. തീരസംരക്ഷണ സേനയുടെ ഡോര്‍ണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
ഷിപ്പിങ് ഡിജി, കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജീവ ഹാനിയും പരിസ്ഥിതി നാശവും ഉണ്ടാകാതിരിക്കാന്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു.
കപ്പലിന്റെ കപ്പിത്താന്‍ റഷ്യാക്കാരനാണ്. 20 ഫിലിപ്പിനോകളും രണ്ട് യുക്രൈന്‍കാരും, ഒരു ജോര്‍ജിയക്കാരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
കടലിലേക്ക് കാര്‍ഗോ വീണു; ജാഗ്രതാ നിര്‍ദ്ദേശം
ചരിഞ്ഞ കപ്പലില്‍നിന്നു കുറച്ച് കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അപകടകരമായ വസ്തുക്കളാണ് കണ്ടെയ്നറുകളില്‍ ഉള്ളതെന്നാണ് വിവരം.
കപ്പലില്‍ നിന്ന് മറൈന്‍ ഗ്യാസ് ഓയില്‍(എംജിഒ), വെരി ലോ സള്‍ഫര്‍ ഫ്യുയല്‍ ഓയില്‍ (വിഎല്‍എസ്എഫ്ഒ) എന്നിവ ചോര്‍ന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വടക്കന്‍ കേരളത്തിന്റെ തീരത്തേക്ക് കണ്ടെയ്നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ജനങ്ങള്‍ ഒരു കാരണവശാലും കണ്ടെയ്നറുകളില്‍ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയകരമായ വസ്തുക്കള്‍ കേരള തീരത്ത് കണ്ടാല്‍ ജനങ്ങള്‍ സ്പര്‍ശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കണ്ടെയ്നറുകള്‍ വടക്കന്‍ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടല്‍തീരത്ത് എണ്ണപ്പാട കണ്ടാല്‍ സ്പര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കോസ്റ്റുഗാര്‍ഡില്‍ നിന്നാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്നറുകള്‍ തുറന്ന് പരിശോധിച്ചാല്‍ മാത്രമേ ഉള്ളിലുള്ള വസ്തുക്കളെ സംബന്ധിച്ച് വ്യക്തത വരൂവെന്നാണ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുള്ളത്. വടക്കന്‍ കേരളത്തിന്റെ തീരത്താണ് ഈ കണ്ടെയ്‌നറുകള്‍ അടിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്് അറിയിച്ചു. തീരദേശത്തേക്ക് ഒഴുകി വരുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ 112 - ല്‍ അറിയിക്കണമെന്നാണ് അറിയിപ്പ്.