തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും. യുഡിഎഫ് 85 സീറ്റുകള്‍ വരെ ലക്ഷ്യമിടുമ്പോള്‍ ഇടതു മുന്നണി 110 സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഈ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ആത്മവിശ്വാത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമല്ലെന്നാണ് മുഹമ്മദ് റിയാസ് പറയുന്നത്.

ഭരണവിരുദ്ധ വികാരം ഇല്ല എന്നും ഉണ്ടായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി എന്നും റിയാസ് പറഞ്ഞു. കുടുംബയോഗങ്ങളില്‍ പങ്കെടുത്തപ്പോള്‍ ഭരണത്തിനെതിരെയോ വികസനത്തിനെതിരെയോ ചോദ്യങ്ങള്‍ വന്നിട്ടില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അവിടുത്തെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നും അത് ജനങ്ങളില്‍ എത്തിക്കുന്നതില്‍ പാളിച്ച പറ്റിയോ എന്നത് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ തെരഞ്ഞെടുപ്പിലും ഓരോ വോട്ടിങ് പാറ്റേണ്‍ ആണ് ഉള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയില്‍ ഇടതുപക്ഷത്തിനാണ് ജനങ്ങള്‍ കൂടുതലായും വോട്ട് ചെയ്യുക. മണ്ഡല പുനര്‍വിഭജനത്തിന് ശേഷം എല്‍ഡിഎഫിന് കുറഞ്ഞത് 68 സീറ്റുകള്‍ ഉറപ്പിക്കാനായി എന്നും റിയാസ് വ്യക്തമാക്കി. കേരളത്തില്‍ മതവര്‍ഗീയത ഇല്ലാതെയാകണമെങ്കില്‍, സദ്ഭരണം ഉണ്ടാകണമെങ്കില്‍ എല്‍ഡിഎഫിന് തന്നെ വോട്ട് ചെയ്യണമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പോലും അറിയാം എന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. മിഷന്‍ 110 എന്ന ലക്ഷ്യം നേടാന്‍ പ്രയാസമില്ല. മന്ത്രിമാര്‍ക്ക് കൊമ്പില്ല. ജനങ്ങള്‍ക്കൊപ്പമാണ് എല്‍ഡിഎഫ് മന്ത്രിമാരും സര്‍ക്കാരും എന്നും റിയാസ് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിനെയും റിയാസ് വിമര്‍ശിച്ചു. കനുഗോലു അല്ല ഏത് കോലു വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം. നാട്ടിലെ ജനങ്ങളുമായി സംവദിച്ചുകൊണ്ടാണ് താന്‍ മുന്നേറുന്നത്. അവരുമായുള്ള ബന്ധമാണ് തനിക്ക് പ്രധാനം. അതാണ് തന്റെ കരുത്തും. കനഗോലു അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ആദര്‍ശത്തിന്റെ ഭാഗമായാണോ കനഗോലു പ്രവര്‍ത്തിക്കുന്നത്? അയാളുടെ കഞ്ഞികുടി മുട്ടിക്കാന്‍ ഞാനില്ല എന്നും മന്ത്രി വ്യക്തമാക്കി.ബേപ്പൂരില്‍ പി വി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കുമോ ഇല്ലയോ എന്നത് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത് എന്നും റിയാസ് പറഞ്ഞു.

ഇന്നലെ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി 110 സീറ്റുകളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന സാധ്യത മുന്നോട്ടു വെച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറയണമെന്നും തിരിച്ചടിയുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു. കഴിഞ്ഞ തവണ 99 സീറ്റുകളോടെയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ഇത്തവണ അതില്‍ കൂടുതല്‍ സീറ്റുകള്‍ മുന്നണി നേടുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇത്തവണ സീറ്റുകള്‍ നൂറും കടന്ന് 110-ല്‍ എത്തുമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ മന്ത്രിമാരടക്കം നിരാശയിലാണ്. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന തരത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ കഴിയാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാനുണ്ടായ കാരണം എന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചത്. വികസന കാര്യങ്ങള്‍ കൃത്യമായി ഊന്നിപ്പറഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ 110 സീറ്റുകള്‍ നേടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഒരു താത്കാലിക പ്രതിഭാസം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടാകില്ല. അതിനാല്‍ത്തന്നെ പ്രവര്‍ത്തകരും മന്ത്രിമാരും പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കന്‍മാര്‍ അടക്കമുള്ളവരും ഒന്നിച്ചിറങ്ങിയാല്‍ ഇത്തവണ 3.0 ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് മുഖ്യമന്ത്രി.

വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിപ്പറഞ്ഞ് വേണം വോട്ടര്‍മാരെ സമീപിക്കാനെന്നും പിന്നോട്ട് പോയ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു. ഓരോ മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാധ്യമങ്ങള്‍ വഴി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കണം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വോട്ടര്‍മാരിലേക്ക് എത്തിക്കണം. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലേതെന്നും വര്‍ഗീയ ഫാസിസത്തിനെതിരെ പൊരുതുന്നത് കേരളം മാത്രമാണ് പ്രചാരണായുധമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് കൂടിക്കാഴ്ചയിലെ വിലയിരുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതാണെന്നും അതിനാല്‍ ഭരണവിരുദ്ധവികാരം ഇല്ലെന്നുമാണ് കണക്കുകൂട്ടല്‍. മന്ത്രിമാര്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് 110 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഈ ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

അടുത്ത 50 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ മണ്ഡലത്തിലെയും ഏകോപന ചുമതല വിവിധ മന്ത്രിമാര്‍ക്കായി മുഖ്യമന്ത്രി വീതിച്ചു നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് തയ്യാറാക്കിയ ഈ പ്ലാന്‍ അനുസരിച്ച്, ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ഇതുവരെ ഉണ്ടായ പോരായ്മകള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ സംഘടനാ തലത്തിലുള്ള ഇടപെടലുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിനും പ്രത്യേക പദ്ധതി യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്.