പത്തനംതിട്ട: കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉയര്‍ത്തി ആരോപങ്ങള്‍ തള്ളി സിപിഎം എം എല്‍ എ മുകേഷ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് നടന്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ല. ആരോപങ്ങള്‍ക്ക് പിന്നില്‍ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയതോടെയാണ് മുകേഷ് പ്രതികരിച്ചത്. സിപിഎമ്മിന്റെ എം.എല്‍.എ ആണെങ്കില്‍ അങ്ങ് കയറി ഇറങ്ങാം. സി.പി.എം എം.എല്‍.എ അല്ലെങ്കില്‍ തിരിഞ്ഞു നോക്കില്ല. അന്ന് അവര്‍ പലതവണ ഫോണ്‍വിളിച്ചുവെന്നും താന്‍ എടുത്തില്ലെന്നും മുകേഷ് പറഞ്ഞു.

ബോളിവുഡില്‍ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018 ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് അന്ന് പുറത്തുവിട്ടത്. അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്സില്‍ ടെസ് തോമസ് കുറിച്ചിരുന്നു.

മുമ്പ് ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വീണ്ടും ആരോപണങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്. ഇതോടെ മറ്റൊരു നടന്റെ പേര് കൂടി വിവാദത്തിലാകുകയാണ്.

ഇപ്പോഴത്തെ ആരോപണം സിപിഎമ്മിനെയും വെട്ടിലാക്കുന്നതാണ്. മുകേഷിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നപ്പോഴാണ് മലയാളികള്‍ പലരും ടെസ് ജോസഫ് എന്ന കാസ്റ്റിംങ് ഡയറക്ടറെക്കുറിച്ച് കേട്ടു തുടങ്ങിയത്. മലയാളിയായ ടെസ് ജനിച്ചത് കൊച്ചിയിലും വളര്‍ന്നത് കൊല്‍ക്കത്തയിലുമാണ്. പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്ത ടെസ് താമസിക്കുന്നത് മുംബൈയിലാണ്. പീഡിയാട്രിക് സര്‍ജനാവാനായിരുന്നു ടെസ് ആഗ്രഹിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദം എടുത്തു. ഇതിന് ശേഷമാണ് ഡെറിക് ഒബ്രയിനൊപ്പം ജോലി ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം ഒരുപാട് പരിപാടികളില്‍ സഹായായി ടെസ് പ്രവര്‍ത്തിച്ചു.

ഇന്തോ- അമേരിക്കന്‍ ചലച്ചിത്ര സംവിധായിക മീരാ നായരാണ് ടെസിനെ കാസ്റ്റിംങ് ഡയറക്ഷനിലേക്ക് കൊണ്ടുവരുന്നത്. മീരാ നായരുടെ 'ദി നേം സേക്ക്' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ആ കഥ ഇങ്ങനെയാണ്, ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു മീരാ. ടെസിന്റെ വീടിനെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞ് അവിടെ എത്തി. വീടിന് പകരം മീര തിരഞ്ഞെടുത്തത് ആ പെണ്‍കുട്ടിയെയായിരുന്നു. മീരക്കൊപ്പം കൂടിയ ടെസ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. 2005 ല്‍ പുറത്തിറങ്ങിയ 'ദി നേം സേക്കി'ല്‍ തബു, ഇര്‍ഫാന്‍ ഖാന്‍, കാല്‍ പെന്‍ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്.

'ദി നേം സേക്കി'ന് ശേഷം നിര്‍മ്മാതാവായ ലിഡിയ പിച്ചര്‍, ലെസ് ആന്‍ഡേഴ്‌സണിന്റെ ദി ഡാര്‍ജിലിങ് ലിമിറ്റഡ് എന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് ഡയറക്ടറായി ടെസിനെ നിര്‍ദ്ദേശിച്ചു. ജെഫ്രി ബ്രൗണ്‍, ആന്‍ ലീ, ഡോങ് ലിമാന്‍ എന്നീ പ്രമുഖ സംവിധായകര്‍ക്കൊപ്പം ടെസ് പ്രവര്‍ത്തിച്ചു. ലൈഫ് ഓഫ് പൈ, ലയണ്‍, ദി വെയ്റ്റിങ് സിറ്റി, ഫെയര്‍ ഗെയിം, വെസ്റ്റ് ഈസ്റ്റ് വെസ്റ്റ്, മീന, സോള്‍ഡ് എന്നീ ചിത്രങ്ങളിലും ടെസ് പ്രവര്‍ത്തിച്ചു.