കൊല്ലം: തനിക്കിതിരെ നടി മീനു മുനീര്‍ ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിനൊപ്പമുള്ള ചിത്രം മാറ്റി നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ആദ്യമിട്ട പോസ്റ്റില്‍ പാര്‍ട്ടി പതാക പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ചേര്‍ത്തിരുന്നത്. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ നടിക്കെതിരായ പോസ്റ്റിലെ ചെങ്കൊടി നീക്കി മുകേഷ്. താരത്തിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റ്. ലൈംഗിക പീഡന പരാതിയില്‍ ചെങ്കൊടിയേന്തിയുള്ള ഫോട്ടോ വെച്ചു മറുപടി ഇട്ടതിന് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ എഡിറ്റ് ചെയ്ത് ചിത്രം മാറ്റിയത്.

തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത് വന്നിരുന്നു. ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടന്‍ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ വാര്‍ത്താ കുറിപ്പാണ് മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പാര്‍ട്ടി പതാക പിടിച്ചു നില്‍ക്കുന്ന ചിത്രത്തോടെയായിരുന്നു പോസ്റ്റ്. എന്നാല്‍ വൈകാതെ ഈ ചിത്രം നീക്കി സ്വന്തം ഫോട്ടോ വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. പാര്‍ട്ടിയെ നാണം കെടുത്താതെ എംഎല്‍എ പദവി ഒഴിയണമെന്നടക്കം നിരവധി കമന്റുകള്‍ പോസ്റ്റില്‍ കമന്റ് വന്നിരുന്നു.

https://www.facebook.com/mukeshcineactor/posts/1041865687328020?ref=embed_post

മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ഒരു ലക്ഷണമെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് മുകേഷ് പറയുന്നത്. തുക ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പില്‍ സന്ദേശം അയച്ചുവെന്നും മുകേഷ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 2009ല്‍ സിനിമയില്‍ അവസരം തേടുന്നയാള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണില്‍ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആല്‍ബവുമായി എന്റെ വീട്ടില്‍ വന്ന അവര്‍ മിനു കൂര്യന്‍ എന്ന് പരിചയപ്പെടുത്തി. അവസരങ്ങള്‍ക്കായി സഹായിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ സന്ദേശം അയക്കുകയുണ്ടായി- മുകേഷ് പറയുന്നു.

എന്നാല്‍ ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി . ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്റെ ആരോപണം നിഷേധിച്ച മിനു മുനീര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല. അവസരം നല്‍കാന്‍ മുകേഷ് സംവിധായകന്‍ ഒന്നും അല്ലലോയെന്നും മിനു മുനീര്‍ ചോദിച്ചു.