തിരുവനന്തപുരം: സിനിമയെ പീഡന മുക്തമാക്കാനുള്ള സര്‍ക്കാര്‍ ശ്രമം വീണ്ടും വിവാദത്തില്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സിനിമാനയ രൂപീകരണ സമിതിയില്‍ ആരോപണവിധേയനായ നടന്‍ മുകേഷും എത്തുകയാണ്. പത്തംഗ സമിതിയാണ് രൂപീകരിച്ചത്. ഷാജി എന്‍ കരുണ്‍ ആണ് സമിതി ചെയര്‍മാന്‍. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍. കഴിഞ്ഞ ദിവസം തന്നെ മുകേഷിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇരയും വേട്ടക്കാരനും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവായി ഇത് മാറുമെന്ന പരിഹാസം മുകേഷിന്റെ സാന്നിധ്യത്തോടെ ശക്തമാകും.

മുകേഷിന് പുറമെ മഞ്ജു വാര്യര്‍, ബി. ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ സിനാമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്. അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്നസെന്റിന്റെ നിര്‍ദേശപ്രകാരം അമ്മ അംഗത്വത്തിന് ശ്രമിച്ചെങ്കിലും താന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് മുകേഷ് വിളിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനി വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം കോടീശ്വരന്റെ സെറ്റിലെ അനുഭവം ടെസ് ജോസഫും പങ്കുവച്ചിരുന്നു. ഇതിന് ശേഷവും മുകേഷിനെ കോണ്‍ക്ലേവിന്റെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍.

വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ഇതിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു. സിനിമയ്ക്കുളളിലുള്ളവര്‍ പോലും ഇതിനെ അനുകൂലിക്കുന്നില്ല. കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്ന സൂചന താര സംഘടനയായ അമ്മ നല്‍കി കഴിഞ്ഞു. മുകേഷിനൊപ്പം സമിതിയില്‍ മഞ്ജുവാര്യര്‍ അംഗമാകുമോ എന്നതിനെ കൗതുകത്തോടെയാണ് ഡബ്ല്യൂസിസിയും നോക്കുന്നത്. മഞ്ജു വാര്യരുടെ നിലപാട് ഇനി നിര്‍ണ്ണായകമാകും. കോണ്‍ക്ലേവ് നവംബര്‍ മൂന്നു മുതല്‍ കൊച്ചിയില്‍ നടക്കും. അഞ്ച് ദിവസം നീളുന്ന രാജ്യാന്തര കോണ്‍ക്ലേവില്‍ മുന്നൂറ്റി അന്‍പതോളം പ്രതിനിധികള്‍ പങ്കെടുക്കും.

സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നരുടെ തൊഴില്‍പരമായ അവകാശങ്ങള്‍ കൂടി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കവും നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തുമെന്ന് കരട് തയാറാക്കുന്ന സംവിധായകന്‍ ഷാജി എന്‍.കരുണ്‍ പ്രതികരിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷ, വേതന തുല്യത ഉള്‍പ്പെടെയുള്ളവയും ചര്‍ച്ചയാകും. ഇത്തരമൊരു സമിതിയിലാണ് മുകേഷും കടന്നു കൂടുന്നത്. കൊല്ലത്തെ എംഎല്‍എയായ മുകേഷ് സിപിഎമ്മിന്റെ മുഖമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരുഭാഗം പുറത്തുവിട്ടതിന് പിന്നാലെയാണ് മുകേഷിനെതിരെയും മീ ടൂ ആരോപണങ്ങള്‍ ശക്തമാകുന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് ആദ്യം മുകേഷിനെതിരെ രംഗത്ത് വന്നത്. 19 വര്‍ഷം മുമ്പ് ടിവി ഷോ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ്, ആ പരിപാടിയുടെ ഭാഗമായെത്തിയ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇന്ന് നടി മിനു മുനീറും മുകേഷിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ നടത്തി. അതുകൊണ്ട് തന്നെ സിനിമാ മേഖലയിലെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തിയുള്ള സര്‍ക്കാര്‍ പരിപാടിയെന്ന ആക്ഷേപത്തിന് ശക്തി പകരുന്നതായിരിക്കും മുകേഷിന്റെ സാന്നിദ്ധ്യം.

2 കോടി രൂപയാണ് പ്രാഥമിക എസ്റ്റിമേറ്റ്. ചെലവ് ഉയരും എന്നാണ് സൂചന. 400 ഓളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ ഡെലിഗേറ്റുകളെയും പങ്കെടുപ്പിക്കും. ഇവരുടെ വിമാനക്കൂലി, താമസം, മറ്റ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. സിനിമ രംഗത്തെ എല്ലാ മേഖലകളുടെയും പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കും. നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരുന്നതോടെ സര്‍ക്കാരിന്റെ നയം വ്യക്തമാണെന്ന് വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.പി രംഗത്തെത്തി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെയെങ്കിലുമിട്ട് സര്‍ക്കാര്‍ കത്തിക്കുന്നതായിരുന്നു. വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.