- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാര്‍ട്ടി അംഗമോ സമ്മേളന പ്രതിനിധിയോ അല്ല, എനിക്ക് വിലക്കില്ല; പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്; നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്'; സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെ സിപിഎം സമ്മേളന നഗരിയിലെത്തി മുകേഷ്
കൊല്ലം എംഎല്‍എയ്ക്ക് ജോലിത്തിരക്ക്; ഇവിടെ തന്നെയുണ്ടെന്ന് മുകേഷ്
കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി നടനും സ്ഥലം എം.എല്‍.എയുമായ മുകേഷ്. സ്വന്തം മണ്ഡലത്തില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും മുകേഷ് എം.എല്‍.എയുടെ അസാന്നിധ്യം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള പ്രതികരണമാണ് അദ്ദേഹം ആദ്യം നടത്തിയത്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
'രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ.' നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാള്‍ ഇന്ന് രാവിലെ ലണ്ടനില്‍നിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനില്‍ പോയതെന്ന് ചോദിച്ചപ്പോള്‍ ജോലിയാണെന്നാണ് പറഞ്ഞത്. ഞാനും ജോലിക്ക് തന്നെയാണ് പോയതെന്നും ഇന്ന് സമ്മേളനത്തിന് പോകുമെന്നുമാണ് അയാളെ അറിയിച്ചതെന്നും മുകേഷ് പറഞ്ഞു.
സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് തന്റെ അസാന്നിധ്യം ചര്‍ച്ചയായതെന്നാണ് മുകേഷ് പറയുന്നത്. സമ്മേളനത്തിന് എത്തുന്നത് പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധികളാണ്. ഞാന്‍ പ്രതിനിധിയല്ല, അതുകൊണ്ട് സമ്മേളനത്തിന് എത്തുന്നതിന് പരിമിതികളുണ്ടെന്നും മുകേഷ് പറഞ്ഞു. എന്നാല്‍, ലോഗോ പ്രകാശനം, അതിനോടൊപ്പം നടന്ന കബഡി മത്സരം തുടങ്ങിയവയിലെല്ലാം താന്‍ പങ്കെടുത്തിരുന്നുവെന്നും മുകേഷ് പറഞ്ഞു.
കൊല്ലത്ത് നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി എംഎല്‍എയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളുയര്‍ന്നിരുന്നു. കൊല്ലം എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളുയര്‍ന്നു. ഇത് വലിയ ചര്‍ച്ചയായപ്പോഴാണ് പാര്‍ട്ടി ഇടപെട്ട് മുകേഷിനോട് കൊല്ലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടത്.
ഷൂട്ടിങ് തിരക്കിലായതിനാല്‍ മുകേഷ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കള്‍ ആരും സ്ഥിരീകരിച്ചില്ല. മുകേഷിന് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
മുകേഷ് എവിടെയെന്ന് നിങ്ങള്‍ തിരക്കിയാല്‍ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് എം മുകേഷിനെതിരെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിച്ചിരുന്നില്ല.
പിതാവായ ഒ മാധവന്റെ പേരില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനൊഴികെ പൊതുപരിപാടികള്‍ക്കും കുറ്റപത്രം സമര്‍പ്പിച്ച ശേഷം മുകേഷ് കാര്യമായി പങ്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചാണ് വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാര്‍ട്ടി അംഗത്വം നല്‍കിയിട്ടില്ല.