കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മുകേഷ് എംഎല്‍എക്കെതിരെ നടി ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങളില്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റില്‍ അതിരൂക്ഷ വിമര്‍ശനം. മുകേഷിനെതിരായ പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പരാതി അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. വനിതാ അംഗങ്ങളടക്കം ഭൂരിപക്ഷം പേരും വിമര്‍ശനം ഉന്നയിച്ചു. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച സര്‍ക്കാരിന്റെ തീരുമാനം ശരിയെന്നും അഭിപ്രായം ഉയര്‍ന്നു.

മുകേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. വനിതാ അംഗങ്ങള്‍ അടക്കം ഭൂരിപക്ഷം അംഗങ്ങളും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മുകേഷിനെതിരെ നടിമാര്‍ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിനെതിരെ ഒരുവിഭാഗം നേതാക്കള്‍ നേരത്തെ കടുത്ത അമര്‍ഷം പാര്‍ട്ടിയെ അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച നേതാവല്ല മുകേഷെന്നും ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയുമെന്നായിരുന്നു മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതികരണം. പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും പ്രതിരോധത്തിലാകില്ലെന്നും ഇതൊക്കെ പുറത്ത് വന്നത് പാര്‍ട്ടിയും സര്‍ക്കാരും വിഷയം വിശദമായി പരിശോധിച്ചത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

മുകേഷിനെതിരെ കഴിഞ്ഞ ദിവസമാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്. അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ മുകേഷിനെതിരെ നടി പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ലൈംഗിക ആരോപണങ്ങള്‍ കടുക്കുമ്പോഴും രാജിക്കായി മുറവിളി ഉയരുമ്പോഴും മുകേഷ് എംല്‍എക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. നിലവില്‍ എംഎല്‍എ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് സ്വയം ഒഴിയാനാണ് സാധ്യത. മുകേഷ് രാജിവെക്കണമെന്ന് ഇടത് സഹയാത്രികയായ നടി ഗായത്രി വര്‍ഷ ആവശ്യപ്പെട്ടു.

മലയാളസിനിമയിലെ മീടു കൊടുങ്കാറ്റില്‍ സര്‍ക്കാറിനെയും സിപിഎമ്മിനെയും നിലവില്‍ ഏറ്റവും അധികം വെട്ടിലാക്കുന്നത് മുകേഷിനെതിരെ തുടര്‍ച്ചയായി ഉയരുന്ന ലൈംഗിക ആരോപണങ്ങളാണ്. ആരോപണശരങ്ങള്‍ക്കിടെ ചലച്ചിത്ര നയരൂപീകരണ സമിതിയിലെ മുകേഷിന്റെ സ്ഥാനവും പ്രതിഷേധം ശക്തമാക്കി. സിപിഎമ്മില്‍ പലതരം ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാത്ത നടനെ സംരക്ഷിക്കണോ എന്ന വാദം ചില നേതാക്കള്‍ക്കുണ്ട്. പക്ഷെ ആരോപണങ്ങളുടെ പേരില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

എം വിന്‍സെന്റിനും എല്‍ദോസ് കുന്നപ്പള്ളിക്കുമെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെച്ചില്ലല്ലോ എന്നാണ് പ്രതിപക്ഷത്തോടുള്ള പാര്‍ട്ടി ചോദ്യം. അതേസമയം, ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയാല്‍ മുകേഷിനെതിരെ കേസെടുക്കേണ്ടിവരുന്ന സാഹചര്യവും പാര്‍ട്ടി നോക്കിക്കാണുന്നു. രഞ്ജിത്തിനെതിരെ എന്ന പോലെ ഇടത് നിലപാടുള്ള സ്ത്രീകളടക്കം മുകേഷിനെതിരെ കടുത്ത നിലപാടെടുക്കുന്നതും സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്.