തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിനെ ചൊല്ലിയുള്ള ആശങ്കകള്‍ അതിശക്തമാണ്. വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആശങ്കാവിഷയമാണ് മുല്ലപ്പെരിയാര്‍ ഡാം. ഡാം ഡീക്കമ്മീഷന്‍ ചെയ്യണെന്ന ആവശ്യം ശക്തമാകവേ വിഷയം ഇന്നലെ പാര്‍ലമെന്റിലും എത്തി. ഡീന്‍ കുര്യാക്കോസാണ് വിഷയം പാര്‍ലമെന്റില്‍ രംഗത്തുവന്നത്.

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകവേയാണ് ഡീന്‍ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയതും. ഡാമിന് ബലക്ഷയം ഉണ്ടെന്നുള്ള പ്രചരണം ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി ജില്ല ഭരണകൂടം രംഗത്തെത്തി. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഗൂഗിള്‍ ഏര്‍ത്ത് ചിത്രമാണിത്. പ്രമുഖര്‍ ഉള്‍പ്പെടെ ചിത്രം പങ്കുവെച്ചതോടെ ഡാം വലിയ ദുരന്തം വിതയ്ക്കാന്‍ ഒരുങ്ങുകയാണെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായി. ഇത്തരം ചര്‍ച്ചകള്‍ക്കായി സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെട്ടതോടെയാണ് ജില്ല ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡാമിലെ ജലനിരപ്പ് നിലവില്‍ 131.70 അടിയാണ്. 136 അടിയിലെത്തിയാലേ സ്പില്‍വേ ഷട്ടറുകളുടെ ലെവലില്‍ വെള്ളമെത്തു. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. മഴ കനത്ത സാഹചര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉപസമിതി ഡാമില്‍ പരിശോധന നടത്തിയിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ക്കുകയാണെങ്കിലും കേരളം ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

അതിനിടെ പുതിയ ഡാം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ (ഡി.പി.ആര്‍) കരട് തയാറായി. സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ ഡി.പി.ആര്‍ തയാറാവും. ഇതിനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പ് വേഗത്തിലാക്കി. കരട് ഡി.പി.ആറില്‍ പുതിയ ഡാം നിര്‍മാണത്തിന് 1300 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവിലെ ഡാമിന്റെ 1200 അടി താഴ്ഭാഗത്തായി നേരത്തേ കേരളം സര്‍വേ നടത്തിയ സ്ഥലത്തിന് യോജിച്ച രീതിയിലാണ് ഡി.പി.ആര്‍.

അന്തിമ ഡി.പി.ആര്‍ വന്നശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും അനുമതിക്ക് സമര്‍പ്പിക്കും. തമിഴ്‌നാടിന് ആവശ്യമായ വെള്ളം കൊടുത്തുകൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുകയെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത്. അതേസമയം വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപരത്താനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അഭ്യര്‍ഥിച്ചു.

പാട്ടക്കരാറിന്റെ സാധുത പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെ മുല്ലപ്പെരിയാര്‍ കേസ് കേരളത്തിന് ഏറ്റവും അനുകൂല സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം 12ന് ഇടുക്കിയില്‍ മന്ത്രി പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാം ഡീ കമീഷന്‍ ചെയ്യണമെന്ന ആവശ്യം ബുധനാഴ്ച ലോക്‌സഭയില്‍ ഉയര്‍ന്നെങ്കിലും തമിഴ്‌നാടിനെ പ്രകോപിപ്പിക്കാതെ നിയമനടപടികളുമായടക്കം മുന്നോട്ടുപോകാനുള്ള നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.