ഇടുക്കി: കേരളത്തില്‍ അതിശക്തമായ മഴ തുടരുകയാണ്. പല ജില്ലകള്‍ക്കും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആറിന്റെ തീരങ്ങളില്‍ താമസിക്കുന്ന് ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ശക്തമായ മഴ ആയതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. നിലവില്‍ ജലനിരപ്പ് 139.30 അടിയിലാണുള്ളത്. 140 അടിയിലേക്കെത്താന്‍ സാധ്യതയുള്ളതിനാല്‍ വെള്ളനിരപ്പ് നിയന്ത്രിക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം ഒഴുക്കിവിടാനാണ് തമിഴ്നാട് ജലവിഭവ വകുപ്പ് തീരുമാനിച്ചത്. സെക്കന്‍ഡില്‍ 9120 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുക്കുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവന്‍ 13 സ്പില്‍വെ ഷട്ടറുകളും ഒന്നര മീറ്റര്‍ വീതം ഉയര്‍ത്തി ഒഴുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതോടെ സെക്കന്‍ഡില്‍ 10,000 ഘനയടി വെള്ളം പുറത്തേക്ക് വിടാനാണ് ലക്ഷ്യം.

13 സ്പില്‍വേ ഷട്ടറുകളും ഘട്ടംഘട്ടമായി തുറന്നുവിട്ട് വെള്ളം ഇടുക്കി സംഭരണിയിലേക്ക് വിട്ടു. ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 7163 ഘനയടി വെള്ളം പെരിയാറിലൂടെ ഒഴുകുകയാണ്. പദ്ധതി മേഖലയില്‍ എട്ടുമണിക്കൂറിലധികം കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അണക്കെട്ട് പ്രദേശത്ത് 68 മില്ലീമീറ്ററും തേക്കടിയില്‍ 158.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. റൂള്‍ കര്‍വ് അനുസരിച്ച് തമിഴ്‌നാടിന് 137.75 അടി വരെ വെള്ളം സംഭരിക്കാനാണ് അനുവാദമുള്ളത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ ജലനിരപ്പ് 139 അടിയ്ക്ക് മുകളിലെത്തിയിരുന്നു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് കുമളി പത്തുമുറി, കുമളി ആനവിലാസം റൂട്ടുകളില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. ഭാഗികമായി മണ്ണ് നീക്കം ചെയ്തതോടെ ചില ഭാഗങ്ങളില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. നെടുങ്കണ്ടം മേഖലയില്‍ രാത്രി ശക്തമായ മഴ പെയ്തുവെങ്കിലും വലിയ വെള്ളക്കെട്ടുകള്‍ ഉണ്ടായിട്ടില്ല. കല്ലാര്‍ ഡാമിലെ നാല് ഷട്ടറുകളില്‍ മൂന്ന് അടച്ചിട്ടുണ്ട്. ഒന്ന് മാത്രമാണ് തുറന്നിരിക്കുന്നത്.

കുമളിയിലെ ഒന്നാം മൈല്‍ ഭാഗത്ത് കടകളിലും വീടുകളിലും വെള്ളം കയറി. വെള്ളാരംകുന്നില്‍ റോഡിലേക്ക് പതിച്ച മണ്‍കൂനയില്‍ ഇടിച്ചുകയറിയ ബൈക്ക് യാത്രികന്‍ തങ്കച്ചന്‍ (പറപ്പള്ളി വീട്ടില്‍) മരിച്ചു. കെ.കെ. റോഡില്‍ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു. മഹിമ റോഡ്, വലിയകണ്ടം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, മലപ്പുറം-കോഴിക്കോട് ജില്ലകളിലും മഴയുടെ വ്യത്യാസം അനുഭവപ്പെട്ടു. മലപ്പുറത്ത് രാവിലെ മഴ ശമിച്ചിട്ടുണ്ടെങ്കിലും വഴിക്കടവ്, മണിമൂളി പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പൂവത്തിപ്പൊയിലിലെ ഒരു കോഴിഫാമില്‍ വെള്ളം കയറി രണ്ടായിരം കോഴികള്‍ ചത്തു. കോഴിക്കോട് മലയോരപ്രദേശങ്ങളായ പുതുപ്പാടി, കണ്ണപ്പന്‍കുണ്ട്, കോടഞ്ചേരി, അടിവാരം എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. പുതുപ്പാടി മണല്‍വയല്‍ പാലത്തിനു മുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.