കൊച്ചി: മുനമ്പത്തെ സമരവേദിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കും നേതാക്കള്‍ക്കും വിലക്ക്. മുപ്പത് ശതമാനം വോട്ട് ബാങ്കിന് വേണ്ടി കെസിബിസിയുടെ അഭ്യര്‍ത്ഥനകളെ നിരാകരിച്ച് 610 കുടുംബങ്ങളെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒറ്റുകൊടുത്ത കോണ്‍ഗ്രസസ് എംപിമാര്‍ക്കും ഭേദഗതി ബില്ലിനെ നിരന്തരം ഏതിര്‍ത്ത മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ സമരപ്പന്തലില്‍ ഇനി പ്രവേശനമില്ല എന്ന പേരില്‍ പള്ളിക്ക് മുമ്പില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. മുനമ്പം ജനതയുടെ പേരിലാണ് ഫ്‌ളക്‌സ്. ഇതോടെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ സമരക്കാര്‍ പ്രത്യക്ഷ നിലപാട് എടുക്കുമെന്നാണ് വ്യക്തമാകുന്നത്.

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു ഇന്ത്യ മുന്നണി. ചര്‍ച്ചയില്‍ പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോണ്‍ഗ്രസുകാര്‍ എതിര്‍ത്തു. മുനമ്പം ഭൂമി പ്രശ്നത്തില്‍ ഇരു കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും ക്രൈസ്തവ സഭ നിലപാടിനെ പൂര്‍ണ്ണമായും തള്ളിയില്ല. ജോസ് കെ മാണിയും ജോസഫ് വിഭാഗം എംപി ഫ്രാന്‍സിസ് ജോര്‍ജും മുനമ്പം വിഷയം ഇന്ത്യാ സഖ്യാ യോഗത്തില്‍ അടക്കം മൃദുസമീപനം എടുത്തു. പക്ഷേ അവരും ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു. സ്വന്തം പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ഭൂമിയായി മുദ്ര കുത്തപ്പെട്ടതുമൂലം ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയുടെ കണ്ണീരിന് അറുതിവരുത്താന്‍ പുതിയ വഖഫ് നിയമ ഭേദഗതിയെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ പിന്തുണയ് ക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസും കെസിബിസിയും ആവശ്യപ്പെട്ടിരുന്നു.

വഖഫ് നിയമ ഭേദഗതി നടപ്പാക്കാതെ മുനമ്പത്തെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മുനമ്പത്തെ 600 ല്‍ പരം കുടുംബങ്ങള്‍ക്ക് വേണ്ടി നില കൊള്ളുവാന്‍ കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് ബാധ്യത ഉണ്ട് എന്നായിരുന്നു അവരുടെ നിലപാട്. വഖഫ് നിയമഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമുദായനിലപാടിനൊപ്പം നില്‍ക്കുന്നവര്‍ക്കെതിരേ ഭീഷണി മുഴക്കാനും പിന്തിരിപ്പിക്കാനുമാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കുന്നെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് എംപിമാരെ ബഹിഷ്‌കരിക്കുന്ന ഫ്‌ളക്‌സും.

വഖഫ് ബോര്‍ഡിനുള്ള അനിയന്ത്രിതമായ അവകാശങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഇല്ലാതാക്കണമെന്നും സിവില്‍ നിയമപരിധിയില്‍ വഖഫ് ബോര്‍ഡിനെ കൊണ്ടുവരുന്ന വിധത്തില്‍ നിലവിലെ നിയമം പരിഷ്‌കരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും വഖഫ് ബില്ലിന്റെ ഭാഗമാക്കിയിട്ടില്ല. അപ്പോഴും വഖഫ് നിയമം ആശ്വാസമാണെന്നാണ് അവരുടെ വിലയിരുത്തല്‍. വഖഫ് നിയമം ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണെന്നായിരുന്നു സി ബി സി ഐയുടെ നിലപാട്. ഈ കെ സി ബി സിയുടെ ആഹ്വാനം കോണ്‍ഗ്രസ് പൂര്‍ണ്ണമായും തള്ളി.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വഖഫ് വിഷയം കോണ്‍ഗ്രസിന് കൂനിന്‍മേല്‍ കുരുവായി മാറും. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തെ ബി ജെ പിക്ക് അനുകൂലമാക്കിമാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടയിലാണ് വഖഫ് വിഷയത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത്. 600 ല്‍ അധികം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലായതോടെ മാസങ്ങളായി മുനമ്പത്ത് ജനകീയ സമരം നടക്കുകയാണ്. ബി ജെ പി യുടെ ദേശീയ നേതാക്കളടക്കം മുനമ്പം വഖഫ് വിരുദ്ധ സമരത്തിന് പിന്തണയുമായി എത്തിയിരുന്നു. മുനമ്പം വിഷയത്തില്‍ രമ്യമായ പരിഹാരമാണ് വേണ്ടതെന്ന് ലീഗ് നിലപാട് സ്വീകരിച്ചെങ്കിലും വിഷയത്തില്‍ വ്യക്തമായൊരു പരിഹാര നിര്‍ദേശം ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം കുടിയിറക്ക് വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. ആരേയും കുടിയിറക്കില്ലെന്ന് പ്രസ്താവന നടത്തിയതല്ലാതെ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.