- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം ഭൂപ്രശ്ന പരിഹാരത്തിനായി കമ്മീഷനെ നിയോഗിച്ചതും ഡിവിഷന്‍ ബെഞ്ചില്‍ അപ്പില്‍ പോയതും ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന വിധിയായി; ക്രൈസ്തവ സഭകള്‍ ആഗ്രഹിക്കുന്ന തീരുമാനം മുനമ്പത്ത് എടുക്കാന്‍ പിണറായി; ഭിന്നശേഷി നിയമനത്തിലും പിണക്കം തീര്‍ത്തു; ക്രൈസ്തവ നയതന്ത്രത്തിലും സിപിഎം വിജയത്തിലേക്ക്
തിരുവനന്തപുരം: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഹൈക്കോടിതി വിധിയുടെ വികാരം ഉയര്‍ത്തി പിടിക്കുന്ന വിവരങ്ങള്‍. വിഷയത്തില്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ തീരുമാനം വരും. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളും. മന്ത്രിസഭ ചര്‍ച്ച ചെയ്താവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. മുനമ്പത്ത് രാഷ്ട്രീയ നേട്ടം സിപിഎമ്മിനും ഇടതു സര്‍ക്കാരിനും കൈവിരകയാണ്. ഈ സാഹചര്യത്തിലാണ് ഭിന്നശേഷി വിഷയത്തില്‍ അടക്കം ക്രൈസ്തവ സഭകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുന്നത്.
മുനമ്പം റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്നു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ വേഗത്തിലാക്കിയത്. മുനമ്പം ഭൂമി വിഷയത്തില്‍ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശിപാര്‍ശകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്നലെ യോഗം വിളിച്ചു ചേര്‍ത്തതായി നിയമ മന്ത്രി പി.രാജീവ് അറിയിച്ചിരുന്നു. ആഗോള അയ്യപ്പ സംഗത്തിലൂടെ എന്‍ എസ് എസ് സര്‍ക്കാരുമായി അടുത്തു. ഇതിന് സമാനമായി മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭയും കൂടെ എത്തുമെന്നാണ് സിപിഎം പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാരിനും മന്ത്രി പി.രാജീവിനും മുനമ്പം സമരസമിതി കഴിഞ്ഞ ശനിയാഴ്ച കളമശേരിയിലെത്തി അഭിനന്ദനം അറിയിച്ചിരുന്നു. കളമശേരി എംഎല്‍എ ഓഫീസില്‍ എത്തിയാണ് സമരസമിതി ഭാരവാഹികള്‍ സംസ്ഥാനസര്‍ക്കാരിനുള്ള നന്ദി അറിയിച്ചത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ സമരസമിതി പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു. ഫാ. ആന്റണി സേവ്യര്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ സന്ദര്‍ശിച്ചത്. മുനമ്പം ഭൂപ്രശ്‌നപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുകയും ഡിവിഷന്‍ ബെഞ്ചില്‍ അപ്പില്‍ പോവുകയും ചെയ്തതുകൊണ്ടാണ് ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന സന്തോഷം സമരസമിതി പ്രകടിപ്പിച്ചതായി മന്ത്രി പി .രാജീവ് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഉടനെ ചര്‍ച്ച ചെയ്യും. മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് ജസ്റ്റീസ് സി. എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇത്തരത്തിലാണെന്ന് മന്ത്രി പറയുന്നു. ക്രൈസ്തവ സഭകളെ സര്‍ക്കാരിലേക്ക് അടുപ്പിക്കാന്‍ ഇതിലൂടെ കഴിയുകയും ചെയ്തു. വന്യജീവികളില്‍ നിന്നും വനമേഖലയിലെ കര്‍ഷകരെ രക്ഷിക്കാനുള്ള ബില്‍ അടക്കം സര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കും. ഭിന്നശേഷി അധ്യാപക നിയമനത്തിലെ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ഇതും നയതന്ത്രമാണ്.
ഭിന്നശേഷി നിയമനത്തില്‍ എന്‍എസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിരുന്നു. ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ചയില്‍ കര്‍ദിനാളിനെ അറിയിച്ചു. പട്ടം ബിഷപ് ഹൗസിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത കര്‍ദിനാള്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് 16000 ത്തോളം അധ്യാപകര്‍ക്കുള്‍പ്പെടെ ആശ്വാസം പകരുന്ന നടപടിയാണിതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.