- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പത്തുകാര്‍ക്ക് ആശ്വാസമായി വിധി; തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് അന്തിമ വിധി വരുംവരെ കരം ഒടുക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി കോടതി; റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക ഉത്തരവ്
മുനമ്പത്തുകാര്‍ക്ക് ആശ്വാസമായി വിധി
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ പ്രദേശവാസികള്‍ക്ക് ആശ്വാസമായി കോടതി വിധി. തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി വിധിച്ചു. അന്തിമ വിധി വരുന്നതു വരെ കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. താല്‍ക്കാലികമായെങ്കിലും റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പത്ത് 615 കുടുംബങ്ങളാണ് സമരത്തിലുള്ളത്. 2019 ലാണ് വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുന്നത്. 2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. തുടര്‍ന്ന് വലിയ നിയമപോരാട്ടങ്ങളും സമരപരമ്പരകളുമാണ് കണ്ടത്.
വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശം ഉന്നയിച്ചെന്ന പേരില്‍ നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫിസര്‍ തയാറാകുന്നില്ലെന്നും ഭൂസംരക്ഷണ സമിതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പത്തേത്ത് വഖഫ് സ്വത്തല്ലെന്നും ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് എതിര്‍പ്പ് ഉന്നയിക്കുന്നതിനു ന്യായീകരണമില്ലെന്നും തങ്ങളുടെ സ്ഥലത്തിന്റെ നികുതി സ്വീകരിക്കാര്‍ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്കു നിര്‍ദേശം നല്‍കി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പോക്കുവരവ് ചെയ്യാനും സ്ഥലം കൈമാറാനും തണ്ടപ്പേരില്‍ മാറ്റം വരുത്താനും ഉള്‍പ്പെടെ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വഖഫ് ഭൂമിയാണെന്നു വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നു നേരിടുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി 2023ല്‍ നല്‍കിയ ഹര്‍ജിയാണിത്. ഫറോക്ക് കോളജ് മാനേജിങ് കമ്മിറ്റിയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിലകൊടുത്തു വാങ്ങിയതാണ് ഭൂമി. ഇതിനുശേഷം ഭൂനികുതിയും അടച്ചിരുന്നു. എന്നാല്‍ വഖഫാണെന്ന് പ്രഖ്യാപിച്ചതോടെ റവന്യു അധികൃതര്‍ നികുതി സ്വീകരിക്കാതെയായി എന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമരക്കാര്‍ സമീപിച്ചു. തുടര്‍ന്ന് ആധാരപ്രകാരം ഭൂമി ഫറോക്ക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി മാറിയെന്നും കഴിഞ്ഞമാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.
മുനമ്പം ഭൂമി വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ വഖഫ് സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയിലാണ്. മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ അപ്പീലില്‍ പറയുന്നത്.
മുനമ്പത്തെ ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ട് പ്രശ്നപരിഹാരം സാധ്യമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനെതിരെ വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുള്‍ സലാം എന്നിവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം.




