ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പത്ത് കമീഷനെ നിയോഗിച്ചത് ശരിയോ തെറ്റോ എന്നതില്‍ വിധി പറയുന്നതിന് പകരം, അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിലെ തീരുമാനമാണ് ഹൈകോടതി എടുത്തത് എന്ന വിമര്‍ശനം സുപ്രീംകോടതി ഉന്നയിച്ചു. വഖഫ് ഭൂമിയല്ലെന്ന് വിലയിരുത്താനുള്ള അധികാരം ഹൈകോടതിക്ക് ഇല്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

മാത്രമല്ല, സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ലേ എന്നും സുപ്രീംകോടതി ചോദിച്ചു. കേസ് ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. അതുവരെ വഖഫ് സ്വത്തില്‍ തല്‍സ്ഥിതി തുടരണമെന്നും അന്വേഷണ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു. ഭൂമി വഖഫ് അല്ലെന്ന കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജനുവരി 27ന് ആരംഭിക്കുന്ന ആഴ്ച വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചു.

മുനമ്പത്തെ ഭൂമി വഖഫ് ആണോ അല്ലയോ എന്നത് കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന ഹര്‍ജിയിലെ വിഷയയമായിരുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരിഗണനാ വിഷയം മറികടന്നാണ് ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് വിധിച്ചതെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഭൂമി വഖഫല്ലെന്ന ഭാഗം സ്റ്റേ ചെയ്യുകയും തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിലെ മറ്റ് ഭാഗങ്ങള്‍ക്ക് സ്റ്റേ ബാധകം അല്ല.

അതേസമയം മുനമ്പം വിഷയത്തിലെ ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവര്‍ വെറും പൊതുതാത്പര്യ ഹര്‍ജിക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. വഖഫ് മുത്തവലി പോലുള്ളവരല്ല ഹര്‍ജിയും ആയി ഹൈക്കോടതിയില്‍ എത്തിയതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരുടെ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും അതിനാല്‍ ഹര്‍ജികള്‍ അപ്രസക്തമായെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ തന്നെ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കേരള വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ വെറും പൊതു താത്പര്യക്കാരല്ലെന്നും വഖഫ് ഭൂമിയില്‍ അവകാശം ഉള്ളവരാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹുഫേസ അഹമ്മദിയും അഭിഭാഷകന്‍ അബ്ദുള്ള നസീഹും ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി തങ്ങളെ ബാധിക്കുന്നത് ആണെന്നും ഇരുവരും വാദിച്ചു.

പുതിയ വഖഫ് നിയമം കേസിനെ ബാധിക്കുമോയെന്ന് കോടതിയുടെ ചോദ്യം

2025 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം മുനമ്പം കേസിനെ ബാധിക്കുമോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. ഭേദഗതി നിയമത്തിലെ 40-ാം വകുപ്പ് എങ്ങനെയാണ് കേസിനെ ബാധിക്കുക എന്നായിരുന്നു ജസ്റ്റിസ് മനോജ് മിശ്രയുടെ ചോദ്യം. മുനമ്പത്തെ വഖഫ് ഭൂമിയുടെ രജിസ്‌ട്രേഷന്‍ 2019ല്‍ ആയിരുന്നുവെന്നും നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ ഹുഫേസ അഹമ്മദി കോടതിയെ അറിയിച്ചു.

കേരള വഖഫ് ബോര്‍ഡ് 2019 ല്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാക്കി വിജ്ഞാപനം ചെയ്തത് തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയാണെന്ന് ഭൂവുടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് ചൂണ്ടിക്കാട്ടി. വഖഫ് ഭൂരേഖകളില്‍ ഉള്‍പ്പെടാത്ത ഭൂമിയാണ് ഇതെന്നും വി ചിദംബരേഷ് വാദിച്ചു. 70 വര്‍ഷത്തോളം ആയി മുനമ്പത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ഭൂവുടമകള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂവുടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിംഗും ഹാജരായി.