കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം. പുഴ റോഡിലേക്ക് വഴിമാറി ഒഴുകുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. നിരവധി പേര്‍ ഇരകളാകാന്‍ സാധ്യതയുണ്ട്. വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂള്‍ പൂര്‍ണ്ണമായും മുങ്ങി. സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. അത്ര വലിയ ദുരന്തമാണ് ഉണ്ടായത്.

ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി. ഈ മേഖലയില്‍ 24 മണിക്കൂര്‍ നീണ്ട കനത്ത മഴയുണ്ടായിരുന്നു. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയില്‍ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനമാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് സൈന്യം എത്തുന്നത്.

ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം ദുഷ്‌കരമാണ്. കിലോമീറ്ററോളം സ്ഥലത്ത് വന്‍നാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ,ചൂരല്‍മല , പുത്തുമല പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ചൂരല്‍ മലയിലേക്ക് പോകുന്ന റോഡില്‍ പലയിടത്തും ഗതാഗത തടസ്സമുണ്ട്. മേഖലയില്‍ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തു നിന്ന് രണ്ടുമണിയോടെയാണ് വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയത്.

എസ്റ്റേറ്റ് മേഖല ആയതുകൊണ്ട് തന്നെ തോട്ടം തൊഴിലാളികളാണ് ഇവിടെ ഏറെയും. കഴിഞ്ഞ ദിവസം ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പലരേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ചൂരല്‍ മല ടൗണില്‍ നിന്ന് സംഭവസ്ഥലത്തേക്ക് പോകാന്‍ സാധിച്ചിട്ടില്ല. പാലം തകര്‍ന്നിരിക്കുന്നതില്‍ രക്ഷാപ്രവര്‍ത്തകരും ജനപ്രതിനിധികളുമടക്കം ചൂരല്‍ മല ടൗണില്‍ കുടുങ്ങിക്കിടക്കുകയാണ്.

സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഒരു സംഘം പകുതിയില്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. പലരോടും ഫോണ്‍ വഴി സംസാരിച്ചിട്ടുണ്ട്. മുണ്ടക്കൈയില്‍ ഉള്ള ആളുകളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അവിടെ എന്താണ് നടക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. രക്ഷിക്കൂ എന്ന മുറവിളികളുമായുള്ള ഫോണ്‍വിളികളാണ് വന്നിട്ടുള്ളത്. പാലം പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ അപ്പുറത്തേക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമതും ഉരുള്‍പൊട്ടി എന്നത് ഭീതിപ്പെടുത്തുന്ന സാഹചര്യമാണെന്നും എന്‍.ഡി.ആര്‍.എഫ്. സംഘം സംഭവസ്ഥലത്തേക്ക് എത്തിപ്പെടാനുള്ള താത്കാലിക സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായവും താത്കാലിക പാലം ഉണ്ടാക്കുന്നതിനെക്കുറിച്ചും ഹെലികോപ്റ്റര്‍ വഴി പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിയുമായി സംസാരിച്ചതായി സിദ്ദിഖ് പറഞ്ഞു.