വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടല്‍ ഒറ്റപ്പെട്ട് മുണ്ടക്കൈ. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് മുണ്ടക്കൈ. ഈ ഉരുള്‍പൊട്ടലില്‍ മുണ്ടകൈയിലേക്കുള്ള രണ്ടു വഴികള്‍ ഇല്ലാതെയായി. പാലങ്ങളെല്ലാം ഒലിച്ചു പോയി. അതിന് ശേഷം ചൂരമലയിലെ പാലം മാത്രമായിരുന്നു ആശ്രയം. അതും ഇപ്പോള്‍ മലവെള്ളപാച്ചിലില്‍ കൊണ്ടു പോയി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാകാനും ഈ ഉരുള്‍പൊട്ടല്‍ മാറാന്‍ സാധ്യത ഏറെയാണ്. 400 ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. ഇതുകൊണ്ട് തന്നെ മുണ്ടകൈയിലെ ദുരന്ത വ്യാപ്തയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയുണ്ട്.

വലിയ ദുരന്തമാണ് 2024ല്‍ ഉണ്ടാകുന്നത്. 2019ല്‍ നശിച്ച പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ മുണ്ടകൈയിലേക്കുള്ള യാത്രയ്ക്ക് വഴിയുമില്ലാതെയായി. കേരളം ദുരന്തനിവാരണത്തില്‍ കാട്ടിയ വലിയ വീഴ്ചയാണ് ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമാക്കുന്നത്. തോട്ടങ്ങളിലും റിസോര്‍ട്ടിലും ആളുകള്‍ ഒറ്റപ്പെട്ടു. നിരവധി പേര്‍ മരിച്ചു. പല വീടുകളും അപ്രതീക്ഷിതമായി. ഇനിയും ഉരുള്‍പൊട്ടല്‍ ഭീതിയുണ്ട്. അതുകൊണ്ട് തന്നെ കുടുങ്ങിയവരെ ഒഴുപ്പിച്ചില്ലെങ്കില്‍ ദുരന്തം സമാനതകളില്ലാതെയാകും. മരണ സംഖ്യ വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. ഹോം സ്‌റ്റേകള്‍ അടക്കം ദുരന്തത്തില്‍ പെട്ടു. പോത്തുകല്‍ ഭാഗത്ത് നിരവധി മൃതദേഹങ്ങള്‍ ഉയരുന്നുണ്ട്.

ഇവയെല്ലാം അപകട ഭീതിയിലാണ്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. 2019ലെ ദുരന്തത്തില്‍ തകര്‍ന്ന വഴികള്‍ പുനസ്ഥാപിക്കാത്തതും രക്ഷപ്പെടാനുള്ള വഴികളെല്ലാം അടച്ചു. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടി എന്ന് പ്രദേശവാസികള്‍ പറയുന്നു. പോത്തുകല്‍ ഭാഗത്തും പരിശോധന തുടരുകയാണ്.

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. പോലീസും ഫയര്‍ഫോഴ്സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.

ചൂരല്‍മഴയില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയം ഉയരുന്നുണ്ട്. പ്രദേശത്തേക്ക് വെള്ളം കുത്തിയൊലിച്ച് എത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു.