- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷിതമായ മറ്റൊരു പ്രദേശത്ത് ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം; തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്‌കരിക്കും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാര്‍ പുഴയില്‍ നിന്നും ലഭിക്കുന്ന ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്. എന്നാല്‍, പ്രതീക്ഷ കൈവിടാതെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ നടത്തിയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. പലയിടത്ത് കുടുങ്ങിപ്പോയവരെ കണ്ടെത്തി സംരക്ഷിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി സംരക്ഷിക്കാനാണ് സ്വജീവന്‍ പോലും പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്. നിലമ്പൂര്‍ മേഖലയില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാ?ഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്.
215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികള്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. 148 മൃതദേഹങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇനിയും കണ്ടെത്താന്‍ 206 പേരുണ്ട്. 81 പേര്‍ വിവിധ ആശുപത്രികളിലായി നിലവില്‍ ചികിത്സയിലാണ്. 206 പേരെ ഡിസ്ചാര്‍ജ് ചെയ്ത് ക്യാമ്പിലേക്ക് മാറ്റി. വയനാട്ടില്‍ 93 ക്യാമ്പുകളിലായി 10,042 പേരുണ്ട്. ചൂരല്‍മലയിലെ 10 ക്യാമ്പുകളില്‍ 1707 പേര്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവന്‍ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഇപ്പോള്‍ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയില്‍ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെത്തിക്കും. ചാലിയാറില്‍ അടക്കം തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍
തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്‌കരിക്കും.
സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തും.
വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ പഠനത്തിന് ബദല്‍ സംവിധാനം ഒരുക്കും.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാന്‍ ധന സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും.
ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധി ക്യു ആര്‍ കോഡ് മരവിപ്പിച്ചു. പകരം നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി.
എ.ഗീതയുടെ കീഴില്‍ ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപീകരിച്ചു. ഇമെയില്‍ - letushelpwayand@gmail.com. ഫോണ്‍ - 9188940014, 9188940015.