കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തം അതിജീവിച്ച് ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കാന്‍ വേണ്ട വാടക വീടുകളില്‍ അന്തിമ തീരുമാനം ഉടന്‍. പഠിച്ച് രൂപരേഖ തയ്യാറാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി റെവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ക്കാണ് സമിതിയുടെ ചുമതല. ഇതുവരെ ഉടന്‍ താമസം ആരംഭിക്കാന്‍ പൂര്‍ണ സജ്ജമായി 65 വീടുകള്‍ തയ്യാറായിട്ടുണ്ട്. എല്‍എസ്ജിഡിയുടെ 41 കെട്ടിടങ്ങളും പിഡബ്ല്യുഡിയുടെ 24 കെട്ടിടങ്ങളുമടങ്ങുന്നതാണ് 65 വീടുകള്‍. 34 എണ്ണം അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗിക്കാവുന്നതാണ്.

വാടക വീടിന് സന്നദ്ധത അറിയിച്ച് ആളുകള്‍ എത്തിയതില്‍ ആകെ 286 വാടക വീടുകള്‍ തയ്യാറായിട്ടുണ്ടെങ്കിലും ആളുകളുടെ ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ പരിഗണിച്ച് വാടക വീടുകള്‍ ഒരുക്കുന്നത് മേപ്പാടി അടക്കം ആറ് പഞ്ചായത്തുകളിലേക്ക് കേന്ദ്രീകരിക്കണം എന്നാണ് തീരുമാനം. മുട്ടില്‍, വൈത്തിരി, കല്‍പ്പറ്റ, അമ്പലവയല്‍, മുപ്പൈനാട് എന്നീ പഞ്ചായത്തുകളില്‍ വാടക വീടുകളൊരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തയ്യാറായിട്ടുള്ള വാടക വീടുകളില്‍ എന്തെല്ലാം സൌകര്യങ്ങള്‍ ആവശ്യമാണെന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും.

തങ്ങളുടെ ജോലിക്കാരായ 102 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നല്‍കാമെന്ന് ഹാരിസണ്‍ മലയാളം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിശോധന നടത്തും. ദുരന്തത്തില്‍ കാണാതായവരില്‍ 130 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ കുടുംബാംഗങ്ങളുടെ രക്ത സാമ്പിളുകള്‍ എടുത്തു. ഡിഎന്‍എ ടെസ്റ്റ് നടക്കുന്നുണ്ട്. 14 ക്യാമ്പുകളിലായി 599 അന്തേവാസികളാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്തമേഖലകളെല്ലാം സന്ദര്‍ശിച്ചു. ആശുപത്രികളിലും ക്യാമ്പിലുമെത്തി ബാധിച്ചവരെ നേരില്‍ കണ്ട് സംസാരിച്ചു. കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പ്രത്യേക പാക്കേജ് വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.

മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ ശനിയാഴ്ച ഹെലികോപ്റ്ററിന്റെ സഹായത്തോടെ എയര്‍ ലിഫ്റ്റ് ചെയ്ത് മേപ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ദുഷ്‌കരമായ മലയിടുക്കില്‍ നിന്ന് ശ്രമകരമായാണ് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തത്. രണ്ട് തവണ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികൂലമായ സാഹചര്യത്തെ തുടര്‍ന്ന് തിരികെവരികയായിരുന്നു. ശനിയാഴ്ച വൈകീട്ട് കാന്തന്‍പാറയില്‍ നിന്ന് രണ്ട് ശരീരഭാഗങ്ങള്‍ കൂടികണ്ടെത്തി.