- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുണ്ടക്കൈയിലെ ദുരിതബാധിതര്‍ പുതുജീവിതത്തിലേക്ക്; കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട വീടുകള്‍ കൈമാറി മുഖ്യമന്ത്രി; വീട് കൈമാറിയത് 178 കുടുംബങ്ങള്‍ക്ക്; വീടുകളിലേക്കുള്ള അത്യാവശ്യ ഫര്‍ണിച്ചറുകള്‍ നല്‍കുമെന്ന് പിണറായി വിജയന്‍
മുണ്ടക്കൈയിലെ ദുരിതബാധിതര്‍ പുതുജീവിതത്തിലേക്ക്

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍ദുരന്തത്തിന് ഇരയായവര്‍ പുതുജീവിതത്തിലേക്ക്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങള്‍ക്കാണ് വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീര്‍ണത്തിലാണ് ഓരോ വീടും നിര്‍മ്മിച്ചത്. ഏഴ് സെന്റിന്റെ പട്ടയം നല്‍കും. നിര്‍മാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂര്‍ത്തിയായത്.
അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവന്‍ ദുരന്തബാധിതര്‍ക്കും വീട് കിട്ടുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, വീടുകളിലേക്കുള്ള അത്യാവശ്യ ഫര്‍ണിച്ചറുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങള്‍ക്ക്, ഒരുമിച്ച് കഴിയാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ കൂടെ നില്‍ക്കാനാണ് നാം ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് ടൗണ്‍ഷിപ്പ് ആശയത്തിന് രൂപം കൊടുത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു സംശയം ഉണ്ടായില്ല.
അതിനായി എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടായി. 13 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് മേപ്പാടിയില്‍ 5 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. അതിന്റെ പട്ടയവും മുഖ്യമന്ത്രി കൈമാറി. ദുരിതാശ്വാസ നിധിയിലേക്ക് സമാനതകളില്ലാത്ത സംഭാവനകളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികളും സംഘടനകളും സഹായിച്ചു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സര്‍ക്കാരുകള്‍ സഹായം നല്‍കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളാന്‍ കേന്ദ്രം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതിനായി 18 കോടിയലധികം രൂപയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയെ വരെ വിമര്‍ശിക്കുന്ന സ്ഥിതി ഉണ്ടായി. ടൗണ്‍ഷിപ്പിനായി പ്രവര്‍ത്തിച്ച തൊഴിലാളികളേയും, കളക്ടര്‍ മേഘശ്രീയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്. വീണ്ടും ഒരുമിച്ച് ജീവിക്കണം എന്നതായിരുന്നു സര്‍വവും നഷ്ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുകയാണ് ഉണ്ടായത്. ചുറ്റുമതില്‍, ഗേറ്റ്, 11.42 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, സോളാര്‍ പാനല്‍, ഗ്രീന്‍ സ്പെയ്സ് എല്ലാം ടൗണ്‍ഷിപ്പില്‍ സജ്ജമാക്കിയിട്ടുമണ്ട്.
64.47 ഹെക്ടറില്‍ 410 വീടാണ് നിര്‍മിക്കുന്നത്. 304 വീടിന്റെ വാര്‍പ്പ് പൂര്‍ത്തിയായി. ഏപ്രിലോടെ എല്ലാ വീടും കൈമാറും. ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍, പൊതുമാര്‍ക്കറ്റ്, ഉരുള്‍ സ്മാരകം, ഓപ്പണ്‍ തിയറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ലൈബ്രറി, കളിയിടങ്ങള്‍, വൈദ്യുതി സബ്സ്റ്റേഷന്‍ തുടങ്ങിയവയും നിര്‍മിക്കും. ഉൗരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായുള്ള ഇപിസി (എന്‍ജിനിയറിങ് പ്രൊക്യുയര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) കരാറിലൂടെ 299 കോടി രൂപയാണ് വിനിയോഗിക്കുന്നത്.


