കല്‍പറ്റ: മുണ്ടക്കൈ ദുരന്തത്തിന്റെ എട്ടാം നാളും കണ്ടെത്താനുള്ളത് 150ലേറെ മൃതദേഹങ്ങളാണ്. ഇത് കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറേകൂടി വെല്ലുവിളി നിറഞ്ഞ പരിശോധനയിലേക്കാണ് ഇന്ന് രക്ഷാദൗത്യം കടക്കുക. ഇന്ന് തിരച്ചിലിന് എന്‍എസ്ജി കമാന്‍ഡോകളും എത്തുന്നുണ്ട്. ഉരുള്‍പൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് എസ്.ഒ.ജി കമാന്‍ഡോകളും സൈനികരും തിരച്ചില്‍ നടത്തുന്നത്.

കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൂചിപ്പാറ മുതല്‍ പോത്തുകല്‍വരെ പരിശോധന നീളും. അതിസാഹസികമായ തിരച്ചിലാണ് ഇന്ന് നടക്കുക. മൂന്ന് വെള്ളച്ചാട്ടങ്ങള്‍ കടന്നുവേണം പോത്തുകല്ലിലെത്താന്‍. പുഞ്ചിരിമട്ടംമുതല്‍ താഴെവരെ സാധാരണയായി നടക്കുന്ന പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യത്തിലേക്ക് എന്‍.എസ്.ജി കടക്കുക. നിലമ്പൂര്‍, മേപ്പാടി വനം ഡിവിഷനുകള്‍ക്ക് കീഴിലാണ് പുതിയ ദൗത്യം നടക്കുന്ന പ്രദേശങ്ങള്‍. വന്യമൃഗങ്ങള്‍ ധാരാളമായി കാണപ്പെടുന്ന മേഖലയുമാണിത്. മൂന്നാംഘട്ട തിരച്ചിലില്‍ ചാലിയാര്‍ പുഴയില്‍നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങള്‍ ഇനിയും കിട്ടാനുണ്ട്.

സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണല്‍ ഋഷി രാധാകൃഷ്ണന്‍ ദൗത്യത്തിന് നേതൃത്വം നല്‍കും. ആറുപേര്‍ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളില്‍ തിരച്ചില്‍ നടത്തുകയെന്ന് എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു.

'രണ്ട് വനംവകുപ്പ് ജീവനക്കാരും നാല് സൈനികരും അടങ്ങുന്നതാണ് ആദ്യ സംഘം. നാല് കമാന്‍ഡോകളും രണ്ട് സൈനികരുമടങ്ങുന്നതാണ് രണ്ടാമത്തെ സംഘം. വനംവകുപ്പ് ജീവനക്കാരെ ഗൈഡുകളായാണ് സംഘത്തില്‍ എടുത്തിരിക്കുന്നത്. രണ്ട് സംഘങ്ങളേയും സൂചിപ്പാറ ഭാഗത്ത് എയര്‍ഡ്രോപ്പ് ചെയ്യും. സാധാരണ രീതിയില്‍ ചെന്നെത്താന്‍ പ്രയാസമുള്ള വനമേഖലകള്‍ക്ക് ഉള്ളിലേക്കുള്ള തിരച്ചിലാണ് ലക്ഷ്യം. ഇവിടെനിന്ന് മൃതദേഹങ്ങള്‍ കിട്ടിയാല്‍ എയര്‍ ലിഫ്റ്റ് ചെയ്യും. കോഴിക്കോടുനിന്ന് നേവിയുടെ ഹെലികോപ്റ്റര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണ്. അനുകൂല സാഹചര്യം അനുസരിച്ചാകും മിഷന്‍ ആരംഭിക്കുക', എ.ഡി.ജി.പി വ്യക്തമാക്കി.

പുഴയുടെ ഭാഗങ്ങളിലേക്ക് തിരച്ചില്‍ കൂടുതലായി കേന്ദ്രീകരിക്കുമെന്നും അതോടൊപ്പം മറ്റിടങ്ങളിലെ തിരച്ചിലും തുടരുമെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ പറഞ്ഞു. 'നേരത്തേ ആറ് സോണുകളായിട്ടായിരുന്നു തിരച്ചില്‍ നടത്തിവന്നത്. എന്നാല്‍, ഈ മേഖലകളില്‍നിന്ന് ഇപ്പോള്‍ മൃതദേഹങ്ങള്‍ കിട്ടുന്നത് കുറവാണ്. അതിനാലാണ് പുഴയുടെ ഭാഗങ്ങളിലേക്ക് കൂടുതല്‍ തിരച്ചില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന്. തിരച്ചില്‍നടത്തേണ്ട സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യുന്നുണ്ട്. 40 ടീമുകളാണ് നിലവില്‍ ദുരന്തമുഖത്ത് തിരച്ചിലിന് ഉള്ളത്. വിവിധ സേനാവിഭാഗങ്ങളിലെ 1300-ല്‍ അധികം അംഗങ്ങളും 1000-ല്‍ അധികം സന്നദ്ധപ്രവര്‍ത്തകരുമുണ്ട്', കളക്ടര്‍ പറഞ്ഞു.

കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്നലെയും ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയില്‍ കൂട്ടമായി സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്‌കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ രാത്രിയോടെയാണ് പൂര്‍ത്തിയായത്.