തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന കല്‍പ്പറ്റ എല്‍സ്റ്റ്ണ്‍ എസ്റ്റേറ്റ് ഭൂമിക്ക് 26.56 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് അതിവേഗം നിര്‍മ്മാണം തുടങ്ങാന്‍. അതിനിടെ പുന്നപ്പുഴയില്‍ അടിഞ്ഞൂകൂടിയ വന്‍ പാറക്കഷ്ണങ്ങളും കല്ലും മണലും ചരലും ചെളിയും മരങ്ങള്‍ അടക്കമുള്ളവയും നീക്കം ചെയ്യാന്‍ 195.55 കോടിയുടെ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്തു പുഴയുടെ ഒഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കം തടയുകയും പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുകയും പദ്ധതിയുടെ ഭാഗമാണ്. ജലവിഭവ വകുപ്പ് വഴി മുന്നോട്ടുവച്ച പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 529.5 കോടി രൂപയുടെ പലിശരഹിത വായ്പയായി അനുവദിച്ച കാപെക്‌സ് ഫണ്ടില്‍ നിന്ന് 65 കോടി രൂപ ചെലവഴിക്കും. ബാക്കി തുക സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കണ്ടെത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ആവശ്യപ്പെട്ടത് അനുസരിച്ച് പദ്ധതിക്കായി ജലവിഭവ വകുപ്പ് കോഴിക്കോട് പ്രോജക്ട് ഒന്നു വിഭാഗം ചീഫ് എന്‍ജിനീയര്‍ 107.95 കോടി രൂപയുടെ എസ്റ്റിമേറ്റാണു സമര്‍പ്പിച്ചത്. എന്നാല്‍, ഫെബ്രുവരി 13നു വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് പദ്ധതിയുടെ സ്‌പെഷല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ തീരുമാനപ്രകാരം പദ്ധതിക്കായി ഊരാളുങ്കലിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ഈ യോഗത്തിന്റെ തീരുമാനപ്രകാരം ജലസേചനവും അഡ്മിനിസ്‌ട്രേഷനും വിഭാഗം ചീഫ് എന്‍ജിനീയര്‍ പുന്നപ്പുഴയിലും മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ എസ്റ്റമേറ്റ് തുക 195.5 കോടി രൂപയായി പുതുക്കി. ടൗണ്‍ഷിപ്പ് നിര്‍മ്മാണവും ഊരാളുങ്കലിനാണ്. അങ്ങനെ അവര്‍ക്ക് കോളടിക്കുകയാണ്. ഇവിടെ നിന്നും നീക്കുന്ന പാറയും കല്ലും മണ്ണും എല്ലാം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനും ഊരാളുങ്കലിന് ഉപയോഗിക്കാം. അങ്ങനെ എല്ലാം അര്‍ത്ഥത്തിലും ഇരട്ടി നേട്ടം ഊരാളുങ്കലിന് ഉണ്ടാവുകയാണ്.

ജലവിഭവ വകുപ്പ് കോഴിക്കോട് പ്രോജക്ട് ഒന്നു വിഭാഗം ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ച 107.95 കോടി രൂപയുടെ എസ്റ്റിമേറ്റ് എന്തുകൊണ്ടാണ് ഇരട്ടിയില്‍ അധികം ഉയര്‍ത്തിയത് എന്ന ചോദ്യം പലവിധ സംശയങ്ങള്‍ക്കും ഇട നല്‍കുന്നുണ്ട്. എസ്റ്റമേറ്റ് തുക പുതുക്കലിലൂടെ ഖജനാവിന് 85 കോടിയുടെ അധിക നഷ്ടമാണ് ഉണ്ടാകുന്നത്. ഹൈക്കോടതി നിര്‍ദ്ദശം കൂടി മാനിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ തീരുമാനം. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനു വിശദ വില വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 26,56,10,769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് അനുവദിക്കുക. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴു കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠന ആവശ്യത്തിനായി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ധനസഹായം നല്‍കുക. വനിത -ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷാകര്‍ത്താവിന് ഓരോ മാസവും നല്‍കുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വഹണ യൂണിറ്റില്‍ വിവിധ തസ്തികകള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനിയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും. സ്റ്റാഫിന്റെ നിയമനം നടത്താനുള്ള നടപടി സ്വീകരിക്കാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷല്‍ ഓഫീസറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഈ നിയമനങ്ങള്‍ വിവാദത്തിലേക്ക് കടക്കും. പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനിയര്‍മാരുണ്ട്. ഇതിനിടെയാണ് ഇഷ്ടക്കാരെ പിന്‍വാതിലില്‍ നിയമക്കാനുള്ള തീരുമാനം. പാര്‍ട്ടി ബന്ധുക്കള്‍ക്കാകും ഇത്തരം നിയമനങ്ങള്‍ കിട്ടുകയെന്ന വാദം ഇപ്പോഴേ ഉയരുന്നുണ്ട്. അതായത് ഊരാളുങ്കലിന് കോടികള്‍ ഉറപ്പാക്കുന്നതിന് പുറമേ മറ്റ് ചില ഇഷ്ടക്കാര്‍ക്ക് ജോലിയുടെ ആനുകൂല്യവും സര്‍ക്കാര്‍ നല്‍കും.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ടൌണ്‍ഷിപ്പിന് സര്‍ക്കാര്‍ കണ്ടെത്തിയ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യമിനത്തില്‍ കിട്ടാനുള്ളത് 11 കോടിയിലേറെ രൂപയാണ്. ആനുകൂല്യങ്ങള്‍ അനുവദിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വരുന്ന 22 ന് തൊഴിലാളികള്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിക്കും. ആനുകൂല്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ എസ്റ്റേറ്റില്‍ നിന്ന് ഇറങ്ങില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. അടുത്ത 27 ന് തറക്കല്ലിടാനിരിക്കെ ആശങ്കയിലാണ് എസ്റ്റേറ്റിലെ തൊഴിലാളികള്‍. വര്‍ഷങ്ങളായി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങിയിട്ട്. പി.എഫും ബോണസും മെഡിക്കല്‍ ആനുകൂല്യങ്ങളെല്ലാം മുടങ്ങി. ഇതൊന്നും അനുവദിക്കാതെ ടൗണ്‍ഷിപ്പിന്റെ മറവില്‍ തങ്ങളെ പിരിച്ചു വിടാന്‍ നീക്കം നടക്കുന്നതായാണ് ആശങ്ക. തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ 22 ന് കലക്ട്രേറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തും

300 ഓളം തൊഴിലാളികള്‍ക്കായി 11 കോടിക്കു മുകളില്‍ ആനുകൂല്യങ്ങളാണ് ലഭിക്കാനുള്ളത്. തൊഴില്‍ നഷ്ടഭീതി വേറെയും. ഒരു തവണ പോലും തങ്ങളെ ചര്‍ച്ചക്കു വിളിച്ചില്ലെന്നും ആശങ്ക സര്‍ക്കാര്‍ പരിഗണിക്കണമെന്നുമാണ് ആവശ്യം. ടൗണ്‍ഷിപ്പിനെ സ്വാഗതം ചെയ്യുന്നുവെന്നും ആനുകൂല്യങ്ങള്‍ ലഭിക്കാതെ എസ്റ്റേറ്റില്‍ നിന്നിറങ്ങില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. ഇതില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. ടൗണ്‍ഷിപ് നിര്‍മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പറ്റ വില്ലേജില്‍ ബ്ലോക്ക് 19 ല്‍ റീസര്‍വേ നമ്പര്‍ 88/158, 88/159, 88/62 88/66, 88/137 എന്നിവയില്‍പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് പുറമെ, നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്.

രണ്ടു എസ്റ്റേറ്റുകളിലുമായി പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ് പദ്ധതിക്ക് ഈ മാസം 27ന് തറക്കല്ലിടുമെന്ന് മന്ത്രി കെ. രാജന്‍ കഴിഞ്ഞ 11ന് നിയമസഭയില്‍ അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടി 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.