ഛത്തർപൂർ: മധ്യപ്രദേശിലെ ഛത്തർപൂർ നഗരത്തിൽ ബിജെപി നേതാവ് റോഡരികിൽ തള്ളിയ മാലിന്യം തിരികെ വീട്ടുമുറ്റത്തേക്ക് കൊണ്ടിടാൻ ശുചീകരണ ജീവനക്കാർക്ക് നിർദ്ദേശം നൽകിയ ചീഫ് മുനിസിപ്പൽ ഓഫീസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട മധുരപലഹാരപ്പെട്ടികൾ, ഡിറ്റർജന്‍റ് പാക്കറ്റുകൾ, കടലാസുകൾ എന്നിവ ഉൾപ്പെട്ടതായിരുന്നു മാലിന്യം.

ഛത്തർപൂർ മുനിസിപ്പാലിറ്റിയിലെ ചീഫ് മുനിസിപ്പൽ ഓഫീസർ (സിഎംഒ) ശൈലേന്ദ്ര സിംഗാണ് ബിജെപി നേതാവ് മഹേഷ് റായിയുടെ വീടിന് പുറത്തെ റോഡിൽ തള്ളിയ മാലിന്യം വീട്ടുമുറ്റത്ത് നിക്ഷേപിക്കാൻ ഉത്തരവിട്ടത്. പതിവ് പരിശോധനയ്ക്കിടെയാണ് സിഎംഒയുടെ ശ്രദ്ധയിൽ മാലിന്യംപ്പെട്ടത്. തുടർന്ന്, ഒരു ശുചീകരണ തൊഴിലാളിയെ വിളിച്ച് 'അവന്‍റെ വീട്ടിലെ മാലിന്യം മുഴുവൻ അവന്‍റെ വീട്ടിൽ തന്നെ തള്ളൂ' എന്ന് സിഎംഒ ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

സംഭവം കണ്ടുനിന്ന ഒരാൾ പകർത്തിയ വീഡിയോ വ്യാപകമായതോടെ സിഎംഒയുടെ നടപടിക്ക് നിറഞ്ഞ കയ്യടി ലഭിച്ചു. നിയമം നടപ്പാക്കുന്നതിൽ അദ്ദേഹം കാണിച്ച നിസ്വാർത്ഥമായ സമീപനത്തെ പലരും പ്രശംസിച്ചു. 'രാഷ്ട്രീയക്കാർക്കും നിയമങ്ങൾ ബാധകമാണ്,' 'നിയമം നടപ്പാക്കാൻ ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെയാണ് നമുക്ക് വേണ്ടത്' എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഒരു രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് മാത്രം റോഡിൽ മാലിന്യം തള്ളാൻ ഇത് അനുവദിക്കുമോ എന്ന ചോദ്യവും ഉയർന്നു.

തന്‍റെ വീട്ടിൽ മാലിന്യം തള്ളിയെന്ന് ആരോപിച്ച് മഹേഷ് റായി ചീഫ് മുനിസിപ്പൽ ഓഫീസർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ മധ്യപ്രദേശ് ഭരിക്കുന്നത് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച "സ്വച്ഛ് ഭാരത്" (ശുചിത്വ ഇന്ത്യ) ക്യാമ്പെയിൻ്റെ പശ്ചാത്തലത്തിൽ ഇത്തരം നടപടികൾക്ക് വലിയ പ്രാധാന്യമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധ നേടുകയാണ്.