- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെനഫിറ്റുകള്‍ പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ കൈവയ്ക്കാന്‍ എലന്‍ മസ്‌ക്കിന് അധികാരം നല്‍കി ട്രംപ്; തോന്നിയതുപോലെ ഫണ്ട് കൈകാര്യം ചെയ്തവര്‍ ആശങ്കയില്‍; അമേരിക്ക തന്നെ സ്തംഭിക്കുമെന്ന് ആരോപിച്ച് ചിലര്‍
ബെനഫിറ്റുകള്‍ പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ കൈവയ്ക്കാന്‍ എലന്‍ മസ്‌ക്കിന് അധികാരം നല്‍കി ട്രംപ്
വാഷിങ്ടണ്‍: വിശ്വസ്തനായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന് സര്‍ക്കാര്‍ ഫണ്ടില്‍ കൈവെയ്ക്കാന്‍ അധികാരം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബെനഫിറ്റുകള്‍ പാഴാകുന്നത് തടയാനാണ് ഈ നടപടി എന്നാണ് ട്രംപ് അനുകൂലികള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ നിയമനത്തിലൂടെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ മുമ്പൊരിക്കലും ഇത്തരത്തില്‍ ഒരു ചുമതല വഹിച്ച ചരിത്രം അമേരിക്കയില്‍ ഇല്ല. സര്‍ക്കാര്‍ ഫണ്ടുകള്‍ നേരത്തേ തോന്നിയതു പോലെ ചെലവാക്കിയിരുന്ന പലരും ഇക്കാര്യത്തില്‍ ഇപ്പോള്‍ ആശങ്കയിലാണ്.
ആരോഗ്യ മേഖലയിലും സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി ട്രില്യണ്‍ ഡോളറാണ് മാറ്റി വെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടുമ്പോള്‍ എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ അത് അമേരിക്കയുടെ സാമ്പത്തിക മേഖലയെ മോശമായി ബാധിക്കും എന്നത് ഉറപ്പായ കാര്യമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌ക്കോട്ട് ബെസന്റ് മസ്‌ക്കിന് ഇത് സംബന്ധിച്ച ചുമതലകള്‍ നല്‍കിയത്.
ഓരോ വര്‍ഷവും അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇതിനായി ചെലവാക്കുമ്പോള്‍ പലപ്പോഴും ഫണ്ടുകള്‍ ശരിയായ തോതിലല്ല ചെലവഴിപ്പെടുന്നത് എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തന്റെ അതിവിശ്വസ്തനായ മസ്‌ക്കിന് ട്രംപ് ഈ പ്രത്യേക അധികാരം നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്. ആദ്യ ട്രംപ് സര്‍ക്കാരിന്റെ കാലത്തും ബൈഡന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇത്തരം സര്‍ക്കാര്‍ ഫണ്ടുകളുടെ ചുമതല വഹിച്ചിരുന്നത് ഡേവിഡ് ലെബ്രിക്ക് ആണ്.
ഇലോണ്‍ മസ്‌ക്കിനെ ഈ ചുമതല ഏല്‍പ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ലെബ്രിക്കിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം വിമരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അതേ സമയം മസ്‌ക്കിന് ഇത്തരത്തില്‍ നല്‍കിയ അധികാരത്തിന് എതിരെ വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവുകളില്‍ രണ്ട് ട്രില്യന്റെ കുറവ് വരുത്തണമെന്ന നിലപാടുകാരനാണ് മസ്‌ക്ക്.
ട്രംപും മസ്‌ക്കും ചേര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടിക്കണക്കിന് ഡോളറിന്റെ ഗ്രാന്റുകള്‍ ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ മരവിപ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത്തരമൊരു നീക്കത്തെ തടഞ്ഞിരുന്നു. അമേരിക്കന്‍ സര്‍ക്കാരുമായുള്ള ഇടമ്പടികളിലൂടെ മസ്‌ക്കിന്റെ സ്ഥാപനങ്ങള്‍ പ്രതിഫലം വാങ്ങുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും മസ്‌ക്കിന് ചുമതല നല്‍കിയത് അംഗീകരിക്കില്ല എന്നാണ് പ്രതിപക്ഷ നിലപാട്. അമേരിക്ക തന്നെ സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ തീരുമാനം എത്തിക്കുക എന്നാണ് മസ്‌ക്കിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.