തിരുവനന്തപുരം: ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ.ടി ഒഴിവായി, പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്നാണ് ഗോവിന്ദന്‍ വിശദീകരിച്ചത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിയുടെ സ്ഥാനം തെറിപ്പിക്കുന്നതിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗമാണ്. ഇവ പരിഗണിച്ചുകൊണ്ടാണ് മാറ്റത്തിന് തീരുമാനമെടുത്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് ഇ.പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അമാന്തം കാട്ടിയിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്‍ രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാല്‍ അവരാരും രാജിവെച്ചിട്ടില്ല. ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചാല്‍ കുറ്റവിമുക്തനായാല്‍ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പദവികളില്‍ നിന്ന് പികെ ശശിയെ പാര്‍ട്ടി ഒഴിവാക്കി. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാരിന്റെ ഭാഗമായുള്ള പദവിയാണ്.

ഇന്ത്യയിലാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കേരളത്തില്‍ ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത് ജുഡീഷ്യല്‍ കമ്മീഷനല്ല. ഹേമ കമ്മിറ്റി നല്‍കിയ ശുപാര്‍ശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സിനിമാ രംഗത്ത് ഐസിസി ആദ്യം തുടങിയത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോണ്‍ക്ലേവിന് എതിര്‍ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകും. നിയമനിര്‍മ്മാണവും ട്രിബ്യൂണലും അനിവാര്യമാണ്. ജസ്റ്റിസ് ഹേമ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്‌നം ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു അമാന്തവും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. ഭരണകക്ഷി എംഎല്‍എക്കെതിരെ പോലും കേസെടുത്തു. ഇത് രാജ്യത്തിന് മാതൃകയാണ്. ഗുസ്തി താരങ്ങളുടെ പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുകേഷ് രാജിവെക്കണമെന്ന നിലയില്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച നടത്തി. രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും സ്തീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. കേരളത്തില്‍ 2 എംഎല്‍എമാര്‍ക്കെതിരെ കേസുണ്ട്. ഒരാള്‍ ജയിലിലും കിടന്നു. എന്നിട്ടും 2 പേരും രാജിവെച്ചില്ല.

"ഗുസ്തി താരങ്ങളുടെ പരാതികള്‍ ഉയര്‍ന്നു വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നമുക്ക് എല്ലാവര്‍ക്കും അറിയാം. മണിപ്പൂരിലെ സ്ത്രീകളുടെ വിഷയത്തിലും കേന്ദ്രം സ്വീകരിച്ച നിലപാടും നമുക്ക് അറിയാം. ഇന്ത്യ രാജ്യത്ത് 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ബിജെപി 54, കോണ്‍ഗ്രസ് 23, ടിഡിപി 17, എഎപി 13 എന്നിങ്ങനെ വിവിധ കക്ഷികളില്‍ ഉള്ളവര്‍ പ്രതികളായിട്ടുണ്ട്. അവര്‍ ആരും എംപി, എംഎല്‍എ സ്ഥാനങ്ങള്‍ രാജിവച്ചില്ല. കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഇപ്പോള്‍ കേസുണ്ട്. ഒരാള്‍ ജയിലില്‍ തന്നെ കിടന്നു. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍, അനില്‍ കുമാര്‍, ശശി തരൂര്‍ തുടങ്ങിയവരുടെ പേരുകളിലെല്ലാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അവരാരും എംഎല്‍എ, എംപി പദങ്ങള്‍ രാജിവച്ചിട്ടില്ല. മന്ത്രിസ്ഥാനങ്ങള്‍ രാജിവച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം എക്‌സിക്യൂട്ടീവ് പദവിയാണ്. കുഞ്ഞാലിക്കുട്ടി ഇത്തരം കേസില്‍ പ്രതി ആയിരുന്നപ്പോള്‍ മന്ത്രി സ്ഥാനമാണ് രാജിവച്ചത്." ഗോവിന്ദന്‍ പറഞ്ഞു.

ജോസ് തെറ്റയില്‍, പി.ജെ. ജോസഫ്, നീല ലോഹിതദാസ് എന്നിവര്‍ മന്ത്രിസ്ഥാനമാണ് രാജിവച്ചത്. എംഎല്‍എ സ്ഥാനം രാജിവച്ചവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞാല്‍ അവരെ തിരിച്ചെടുക്കാന്‍ പറ്റില്ല. നിരപരാധിത്വം തെളിയിക്കാന്‍ പ്രതികള്‍ക്ക് അവസരം കൊടുക്കണമെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടത് ഈ അനുഭവത്തിലാണ്. കേസ് അന്വേഷണത്തില്‍ എംഎല്‍എയ്ക്ക് ആനുകൂല്യങ്ങളുണ്ടാകില്ല. നീതി എല്ലാവര്‍ക്കും ലഭ്യമാകണമെന്നാണ് പാര്‍ട്ടി നിലപാട്. ഏത് ഉന്നതനായാലും നിമയത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് പാര്‍ട്ടി നയമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ധാര്‍മികമായി മുകേഷ് രാജിവച്ചാല്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ധാര്‍മികമായി തിരിച്ചുവരാനാകില്ല. രാജിവയ്ക്കുന്നത് സാമാന്യ നീതിയുടെ നിഷേധമാണ്. സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നാണ് വി.ഡി. സതീശന്റെ നിലപാട്. അവസരം കിട്ടാന്‍ ചൂഷണത്തിനു നിന്നു കൊടുക്കണമെന്നാണ് സിമി റോസ്‌ബെല്‍ എന്ന മുന്‍ എഐസിസി അംഗം പറയുന്നത്. പ്രതീപ്പെടുത്താത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ ഗുഡ് ബുക്കില്‍ കയറിക്കൂടാന്‍ പറ്റിയില്ല. കോണ്‍ഗ്രസില്‍ പ്രായമായ സ്ത്രീകളെ പരിസഹിക്കുന്നു. സിനിമയെപ്പോലെ കോണ്‍ഗ്രസിലും പവര്‍ ഗ്രൂപ്പുണ്ടെന്നാണ് സിമി പറയുന്നത്. പവര്‍ ഗ്രൂപ്പില്‍ പ്രതിപക്ഷ നേതാവുമുണ്ടെന്നാണ് സിമി പറയുന്നു. വി.ഡി. സതീശന്‍ ഇക്കാര്യം വിശദീകരിക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.