തിരുവനന്തപുരം: വിവാദത്തില്‍ ഒപ്പംനിന്ന് പിന്തുണച്ചതിന് കേരളാ അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ (കാംകോ) ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് എംഡി എന്‍.പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും' എന്ന് കുറിപ്പില്‍ പ്രശാന്ത് പറയുന്നു.

എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍, ഓഫിസേഴ്സ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദിയെന്നും കുറിപ്പില്‍ പ്രശാന്ത് പറയുന്നു.

എന്‍.പ്രശാന്തിന്റെ കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്‍

കാംകോ മാനേജിങ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ടു മാസമേ ആയുള്ളൂ. ഇത്രയും സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ടു മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം. മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കും.

ഡോ.ജയതിലകും ഗോപാലകൃഷ്ണനും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാന്‍ നിങ്ങളുടെ എംഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം. ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍, ഓഫിസേഴ്സ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണം. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും.

നിയമ നടപടിയിലേക്ക്

സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിന് സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കുമെന്നാണ് വിവരം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും നടപടി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തിയതായാണ് സൂചന. അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ വിമര്‍ശിച്ചുകൊണ്ടുള്ള എന്‍. പ്രശാന്തിന്റെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍, അവയെകുറിച്ചുള്ള വാര്‍ത്തകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഉന്നതി സിഇഒ ആയി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഫയല്‍ മുക്കി എന്ന ആരോപണത്തിന് പിന്നില്‍ എ.ജയതിലകാണെന്നായിരുന്നെന്ന് ആരോപിച്ചാണ് എന്‍.പ്രശാന്ത്. അഡിഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. വിമര്‍ശനമല്ല, തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന വിസില്‍ ബ്്‌ളോവറുടെ ഭാഗമാണ് നിര്‍വഹിച്ചത് എന്നാണ് എന്‍.പ്രശാന്തിന്റെ വിശദീകരണം

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ആണുള്ളത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇരുവരും വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. ധന അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനാണ് പ്രശാന്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.