- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍സ കപ്പല്‍ അപകടത്തെ മാതൃഭൂമി എഡിറ്റര്‍ ലഘൂകരിക്കാന്‍ നിരന്തരം ശ്രമിച്ചു; കപ്പല്‍ക്കമ്പനിക്കെതിരായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വാര്‍ത്ത വന്നില്ല; ഡോ. ജയതിലക് പച്ചക്ക് നിയമം ലംഘിച്ച്, 16 വിലപ്പെട്ട ദിവസങ്ങളാണ് കപ്പല്‍ കമ്പനിക്കാര്‍ക്ക് വേണ്ടി തരപ്പെടുത്തി കൊടുത്തത്: ആരോപണങ്ങളുമായി എന്‍ പ്രശാന്ത്
എല്‍സ കപ്പല്‍ അപകടത്തെ മാതൃഭൂമി എഡിറ്റര്‍ ലഘൂകരിക്കാന്‍ നിരന്തരം ശ്രമിച്ചു
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി എന്‍ പ്രശാന്ത് ഐഎഎസ്. വിഴിഞ്ഞം തീരത്തുനിന്ന് പുറപ്പെട്ട് അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിന്റെ ദുരന്തം ചൂണ്ടിക്കാട്ടിയാണ് ഇക്കുറി പ്രശാന്ത് ഫേസ്ബുക്കില്‍ വിമര്‍ശന പോസ്റ്റ് എഴുതിയിരിക്കുന്നത്. മാതൃഭൂമി പത്രത്തെയും കുറ്റപ്പെടുത്തിയാണ് പ്രശാന്തിന്റെ കുറിപ്പ്. ദുരന്തത്തെ കപ്പല്‍ കമ്പനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലയിലേക്ക് ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉന്നതരും ചില മാധ്യമ പ്രമുഖരും കൈകോര്‍ത്തു എന്നാണ് പ്രശാന്തിന്റെ ആരോപണം.
മാതൃഭൂമി പത്രത്തിനെതിരെയാണ് പ്രശാന്ത് രംഗത്തുവന്നത്. കപ്പല്‍ അപകടം നടന്നയുടന്‍, കേരളത്തിന്റെ തീരദേശം വിഷമയമാക്കിയ ഈ ദുരന്തത്തെ 'ഹാപ്പി/ഗുഡ് ആക്‌സിഡന്റ്' എന്ന് വിളിച്ച് ആഘോഷിച്ചത് പ്രമുഖ മാധ്യമ സ്ഥാപനമായ മാതൃഭൂമിയുടെ എഡിറ്റര്‍ മനോജ് കെ. ദാസ്! 'ജീവനക്കാര്‍ രക്ഷപ്പെട്ടു, മുതലാളിക്ക് ഇന്‍ഷുറന്‍സുണ്ട്; പിന്നെന്താണ് പ്രശ്‌നം?' എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം നടത്തി. ഇത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയോടുള്ള അവഹേളനമായിരുന്നു എന്നാണ് പ്രശാന്തിന്റെ ആരോപണം.
അപകടം ഉണ്ടായ ഉടനെ എഫ്.ഐ.ആര്‍ ഇടേണ്ട എന്ന നിലപാട് സ്വീകരിച്ച ജയതിലക് കപ്പല്‍ കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നും ആരോപിക്കുന്നു. 'ഈ കമ്പനി നല്ല പേരും പെരുമയുമുള്ളതാണ്, അവരെ പിണക്കാന്‍ പാടില്ല' എന്നും കുറിപ്പില്‍ പറയുന്നു! ഇത്രയും വലിയ പാരിസ്ഥിതിക ദുരന്തമുണ്ടാക്കിയ കമ്പനിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ മുന്നിട്ടിറങ്ങിയെന്നും പ്രശാന്ത് ആരോപിക്കുന്നു.
ഡോ. ജയതിലക് പച്ചക്ക് നിയമം ലംഘിച്ച്, 16 വിലപ്പെട്ട ദിവസങ്ങളാണ് കപ്പല്‍ കമ്പനിക്കാര്‍ക്ക് വേണ്ടി തരപ്പെടുത്തിക്കൊടുത്തത് പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
'എല്‍സ കപ്പല്‍ ദുരന്തത്തില്‍ സന്തോഷം തോന്നുന്നവര്‍''
വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട എല്‍സ കപ്പല്‍ അപകടം നടന്നയുടന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍, അതായത് മാതൃഭൂമിയുടെ എഡിറ്റര്‍ മനോജ് കെ ദാസന്‍ ചാടിയിറങ്ങി ഇതൊക്കെ എന്ത്, ഇതൊന്നും ഒരു പ്രശ്‌നമേയല്ല എന്ന് പ്രഖ്യാപിച്ചു. ?''ഹാപ്പി/ഗുഡ് ആക്‌സിഡന്റ്'' (4.2 മിനുട്ട്) എന്നാണ് അയാള്‍ ഈ ഗുരുതരമായ ദുരന്തത്തെ വിളിച്ചത്. വളരെ ആശ്വാസവും സന്തോഷവും തോന്നിയത്രേ. കപ്പല്‍ ജീവനക്കാര്‍ക്ക് ഒന്നും സംഭവിക്കാത്തത് കൊണ്ടും കപ്പല്‍ മുതലാളിക്ക് ഇന്‍ഷുറന്‍സ് ഉള്ളത് കൊണ്ടും വേറെ ഒരു കുഴപ്പവും ഇല്ല പോലും.
കപ്പല്‍ മുതലാളിയുടെ നഷ്ടത്തിന് പകരം ഇന്‍ഷുറന്‍സ് കിട്ടിയാല്‍ തീരുന്നതല്ല സാധാരണക്കാരായ മത്സ്യതൊഴിലാളികളുടെ ജീവനോപാധി പ്രശ്‌നം എന്ന് മനസ്സിലാവാത്തപോലെ, അപകടത്തെ പറഞ്ഞ് ലഘൂകരിക്കാന്‍ നിരന്തര ശ്രമം. ഈ നരേറ്റീവ് സ്ഥാപിക്കാന്‍ തുടരെ തുടരെ വീഡിയോകള്‍.
കപ്പല്‍ക്കമ്പനിക്കെതിരായി സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് വിദഗ്ധരുമായി സംസാരിച്ച് ആദ്യ ദിനങ്ങളില്‍ തയ്യാറാക്കിയ മാതൃഭൂമി ലേഖകന്റെ വാര്‍ത്ത പിന്നീട് ആ പത്രത്തില്‍ വന്നില്ല. പ്രകൃതിക്കും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ആയിരക്കണക്കിന് കോടികളുടെ നഷ്ടമാണ് സത്യത്തില്‍ ഉണ്ടായത്. മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കും. വര്‍ഷങ്ങള്‍ കഴിയും തോറുമാണ് ദൂഷ്യഫലങ്ങള്‍ ശരിക്കും അനുഭവപ്പെടുക. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ചുമെല്ലാം വാര്‍ത്ത നല്കിയ ബ്യൂറോക്ക് പിന്നീട് സമ്പൂര്‍ണ്ണ നിയന്ത്രണം വന്നു. സ്വകാര്യ മാധ്യമസ്ഥാപനമല്ലേ, അവര്‍ക്ക് സ്വകാര്യതാല്പര്യങ്ങള്‍ ആവാം.
എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ ആയല്ലോ? കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം കിട്ടുന്നത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ ലംഘിക്കുന്നു എന്നും കുറ്റക്കാരായ കമ്പനിയുമായി ചേര്‍ന്ന് കേസ് തേച്ച് മായ്ക്കാന്‍ ശ്രമിക്കുന്നെന്നും കാണിച്ച് വിജിലന്‍സില്‍ പരാതി എത്തി. പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരമായ കോടികള്‍ കിട്ടാതാക്കാന്‍ തെളിവെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട് എന്ന് തെളിവ് സഹിതമുള്ള പരാതി. FIR ഇട്ട് ഉടന്‍ തെളിവെടുപ്പ് നടത്തുന്നതിന് പകരം തെളിവുകള്‍ ഇല്ലാതാക്കാന്‍ കമ്പനി അധികൃതര്‍ക്ക് സാവകാശം നല്‍കി. രാസവസ്തുക്കള്‍ അടങ്ങിയ ചരക്ക് കപ്പല്‍ കടലില്‍ മുങ്ങിക്കഴിഞ്ഞാല്‍ ഈ കപ്പല്‍ ഒന്ന് കൊണ്ട് മാത്രമാണ് വിഷാംശം വ്യാപിച്ചതെന്നും മത്സ്യസമ്പത്ത് ഇല്ലാതായതെന്നും തെളിയിക്കാന്‍ പാടാണ്. രേഖയില്‍ ഇല്ലാത്തതും മെറ്റീറ്റിയല്‍ റെലവന്‍സ് ഉള്ളതുമായ എല്ലാ തെളിവുകളും മാറ്റാന്‍ ഇതുവഴി സൗകര്യം ഒരുക്കി എന്നാണ് പരാതി. ഈ കഥയിലെ നായകന്‍ ആരാണെന്ന് നോക്കുമ്പോള്‍ മനോജ് കെ. ദാസന്റെ പ്രിയങ്കരനായ സുഹൃത്ത് ഡോ. ജയതിലക് തന്നെ!
ഇത്രയും വലിയ കപ്പല്‍ അപകടം സംഭവിച്ചിട്ടും അതില്‍ ഉടനെയൊന്നും FIR ഇടേണ്ടതില്ലെന്ന് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി രേഖാമൂലം നിര്‍ദ്ദേശം നല്‍കിയതിന്റെ രേഖയാണ് വിജിലന്‍സ് പരാതിയില്‍ കൊടുത്തിരിക്കുന്നത്. ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി എത്തിയ ശേഷമാണ് അവസാനം FIR രേഖപ്പെടുത്തിയത്. 16 ദിവസം കഴിഞ്ഞ്.
ക്രൈം നടന്നാല്‍, അത് അറിഞ്ഞ ഉടന്‍ FIR രേഖപ്പെടുത്തണം എന്ന് ലളിത കുമാരി കേസുള്‍പ്പെടെ (2014) അനവധി സുപ്രീം കോടതി വിധികള്‍ ധിക്കരിച്ച് കൊണ്ട് ഡോ. ജയതിലക് ഇറക്കിയ കുറിപ്പ് കണ്ടപ്പോള്‍ സത്യത്തില്‍ അല്‍ഭുതപ്പെട്ട് പോയി. സുപ്രീം കോടതിയെയോ നിയമ വ്യവസ്ഥയെയോ തെല്ലും ഭയമില്ലാത്ത മനുഷ്യന്‍. അദ്ദേഹം സ്വന്തം ലെറ്റര്‍ ഹെഡില്‍ സധൈര്യം ഒപ്പിട്ട് ദുരന്ത നിവാരണ വകുപ്പ് വഴി പോലീസിന് നല്‍കിയ നിര്‍ദ്ദേശം വായിക്കാം,
''എഫ്.ഐ.ആറ്. ഉടന്‍ രേഖപ്പെടുത്തേണ്ട കാര്യമില്ല. തല്‍ക്കാലം നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള തെളിവുകള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.'' (ഈ കമ്പനി നല്ല പേരും പെരുമയുമുള്ളതാണെന്നും അവരെ പിണക്കാന്‍ പാടില്ലെന്നും അടുത്ത വരിയിലുണ്ട്! ഷിപ്പിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് ഈ കമ്പനിയുടെ ഖ്യാതി നന്നായി അറിയാം!)
അതായത് FIR വരുന്നതിന് മുന്നേ തെളിവുകള്‍ മുഴുവന്‍ കൈവശപ്പെടുത്തണം എന്നാണ് കുറിപ്പില്‍ പറയുന്നത്. FIR ഇല്ലാതെ മഹസര്‍ തയ്യാറാക്കാനും സാമ്പിള്‍ എടുക്കാനും സാധിക്കില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്? ആ 16 ദിവസവും തെളിവുകള്‍ ആരാണ് കൈവശപ്പെടുത്തിയത്?
ഇപ്പോള്‍ ഹൈക്കോടതിയിലുള്ള ?9,531 കൊടിയുടെ അഡ്മിറാലിറ്റി സൂട്ട് സിവില്‍ സ്വഭാവമുള്ളതാണ്. ഇപ്പറയുന്ന പോലുള്ള നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് കപ്പല്‍ മുതലാളി. തെളിവുണ്ടോന്ന്! ക്രിമിനല്‍ ലയബിലിറ്റിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയ ''പേരും പെരുമയുള്ള'' ഈ കപ്പല്‍ കമ്പനിയുടെ ചരിത്രം നമ്മള്‍ അറിയണം. മുംബൈ ഹാര്‍ബറില്‍ MSC ചിത്ര എന്ന കപ്പല്‍ 2010 ല്‍ മുങ്ങി. ഉദ്യോഗസ്ഥര്‍ ഇതുപോലെ നന്നായി സഹകരിച്ചു. തീരദേശവാസികളുടെ നഷ്ടം ?520 കോടിയിലേറെ കണക്കാക്കി. പേരും പെരുമയുള്ള കമ്പനി ചെലവാക്കിയത് - തീരദേശം ഒന്ന് വൃത്തിയാക്കാന്‍- കഷ്ടിച്ച് ?1 കോടി. കൂടുതല്‍ പറയേണ്ടല്ലോ.
ഡോ. ജയതിലക് പച്ചക്ക് നിയമം ലംഘിച്ച്, 16 വിലപ്പെട്ട ദിവസങ്ങളാണ് കപ്പല്‍ കമ്പനിക്കാര്‍ക്ക് വേണ്ടി തരപ്പെടുത്തിക്കൊടുത്തത്. ആ 16 ദിവസത്തില്‍ നശിപ്പിച്ച തെളിവുകള്‍, അപകടസ്ഥലത്ത് നിന്ന് മാറ്റിയ കെമിക്കലുകള്‍, രേഖകള്‍ - ഇവയ്ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ മൂല്യമുണ്ട് എന്ന് മനസ്സിലാക്കുക. നിയമവശങ്ങളൊന്നും അറിയാത്ത പാവപ്പെട്ട മത്സ്യതൊഴിലാളികളെയും, തീരദേശവാസികളെയും പ്രകൃതിയെയും കടലിനെയും ഒറ്റി, മനസ്സാക്ഷിയില്ലാതെ ഉണ്ടാക്കുന്ന ഈ പണമൊക്കെ എന്ത് ചെയ്യും?




